മാഞ്ചസ്റ്റര്‍: പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും ലൂയിസ് എന്റിക്വെയുടെ ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം ഇന്ന് രാത്രി പന്ത്രണ്ടര മണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തിന് കിക്കോഫ്.
ഗ്രൂപ്പ് സിയില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ പാദം ബാഴ്‌സയുടെ തട്ടകത്തില്‍ വെച്ചായിരുന്നു. നൗകാംപിലെ തീക്കളിയില്‍ 4-0ന് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പലായിരുന്നു. മെസിയുടെ ഹാട്രിക്കായിരുന്നു ആദ്യ പാദത്തില്‍ സിറ്റിയെ തകര്‍ത്തു കളഞ്ഞത്. നെയ്മറും ഗോളടിച്ചിരുന്നു.

മെസിയും സുവാരസും നെയ്മറും ചേരുന്ന അറ്റാക്കിംഗ് നിര രൗദ്രഭാവം സ്വീകരിച്ചാല്‍ രക്ഷയില്ലെന്ന് സിറ്റിയുടെ കോച്ച് പെപ് ഗോര്‍ഡിയോളക്ക് വ്യക്തമായറിയാം. അതുകൊണ്ട് തന്നെ മുന്‍ ബാഴ്‌സലോണ കോച്ച് തന്റെ കളി സംഘത്തോട് പറയുന്നത് കരുതിയിരിക്കുവാനാണ്. ഫൈനല്‍ കളിക്കുന്നതിന്റെ ജാഗ്രതയുണ്ടാകണം, കിരീടപ്പോരിന്റെ വീര്യം പ്രകടിപ്പിക്കണം, ഇല്ലെങ്കില്‍ സ്പാനിഷ് ടീമിനെ വീഴ്ത്തുക പ്രയാസമാകുമെന്ന് ഗോര്‍ഡിയോള ഓര്‍മപ്പെടുത്തുന്നു.
ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് സിറ്റിക്കുള്ളത്. മൂന്ന് കളിയും ജയിച്ച് ബാഴ്‌സലോണ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാചും ഒരു പോയിന്റുമായി നാലാം സ്ഥാനത്തുള്ള സെല്‍റ്റിക്കും സിറ്റിയുടെ വഴിയില്‍ തടസം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ജര്‍മന്‍ ക്ലബ്ബിനെതിരെ ഹോംഗ്രൗണ്ടില്‍ 4-0ന് നേടിയ ജയം മാത്രമാണ് സിറ്റിക്ക് എടുത്തു പറയാനുള്ളത്. സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ 3-3ന് സമനിലയായിരുന്നു ഫലം.
ബാഴ്‌സലോണയുമായി യൂറോപ്പില്‍ മുഖാമുഖം വന്നപ്പോഴൊന്നും മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്ല ഓര്‍മകള്‍ ഇല്ല. അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എല്ലാ കളിയിലും തോല്‍വി തന്നെ. 2014, 2015 സീസണുകളില്‍ പ്രീക്വാര്‍ട്ടറിലായിരുന്നു ഇവര്‍ മുഖാമുഖം വന്നത്.