ബ്രസീല്‍ x അര്‍ജന്റീന, ഇതിലും വലുത് സ്വപ്‌നങ്ങളില്‍ മാത്രം!! ക്ലാസിക്കിന് സൗദി തയ്യാര്‍, ആരു നേടും?
ജിദ്ദ: ബ്രസീല്‍ x അര്‍ജന്റീന, ലോക ഫുട്‌ബോളില്‍ ഇതിനേക്കാള്‍ വലിയൊരു ക്ലാസിക്ക് ഇനിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരിടവേളയ്ക്കു ശേഷം ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാന്‍ വീണ്ടുമൊരു ബ്രസീല്‍- അര്‍ജന്റീന ക്ലാസിക് നടക്കാനിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ലാറ്റിന്‍ ഫുട്‌ബോളിലെ രാജാക്കന്മാര്‍ അങ്കത്തട്ടില്‍ മുഖാമുഖം വരുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി റിസര്‍വ് സ്‌റ്റേഡിയത്തിലാണ് ഈ ലാറ്റിന്‍ ത്രില്ലര്‍.
അര്‍ജന്റീനയ്ക്കു പഴയ ഗ്ലാമര്‍ നഷ്ടമായെങ്കിലും ബ്രസീല്‍ താരപ്പകിട്ടുമായാണ് ലോകം ഉറ്റുനോക്കുന്ന ക്ലാസിക്കില്‍ ഇറങ്ങുന്നത്. ഇതിഹാസതാരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലാതെയാണ് പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ബൂട്ടണിയുക. പ്രമുഖര്‍ ടീമില്‍ ഇല്ലെങ്കിലും പോരാട്ടത്തിന് ഒട്ടും ആവേശം കുറയില്ലെന്ന പ്രതീക്ഷയിലാണ് കാല്‍പ്പന്തു കളിയുടെ ആരാധകര്‍.

ഇരുടീമും അപരാജിതര്‍
റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായ ബ്രസീലും അര്‍ജന്റീനയും സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കാലിടറി വീണപ്പോള്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് പിഴച്ചത്. ലോകകപ്പിനു ശേഷം ഇരുടീമും അപരാജിത കുതിപ്പാണ് നടത്തുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളിലും മഞ്ഞപ്പട വെന്നിക്കൊടി പാറിച്ചപ്പോള്‍ മൂന്നില്‍ രണ്ടിലും ജയിക്കാന്‍ അര്‍ജന്റീന്ക്കു സാധിച്ചു.
ലോകകപ്പിനു ശേഷം ചുമതലയേറ്റ താല്‍ക്കാലിക പരിശീലകനായ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന അടിമുടി മാറിയിട്ടുണ്ട്. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് അദ്ദേഹം ഇപ്പോള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

മുന്‍തൂക്കം ബ്രസീലിന്
ലോകകപ്പിലെ കോച്ചായിരുന്ന ടിറ്റെയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമുമായി ഇറങ്ങുന്ന ബ്രസീലിന് തന്നെയാണ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക്കില്‍ മുന്‍തൂക്കം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറടക്കം പ്രമുഖരെല്ലാം ബ്രസീല്‍ നിരയിലുണ്ട്. മറുഭാഗത്ത് ദേശീയ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പിടി യുവതാരങ്ങള്‍ക്കൊപ്പം യൂറോപ്പില്‍ അത്ര പ്രശസ്തരല്ലാത്ത കളിക്കാരുമാണ് അര്‍ജന്റൈന്‍ നിരയിലുള്ളത്. യുവന്റസിന്റെ പൗലോ ദിബാലയെയും ഇന്റര്‍മിലാന്റെ മൗറോ ഇക്കാര്‍ഡിയെയും മാറ്റിനിര്‍ത്തിയാല്‍ മറ്റു താരങ്ങളെല്ലാം ആരാധകര്‍ക്ക് സുപരിചിതരല്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിക്കോളാസ് ഒട്ടാമെന്‍ഡിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയെയും കോച്ച് ഈ മല്‍സരങ്ങളില്‍ ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു.

അവസാന ക്ലാസിക്കില്‍ അര്‍ജന്റീന
കഴിഞ്ഞ വര്‍ഷം നടന്ന ക്ലാസിക്കിലാണ് ബ്രസീലും അര്‍ജന്റീനയും അവസാനമായി കൊമ്പുകോര്‍ത്തത്. ഇതില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പടയെ വീഴ്ത്തിയിരുന്നു. അതിനു തൊട്ടുമുമ്പ് നടന്ന നാലു കളികളിലും ബ്രസീലിനെ തോല്‍പ്പിക്കാന്‍ അര്‍ജന്റീനയ്ക്കു സാധിച്ചിട്ടില്ല.
നാലു മല്‍സരങ്ങളില്‍ രണ്ടിലും ബ്രസീല്‍ ജയിച്ചപ്പോള്‍ ശേഷിച്ച രണ്ടു കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇതുവരെ 104 മല്‍സരങ്ങള്‍
ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ 104 മല്‍സരങ്ങളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 40 എണ്ണത്തില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ അര്‍ജന്റീന 38 മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ചു. 26 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
ക്ലാസിക്കില്‍ നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണെന്നതാണ് ഹൈലൈറ്റ്. 162 ഗോളുകളാണ് ബ്രസീലും അര്‍ജന്റീനയും ഇതുവരെ നേടിയ ക്ലാസിക്കില്‍ നേടിയിട്ടുള്ളത്.

സാധ്യതാ ലൈനപ്പ്
ബ്രസീല്‍ (4-3-3)- അലിസണ്‍ ബെക്കര്‍ (ഗോള്‍കീപ്പര്‍), അലെക്‌സ് സാന്‍ഡ്രോ, ഡാനിലോ, ഫാബീഞ്ഞോ, മാര്‍ക്കീഞ്ഞോസ്, കസേമിറോ, ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ്ജീസസ്, നെയ്മര്‍, റിച്ചാര്‍ളിസണ്‍.
അര്‍ജന്റീന (4-3-3)- സെര്‍ജിയോ റൊമേറോ, സറാവിയ, പെസെല്ല, ഒട്ടാമെന്‍ഡി, ടാഗ്ലിയാഫിക്കോ, പറേഡെസ്, ലോ സെല്‍ലോ, വാസ്‌ക്വസ്, ദിബാല, സിമിയോണി, ഇക്കാര്‍ഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications