For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Mykhel Exclusive: വിസ്മയിപ്പിക്കാന്‍ വിനീത്, തൃശൂരിനൊപ്പം; പ്രതീക്ഷകള്‍ പങ്കുവെച്ച് സൂപ്പര്‍താരം

കണ്ണൂര്‍: കേരളത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ പുതിയ അധ്യായമാകാന്‍ തയ്യാറെടുക്കുകയാണ് സൂപ്പര്‍ ലീഗ് കേരള. ഐഎസ്എല്ലിന്റെ ആരവങ്ങള്‍ക്കിടയില്‍ ഒതുക്കപ്പെട്ടു പോകാതെ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ അഭിമാന ലീഗാവാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ ലീഗ്. കേരളത്തിലെ ഫുട്ബോള്‍ താരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള ചവിട്ടുപടിയാകാന്‍ സൂപ്പര്‍ ലീഗിന് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ യുവ പ്രതിഭകളോടൊപ്പം ആരാധകര്‍ നെഞ്ചേറ്റുന്ന ചില സീനിയര്‍ താരങ്ങളും സൂപ്പര്‍ ലീഗില്‍ ബൂട്ടുകെട്ടുമ്പോള്‍ ഇനി ആവേശത്തിന്റെ നിമിഷങ്ങളാവും കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നതെന്ന് പറയാം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സി കെ വിനീത് വീണ്ടും പ്രൊഫഷണല്‍ ഫുട്ബോളില്‍ ബൂട്ട് കെട്ടാന്‍ പോവുകയാണ്. സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിക്കായാണ് വിനീത് കളിക്കുന്നത്.

ck vineeth

ഇടവേളക്ക് ശേഷം വീണ്ടും കളത്തിലിറങ്ങാന്‍ പോകുന്ന വിനിത് സൂപ്പര്‍ ലീഗ് കേരളയെക്കുറിച്ചുള്ള പ്രതീക്ഷകളും ഭാവി പദ്ധതികളും മൈഖേല്‍ മലയാളത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

യുവ താരങ്ങള്‍ക്കുള്ള വലിയ അവസരം

സൂപ്പര്‍ ലീഗിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വ്യക്തിപരമായ നേട്ടങ്ങളെക്കാളുപരി കേരളത്തിലെ യുവ ഫുട്ബോള്‍ താരങ്ങള്‍ക്ക് വലിയ അവസരമാണ് സൂപ്പര്‍ ലീഗിലൂടെ ലഭിക്കുന്നത്. കേരളത്തില്‍ നിലവില്‍ അധികം അവസരങ്ങള്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. ദേശീയ തലത്തില്‍ ശ്രദ്ധ നേടാന്‍ ഐഎസ്എല്ലിലൂടെ മാത്രമെ സാധിക്കൂ. ഇതില്‍ കളിക്കുന്ന കേരള താരങ്ങള്‍ വളരെ ചുരുക്കമാണ്. എന്നാല്‍ സൂപ്പര്‍ ലീഗ് യുവതാരങ്ങള്‍ക്ക് വലിയ അവസരം ഒരുക്കുന്നു.

ഏകദേശം കേരളത്തിലെ 90ഓളം യുവതാരങ്ങള്‍ക്കാണ് പ്രഥമ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഇത് വലിയൊരു കാര്യമാണ്. ടൂര്‍ണമെന്റിന്റെ ഭാവി ഇപ്പോള്‍ വിലയിരുത്താന്‍ സാധിക്കില്ല. എന്നാല്‍ യുവതാരങ്ങളെ സംബന്ധിച്ച് മുന്നോട്ട് വരാനുള്ള വലിയ അവസരമാണ് സൂപ്പര്‍ ലീഗ് കേരളയിലൂടെ ലഭിക്കുന്നതെന്നാണ് വിനീത് പറയുന്നത്.

എന്തുകൊണ്ട് ഇടവേളയെടുത്തു

പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് രണ്ട് വര്‍ഷത്തോളം ഇടവേളയെടുത്ത ശേഷമാണ് വിനീതിന്റെ തിരിച്ചുവരവ്. ഇടവേളയെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും താരം പ്രതികരിച്ചു. 'ഫുട്ബോള്‍ ക്ലബ്ബുകളില്‍ നിന്നുള്ള ചില മോശം അനുഭവങ്ങളെത്തുടര്‍ന്നാണ് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നത്. നിലവില്‍ അക്കാദമി പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. അണ്ടര്‍ 16 താരങ്ങളുടെ അക്കാദമിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഇനിയും കളി തുടരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്' വിനീത് പറഞ്ഞു.

ഫിറ്റ്നസ് പ്രശ്നങ്ങള്‍ ബാധിച്ചിട്ടില്ല

ഇടവേളക്ക് ശേഷം തിരിച്ചുവരുമ്പോള്‍ ഫിറ്റ്നസ് കാര്യമായ പ്രശ്നം സൃഷ്ടിച്ചിട്ടില്ല. കാരണം ഇടവേളയിലും ഫുട്ബോള്‍ അക്കാദമിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പരിശീലനവും ജിമ്മിലെ വര്‍ക്കൗട്ടും മുടക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ വീണ്ടും ബൂട്ടണിയുമ്പോഴും ഫിറ്റ്നസ് പ്രശ്നമായി തോന്നുന്നില്ല. ഇപ്പോഴും ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും. മികച്ചൊരു സീസണാണ് പ്രതീക്ഷിക്കുന്നത്.

