മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായി ചെല്‍സി. 2-1നായിരുന്നു ചെല്‍സിയുടെ ജയം. നാല്പതാം മിനുട്ടില്‍ അന്റോയിന്‍ ഗ്രിസ്മാന്റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം പകുതിയിലാണ് പിറകില്‍ പോയത്. അമ്പത്തൊമ്പതാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയും ഇഞ്ചുറി ടൈമില്‍ ബാഷുയിയും സ്കോര്‍ ചെയ്തു.
മൊറാട്ടയുടെ അരങ്ങേറ്റം...
റയല്‍ മാഡ്രിഡില്‍ നിന്നെത്തിയ സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ മൊറാട്ട ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റത്തില്‍ തന്നെ ഗോളടിക്കുകയും ചെയ്തു. മത്സരത്തില്‍ ആറ് തവണ മൊറാട്ട ഗോളിലേക്ക് ലക്ഷ്യം വെച്ചു. ഒമ്പത് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് ഇതുവരെ ചെല്‍സിക്കായി നേടിയത്.
ഹോം ഗ്രൗണ്ടിലെ കരുത്ത്...
ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ 23 ഹോം മാച്ചുകളില്‍ പതിനെട്ടിലും ജയിച്ചിരുന്നു സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ്. ഇക്കാലയളവില്‍ ഒരു തവണ മാത്രമാണ് നാട്ടുകാര്‍ക്ക് മുന്നില്‍ അത്ലറ്റിക്കോ ചാമ്പ്യന്‍സ് ലീഗ് മത്സരം തോറ്റത്. 2015 സെപ്തംബറില്‍ പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയാണ് അട്ടിമറി സൃഷ്ടിച്ചത്. അതിന് ശേഷം ഇപ്പോള്‍ ചെല്‍സിയും.
സ്പെയ്നില്‍ ചെല്‍സിക്ക് കരുത്തേറും..
ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബുകളുടെ തട്ടകത്തില്‍ ചെല്‍സി അവസാനം കളിച്ച പത്ത് മത്സരങ്ങളിലും അപരാജിതരാണ്. മൂന്ന് ജയവും ഏഴ് സമനിലയും. അവസാന തോല്‍വി 2005 ല്‍ റയല്‍ ബെറ്റിസിനെതിരെ.