ബ്രസീലിയ: ഒരു തോല്‍വി, കാമറൂണിനെതിരെ ഒരു തോല്‍വി ബ്രസീലിന് വേണ്ട. ലോകകപ്പില്‍ നിന്നും പുറത്താകില്ല ഏറെക്കുറെ ഉറപ്പാണ് എന്നാലും മികച്ച കളിയോടെ പ്രീ ക്വാര്‍ട്ടറിലെത്താനാണ് ആതിഥേയരുടെ ആഗ്രഹം. ഗ്രൂപ്പ് എ യിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ ടീമായ കാമറൂണാണ് ബ്രസീലിന് എതിരാളികള്‍. പേരിന് ചേര്‍ന്ന കളി കളത്തില്‍ കാട്ടാത്ത കാമറൂണ്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
സ്വന്തം നാട്ടില്‍ കാമറൂണ്‍ ബ്രസീലിന് ഒരു ഇരയാകേണ്ട ടീമല്ല. പക്ഷേ എന്നാല്‍ മെക്‌സിക്കോയ്‌ക്കെതിരെ കളിച്ച കളിയാണ് ഇന്നും കയ്യിലെങ്കിലും കാനറികള്‍ വെളളം കുടിക്കും എന്നതുറപ്പ്. ആരാധകര്‍ മുഴുവന്‍ സമയം അലറിവിളിച്ചിട്ടും ഒരു ഗോള് കൊണ്ടുപോലും അവരെ തൃപ്തിപ്പെടുത്താന്‍ ബ്രസീലിന് കഴിഞ്ഞില്ല. ആരാധകരുടെ കണക്കെടുത്താല്‍ ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീം ബ്രസീലായിരിക്കും.

പക്ഷേ കളി ജയിക്കാന്‍ ആരാധകരുടെ പിന്തുണ മാത്രം പോരെന്ന് സ്‌കോളാരിയും കുട്ടികളും ഓര്‍ത്താല്‍ നന്ന്. പന്ത് കൈവശം വെച്ച് തട്ടിക്കളിക്കുന്നതല്ല കളിയെന്ന് സ്‌പെയിനും ഇറ്റലിയും ഇംഗ്ലണ്ടും ബ്രസീലില്‍ തെളിയിച്ചുകഴിഞ്ഞു. കളി തോറ്റമ്പുമ്പോഴും ബോള്‍ പോസഷനില്‍ സ്‌പെയിനിനും ഇംഗ്ലണ്ടിനും വലിയ ശരാശരിയുണ്ട്. ആദ്യ കളിയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ജയിച്ചുതുടങ്ങിയ ബ്രസീല്‍ കാമറൂണിനെയും തോല്‍പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം റൗണ്ടിലേക്ക് കടക്കാനാകും ഇഷ്ടപ്പെടുക.
കാമറൂണിനോട് ബ്രസീല്‍ തോല്‍ക്കുകയും ക്രൊയേഷ്യ മെക്‌സിക്കോയ്‌ക്കെതിരെ ജയിക്കുകയും ചെയ്താല്‍ ബ്രസീലിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ കണക്ക് കൂട്ടേണ്ടി വരും. എന്തായാലും കാമറൂണിനെതിരെ പൂര്‍ണ്ണ സജ്ജരായ ടീമിനെയാകും സ്‌കൊളാരി ഇറക്കുക. കാമറൂണിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റു ഇന്നിറങ്ങുന്നുണ്ട്. ലോകകപ്പില്‍ നാല് തവണ പരസ്പരം വന്നപ്പോള്‍ ഒരിക്കല്‍ ബ്രസീലിനെ തോല്‍പിക്കാന്‍ കാമറൂണിന് കഴിഞ്ഞിട്ടുണ്ട്. മറ്റ് മൂന്ന് തവണയും ബ്രസീലിനൊപ്പമായിരുന്നു ജയം.