മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് മുന്നറിയിപ്പ്. തങ്ങളെക്കാള്‍ ശക്തികുറഞ്ഞവരെന്ന രീതിയില്‍ മെക്‌സിക്കോയെ എതിരിട്ടാല്‍ തോല്‍വി ചോദിച്ചുവാങ്ങുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ പക്ഷം. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ ഞെട്ടിക്കാന്‍ മെക്‌സിക്കോയ്ക്ക് കഴിയുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
ബ്രസീലിനെതിരെ മോശമല്ലാത്ത റെക്കോര്‍ഡ് സ്വന്തമായുള്ള ടീമാണ് മെക്‌സിക്കോ. സമീപകാലത്തുതന്നെ ബ്രസീലിനെതിരായ കളിയില്‍ അവര്‍ വിജയം നേടിയിട്ടുണ്ട്. 2000ത്തിന് ശേഷം മെക്‌സിക്കോയും ബ്രസീലും 14 തവണ നേര്‍ക്കുനേര്‍ എതിരിട്ടപ്പോള്‍ ആറുതവണ ജയിക്കാന്‍ മെക്‌സിക്കോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അവരുടെ നേട്ടമാണ്.

ബ്രസീലിനെ നന്നായി മനസിലാക്കിയ മറ്റൊരു ടീം ലോകകപ്പിലില്ലെന്നു വേണമെങ്കില്‍ പറയാം. അവസാന പതിനാറില്‍ ഇടം പിടിച്ച ടീമുകളില്‍ മെക്‌സിക്കോ ഉള്‍പ്പെടെ അപൂര്‍വം ടീമുകള്‍ മാത്രമേ ബ്രസീലിനെ നേരിടുന്നതില്‍ സമീപകാലത്ത് വിജയിച്ചിട്ടുള്ളൂ എന്നു കാണാം. അതുകൊണ്ടുതന്നെ മെക്‌സിക്കോ നന്നായി ഗൃഹപാഠം ചെയ്തായിരിക്കും ബ്രസീലിനെ നേരിടുക.
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ചവരാണ് മെക്‌സിക്കോ. രണ്ടാം മത്സരത്തില്‍ കൊറിയയെയും തോല്‍പ്പിച്ചു. എന്നാല്‍, അവസാന മത്സരത്തില്‍ സ്വീഡനോട് തോല്‍വി വഴങ്ങിയത് ടീമിനെ ബാധിക്കുമോ എന്ന് കണ്ടറിയാം. ബ്രസീല്‍ ആകട്ടെ കളിക്കാരെല്ലാം മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യമാകും.