
റയലിനെ ഞെട്ടിച്ച് വിദാല്‍...
ആദ്യപകുതിയില്‍ ബയേണ്‍ മ്യൂണിക് 1-0ന് മുന്നിലായിരുന്നു. ഇരുപത്തഞ്ചാം മിനുട്ടില്‍ ചിലി താരം ആര്‍തുറോ വിദാല്‍ ബയേണിന് ലീഡ് നേടിക്കൊടുത്തു. ഹെഡര്‍ ഗോളായിരുന്നു ഇത്.

വിദാല്‍ വില്ലനാകുന്നു....
അധികം വൈകാതെ ബയേണിന് പെനാല്‍റ്റി ലഭിച്ചു. വിദാല്‍ എടുത്ത കിക്ക് പുറത്തേക്കാണ് പോയത്. കരിയറിലെ അഞ്ചാം പെനാല്‍റ്റിയാണ് വിദാല്‍ പാഴാക്കിയത്. ഇത് ഗോളായിരുന്നെങ്കില്‍ 2-0ന് ബയേണിന് ലീഡ് നേടാമായിരുന്നു. റയലിനെതിരെ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമാണ് വിദാലിന്റെ പിഴവില്‍ ബയേണിന് നഷ്ടമായത്.

ലെവന്‍ഡോസ്‌കി ഇല്ലാതെ...
പരുക്കേറ്റ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയെ കൂടാതെയാണ് ബയേണ്‍ കളിക്കാനിറങ്ങിയത്. സീസണില്‍ നാല്‍പത് മത്സരങ്ങളില്‍ മുപ്പത്തെട്ട് ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കിയുടെ അഭാവം ബയേണിന്റെ മുന്‍നിരയില്‍ പ്രകടമായിരുന്നു.

ക്രിസ്റ്റ്യാനോയിലൂടെ റയല്‍ തിരിച്ചടിച്ചു....
ആദ്യ പകുതിയില്‍ സിനദിന്‍ സിദാന്റെ പരിശീലക തന്ത്രങ്ങളൊന്നും കാര്‍ലോ ആഞ്ചലോട്ടിയുടെ ബയേണിന് മുന്നില്‍ വിലപോയില്ല.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഫിനിഷിംഗ് പവറില്‍ റയല്‍ തിരിച്ചു വന്നു. നാല്‍പ്പത്തേഴാം മിനുട്ടിലാണ് സമനില ഗോള്‍. ഡാനി കര്‍വായാല്‍ വലത് ബോക്‌സിന് പുറത്ത് വെച്ച് നല്‍കിയ ഒരു പവര്‍ ക്രോസ് ബോള്‍ ഫസ്റ്റ് ടൈം പ്ലെയ്‌സിംഗിലൂടെ ക്രിസ്റ്റ്യാനോ വലയിലെത്തിച്ചു.

എഴുപത്തേഴാം മിനുട്ടില്‍ രണ്ടാം ഗോള്‍.
പകരക്കാരനായിറങ്ങിയ മാര്‍കോ അസെന്‍സിയോ ഇടത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസ് ബോള്‍ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്‍ഡറെ മറികടന്ന് ക്രിസ്റ്റ്യാനോ ഫസ്റ്റ് ടൈം ടച്ചില്‍ വലയിലെത്തിച്ചു. ഇത്തവണ ബയേണിന്റെ വിഖ്യാത ഗോളി മാനുവല്‍ ന്യുവറിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് ചോര്‍ന്നു.

ക്രിസ്റ്റിയാനോക്ക് നൂറാംഗോള്‍...
യൂറോപ്പിലെ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ക്രിസ്റ്റ്യാനോ നൂറ് ഗോളുകള്‍ തികച്ചു. ബയേണിനെതിരെ എഴുപത്തേഴാം മിനുട്ടിലെ ഗോളാണ് ചരിത്രമായത്. 143 മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗല്‍ താരം നൂറ് ഗോളുകളിലെത്തിയത്.

മാര്‍ട്ടിനെസിന് ചുവപ്പ് കാര്‍ഡ്...
ബയേണിന്റെ ജാവി മാര്‍ട്ടിനെസ് രണ്ട് മഞ്ഞക്കാര്‍ഡുമായി കളംവിട്ടു. അറുപത്തൊന്നാം മിനുട്ടിലാണ് മാര്‍ട്ടിനെസ് റെഡ് കാര്‍ഡ് കണ്ടത്.

ഗ്രിസ്മാന്റെ ഗോളില്‍ അത്‌ലറ്റിക്കോ
ലെസ്റ്റര്‍ സിറ്റിക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയഗോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ പെനാല്‍റ്റിയിലൂടെ നേടി. സീസണില്‍ നാല്‍പ്പത്തിമൂന്നാം മത്സരത്തിനിറങ്ങിയ ഗ്രിസ്മാന്‍ നേടുന്ന ഇരുപത്തിനാലാംഗോളാണിത്.

മൊണാക്കോ ജയം എംബാപ്പെയിലൂടെ..
പ്രമുഖ ക്ലബ്ബുകളെല്ലാം റാഞ്ചാന്‍ ആഗ്രഹിക്കുന്ന താരമായി വളര്‍ന്നു കഴിഞ്ഞ കിലിയന്‍ എംബാപ്പെ ബൊറുസിയ ഡോട്മുണ്ടിനെതിരെ മൊണാക്കോ നേടിയവിജയത്തില്‍ ഇരട്ട ഗോളുകളുമായി താരമായി. 19, 79 മിനുട്ടുകളിലായിരുന്നു സ്‌കോറിംഗ്. ബെന്‍ഡറിന്റെ മുപ്പത്തഞ്ചാം മിനുട്ടിലെ സെല്‍ഫ് ഗോളും മൊണാക്കോക്ക് തുണയായി.
ഡെംബെലെ (57), കഗാവ (84) ഡോട്മുണ്ടിനായി ലക്ഷ്യം കണ്ടു.

ഗോള്‍ നില
ബയേണ്‍ മ്യൂണിക് 1-2 റയല്‍ മാഡ്രിഡ്
അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 ലെസ്റ്റര്‍ സിറ്റി
ബൊറുസിയ ഡോട്മുണ്ട് 2-3 മൊണാക്കോ


Click it and Unblock the Notifications