തോല്‍വിയും ആരാധകര്‍ അംഗീകരിക്കണം

കേരളത്തിലെ ഫുട്ബോള്‍ ആരാധകരിലെ ഒരു പക്ഷം ജയിക്കുമ്പോള്‍ മാത്രം ഒപ്പം നില്‍ക്കുന്നവരാണ്. തോല്‍ക്കുമ്പോള്‍ ഇവരുടെ പിന്തുണ ലഭിക്കുന്നില്ല. ഇത് ഐഎസ്എല്ലില്‍ കാര്യമായി ബാധിച്ചിരുന്നു. ഒരു പറ്റം ആരാധകര്‍ താരങ്ങളെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്നു.

ഞാനടക്കമുള്ള പല താരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം ഞാന്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുമ്പോഴുണ്ടായ പ്രശ്നങ്ങളോട് പ്രതികരിച്ചത് ഞാന്‍ മാത്രമായിരുന്നു. ആരാധകരുടെ അതിരുവിട്ട അധിക്ഷേപങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ക്കൊപ്പം നിന്നില്ല. അവര്‍ ഇതിനെ ഗൗരവമായി കണ്ടില്ലെന്നതാണ് വസ്തുത.

ഏറ്റവും ഇഷ്ടം തോന്നിയ ക്ലബ്ബ് ബംഗളൂരുവാണ്

സ്വന്തം നാട്ടിലെ ടീമെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള നിമിഷങ്ങള്‍ അഭിമാനം തോന്നുന്നതായിരുന്നു. എന്നാല്‍ ഏറ്റവും സന്തോഷത്തോടെ കളിച്ചത് ബംഗളൂരു എഫ്സിയിലാണ്.

ck vineeth

ഐ ലീഗില്‍ കളിച്ച നിമിഷങ്ങളെല്ലാം വളരെ നല്ല ഓര്‍മകള്‍ നല്‍കിയതാണ്. പ്രൊഫഷനലെന്ന നിലയില്‍ വലിയ പിന്തുണ ബംഗളൂരു ടീമില്‍ ലഭിച്ചു. മറ്റൊരു ടീമിലും ഇത്തരമൊരു പിന്തുണയില്ലായിരുന്നു. അതുകൊണ്ടുതന്നെ മനോഹരമായ ഓര്‍മകള്‍ ബംഗളൂരുവിനൊപ്പമാണ്

തൃശൂര്‍ ടീമിനൊപ്പം കസറണം

തൃശൂര്‍ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. മികച്ചൊരു സീസണ്‍ മുന്നിലുണ്ട്. മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയുണ്ട്. മികച്ച യുവതാരങ്ങള്‍ തൃശൂര്‍ ടീമിനൊപ്പമുണ്ട്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനെ ആകാംക്ഷയോടും സന്തോഷത്തോടെയുമാണ് കാണുന്നത്. ഇതിനോടകം പരിശീലന ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. മികച്ച മുന്നൊരുക്കത്തോടെയാണ് സൂപ്പര്‍ ലീഗില്‍ കളിക്കാനിറങ്ങുന്നത്.

പരിശീലക റോളിലേക്കെത്തുമോ

കളിക്കാരനെന്ന നിലയില്‍ ഇടവേളയെടുത്തപ്പോള്‍ അക്കാദമി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ പരിശീലകനെന്ന നിലയിലേക്ക് കരിയര്‍ മാറ്റാനുള്ള പദ്ധതികളൊന്നും നിലവിലില്ല. ഭാവിയില്‍ സാഹചര്യം വിലയിരുത്തിയാവും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. നിലവില്‍ പരിശീലകനാവുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല.

തൃശൂരിന്റെ ആദ്യ മത്സരം കണ്ണൂരിനെതിരേ

തൃശൂരിന്റെ ആദ്യ എതിരാളി കണ്ണൂരാണ്. സെപ്തംബര്‍ 9ന് ഹോം മത്സരത്തോടെയാണ് തൃശൂര്‍ സൂപ്പര്‍ ലീഗിലെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. മലപ്പുറം ജില്ലാ സ്പോര്‍ട്സ് കോംപ്ലെക്സ് സ്റ്റേഡിയമാണ് തൃശൂരിന്റെ ഹോം ഗ്രൗണ്ട്. ആദ്യ എവേ മത്സരത്തില്‍ കാലിക്കറ്റാണ് തൃശൂരിന്റെ എതിരാളികള്‍. തൃശൂരിന്റെ അവസാന മത്സരം ഒക്ടോബര്‍ 29ന് കൊച്ചിക്കെതിരേയാണ്. നവംബര്‍ 5,6 തീയ്യതികളിലാണ് സെമി ഫൈനല്‍. ഫൈനല്‍ മത്സരം നവംബര്‍ 10നാണ് നടക്കുന്നത്.

Story first published: Tuesday, August 27, 2024, 12:36 [IST]
Other articles published on Aug 27, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+