ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനം ഹോട്‌സ്പര്‍. കഴിഞ്ഞദിവസം നടന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തിന്റെ രണ്ടാംപാദത്തില്‍ ടോട്ടനെ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ 3-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചതോടെയാണ് ടോട്ടനം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഇരുപാദങ്ങളിലുമായി രണ്ടു ടീമുകളും 3-3 എന്ന നിലയില്‍ തുല്യതയിലായെങ്കിലും എതിര്‍തട്ടകത്തിലെ 3 ഗോളുകള്‍ ടോട്ടനത്തിന് തുണയായി.
ടോട്ടനവും ഫൈനലിലെത്തിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ഇംഗ്ലീഷ് ടീമുകളുടെ കലാശക്കളിക്ക് അരങ്ങുതെളിഞ്ഞു. തോല്‍വി ഉറപ്പാക്കിയ ടോട്ടനം അവസാന സെക്കന്റില്‍ നേടിയ ഗോളിലൂടെയാണ് ഫൈനലിലെത്തുന്നത്. ലൂക്കാസ് മൗറ ടോട്ടനത്തിനായി ഹാട്രിക് നേടി. 90+6 -ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടിയ മൗറ അയാക്‌സിന്റെ ആരാധകരെ അവസാനനിമിഷം ഞെട്ടിക്കുകയായിരുന്നു. ഇതാദ്യമായാണ് ടോട്ടനം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്.

അത്യുജ്വല തിരിച്ചുവരവാണ് ടോട്ടനം നടത്തിയതെന്നുപറയാം. ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം അഞ്ചാം മിനിറ്റില്‍ മാത്യാസ് ഡിലിറ്റിന്റെ ഗോളിലൂടെ രണ്ടുഗോളുകള്‍ക്ക് പിന്നിലായി. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടയില്‍ അയാക്‌സ് 35-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍കൂടി നേടിയതോടെ ടോട്ടനം തോല്‍ക്കുമെന്നുറപ്പിച്ചിരുന്നു. ഹക്കിം സിയേച്ച് ആണ് ഗോള്‍ സ്‌കോറര്‍.
എന്നാല്‍ 55-ാം മിനിറ്റിലും, 59-ാം മിനിറ്റിലും മൗറ ഗോള്‍ നേടിയതോടെ ടോട്ടനം ജയംമണത്തു. രണ്ടാംപകുതിയില്‍ കളിയില്‍ മേധാവിത്വം കാട്ടിയ ടോട്ടനം തുടരെ ആക്രമങ്ങള്‍ അഴിച്ചുവിട്ടു. കീപ്പര്‍ ഒനാനയുടെ മിടുക്കാണ് അയാക്‌സിനെ പലപ്പോഴും രക്ഷിച്ചെടുത്തത്. കടുത്ത സമ്മര്‍ദ്ദത്തിലായ അയാക്‌സിന് അവസാന നിമിഷത്തെ ഗോള്‍ ഞെട്ടിക്കുകതന്നെ ചെയ്തു. ടോട്ടനവും ഫൈനലിലെത്തിയതോടെ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഇംഗ്ലണ്ടിലെത്തുമെന്നുറപ്പായി.