Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം തോല്‍വി, കിരീടം ചെല്‍സിയില്‍ നിന്നകലുന്നു... ഡബിളടിച്ച് ക്രിസ്റ്റിയുടെ ആഘോഷം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്തുകയെന്ന ചെല്‍സിയുടെ മോഹം കൂടുതല്‍ ദുഷ്‌കരമാവുമെന്ന് ഉറപ്പായി. കഴിഞ്ഞ മല്‍സരത്തില്‍ ബ്ലൂസിന് സീസണിലെ നാലാമത്തെ പരാജയം നേരിട്ടതോടെയാണിത്. എവേ മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡാണ് ഏകപക്ഷീയമായ ഒരു ഗോളിനു ചെല്‍സിയെ അട്ടിമറിച്ചത്.
ബാലണ്‍ ഡിയോര്‍ പുരസ്‌കാര നേട്ടം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ടഗോളോടെ ആഘോഷിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് മിന്നുന്ന വിജയം ആഘോഷിച്ചു. സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ കെട്ടുകെട്ടിച്ചത്.
ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ജയത്തോടെ മുന്നേറി. ഫ്രഞ്ച് ലീഗില്‍ കിരീട ഫേവറിറ്റുകളായ പിഎസ്ജിയും തകര്‍പ്പന്‍ വിജയം കൊയ്തു.

അന്തകനായി അര്‍നോട്ടോവിച്ച്

അന്തകനായി അര്‍നോട്ടോവിച്ച്

ആറാം മിനിറ്റില്‍ മാര്‍ക്കോ അര്‍നോട്ടോവിച്ച് നേടിയ ഗോളാണ് വെസ്റ്റ്ഹാമിനെതിരേ ചെല്‍സിയുടെ കഥ കഴിച്ചത്. പോയിന്റ് പട്ടികയില്‍ അവസാന മൂന്നില്‍ നില്‍ക്കുന്ന വെസ്റ്റ്ഹാമിനോടേറ്റ തോല്‍വി ചെല്‍സിക്ക് അപ്രതീക്ഷിത ഷോക്കായി മാറി. രണ്ടു ഗോള്‍ മാര്‍ജിനില്‍ ചെല്‍സി മല്‍സരത്തില്‍ തോല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ വെസ്റ്റ്ഹാമിന് അര്‍ഹിച്ച പെനല്‍റ്റി റഫറി നല്‍കിയില്ല.
ഈ സീസണില്‍ പരിശീലകസ്ഥാനത്തെത്തിയ ഡേവിഡ് മോയസിനു കീഴില്‍ വെസ്റ്റ്ഹാമിന്റെ ആദ്യ വിജയം കൂടിയാണിത്.
മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 5-1ന് സ്റ്റോക്ക് സിറ്റിയെയും ബേണ്‍ലി 1-0ന് വാട്‌ഫോര്‍ഡിനെയും ഹഡേഴ്‌സ്ഫീല്‍ഡ് 2-0ന് ബ്രൈറ്റണിനെയും സ്വാന്‍സി 1-0ന് വെസ്റ്റ്‌ബ്രോമിനെയും ലെസ്റ്റര്‍ സിറ്റി 3-2ന് ന്യൂകാസില്‍ യുനൈറ്റഡിനെയും തോല്‍പ്പിച്ചു.
16 മല്‍സരങ്ങൡ നിന്നും 32 പോയിന്റുമായി ചെല്‍സി പട്ടികയില്‍ മൂന്നാംസ്ഥാനത്ത് തുടരുകയാണ്. ഒരു മല്‍സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് 11 പോയിന്റിന്റെ ലീഡുമായി തലപ്പത്തു നില്‍ക്കുന്നത്.

 ഗ്ലാമര്‍ പോര് ഒപ്പത്തിനൊപ്പം

ഗ്ലാമര്‍ പോര് ഒപ്പത്തിനൊപ്പം

ഇറ്റാലിയന്‍ ലീഗില്‍ ഏവരും ഉറ്റുനോക്കിയ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടം ഗോള്‍രഹിതമായി അവസാനിച്ചു. നിലവിലെ ജേതാക്കളായ യുവന്റസും മുന്‍ വിജയികളായ ഇന്റര്‍മിലാനും തമ്മിലുള്ള മല്‍സരമാണ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞത്.
ഇന്റര്‍ ഗോളി ഹാന്‍ഡനോവിച്ചിന്റെ തകര്‍പ്പന്‍ സേവുകളാണ് യുവന്റസിനെ വലച്ചത്. ഗോളിലേക്ക് 19 ഷോട്ടുകള്‍ യുവന്റസ് പരീക്ഷിച്ചെങ്കിലും ഗോളിയെ മറികടക്കാനായില്ല. കളി സമനിലയില്‍ ആയെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്റര്‍ തലപ്പത്ത് തുടരുകയാണ്.
40 പോയിന്റോടെയാണ് ഇന്റര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. രണ്ടു പോയിന്റ് പിന്നിലായി യുവന്റസ് രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാംസ്ഥാനത്തുള്ള നാപ്പോളിക്കു ഞായറാഴ്ച രാത്രി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ഇന്ററിനെ പിന്തള്ളി ഒന്നാംസ്ഥാനത്ത് തിരിച്ചെത്താനാവും. യുവന്റസിനെ കൂടാതെ നാപ്പോളിക്കും 38 പോയിന്റാണുള്ളത്.

 ബയേണിന്റെ കുതിപ്പ്

ബയേണിന്റെ കുതിപ്പ്

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എതിരാളികള്‍ക്കു പിടികൊടുക്കാതെ മറ്റൊരു കിരീടവിജയത്തിലേക്കുള്ള കുതിപ്പിലാണ്. 15ാം റൗണ്ട് മല്‍സരത്തില്‍ ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ ബയേണ്‍ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു.
എന്നാല്‍ ബയേണിന്റെ പ്രധാന എതിരാളികളിലൊന്നായ ബൊറൂസ്യ ഡോട്മുണ്ടിനു അപ്രതീക്ഷിത തോല്‍വി നേരിട്ടു. വെര്‍ഡര്‍ ബ്രെമന്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഡോട്മുണ്ടിനെ അടിയറവ് പറയിക്കുകയായിരുന്നു.
20ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാല്‍ നേടിയ ഗോളാണ് ഫ്രാങ്ക്ഫര്‍ട്ടിനെതിരേ ബയേണിനു നേരിയ വിജയം സമ്മാനിച്ചത്.
35 പോയിന്റുമായാണ് ബയേണ്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള ലെയ്പ്ഷിഗ് എട്ടു പോയിന്റ് പിന്നിലാണ്. ഏഴാം സ്ഥാനത്താണ് ഡോട്മുണ്ട്.

അതിവേഗം, ബഹുദൂരം... പിഎസ്ജി

അതിവേഗം, ബഹുദൂരം... പിഎസ്ജി

ഫ്രഞ്ച് ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പിഎസ്ജി കിരീടത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ ലില്ലെയെ പിഎസ്ജി 3-1ന് തുരത്തി. എയ്ഞ്ചല്‍ ഡി മരിയ, ജാവിയര്‍ പാസ്റ്റോറെ, കെയ്‌ലിയന്‍ എംബപ്പെ എന്നിവരാണ് പിഎസ്ജി സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോ 3-2നു ട്രോയസിനെ തോല്‍പ്പിച്ചു.
17 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 44 പോയിന്റോടെ ഒന്നാമതുള്ള പിഎസ്ജി ഏറെ മുന്നിലാണ്. രണ്ടാമതുള്ള മൊണാക്കോയ്ക്ക് 35 പോയിന്റേയുള്ളൂ.

സൂപ്പര്‍ ക്രിസ്റ്റി

സൂപ്പര്‍ ക്രിസ്റ്റി

തുടര്‍ച്ചയായി രണ്ടാം തവണയും കരിയറില്‍ അഞ്ചാം തവണയും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഈ നേട്ടം ഗ്രൗണ്ടിലാണ് ആഘോഷിച്ചത്. ശക്തരായ സെവിയ്യയെ റയല്‍ സ്വന്തം മൈതാനത്ത് 5-0ന് മുക്കിയപ്പോള്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത് ക്രിസ്റ്റിയായിരുന്നു.
23, 31 മിനിറ്റുകളിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോളുകള്‍. രണ്ടാം ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. നാച്ചോ, ടോണി ക്രൂസ്, ഹാക്കിമി എന്നിവരും ഓരോ ഗോളുകള്‍ വീതം നേടി.
തന്റെ അഞ്ചു ബാലണ്‍ ഡിയോര്‍ ട്രോഫികളും മല്‍സരത്തിനു മുമ്പ് ക്രിസ്റ്റ്യാനോ ഗ്രൗണ്ടില്‍ കാണികള്‍ക്കു മുന്നില്‍ അണിനിരത്തിയപ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചു.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ 2-1ന് സെല്‍റ്റാവിഗോയെ പരാജയപ്പെടുത്തി.

Story first published: Sunday, December 10, 2017, 8:48 [IST]
Other articles published on Dec 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+