
ബ്രൗണിന്റെ വരവ്
ടൂര്‍ണമെന്റിലെ ആദ്യത്തെ നാലു കളികളിലും പരിക്കു മൂലം പുറത്തിരിക്കേണ്ടിവന്ന മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡിഫന്‍ഡര്‍ വെസ് ബ്രൗണിന്റെ തിരിച്ചുവരവായിരുന്നു നോര്‍ത്ത് ഈസ്റ്റിനെതിരേ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ നേട്ടം. തന്റെ സ്ഥിരം പൊസിഷനായ പ്രതിരോധത്തില്‍ നിന്നു മാറി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ ബ്രൗണിനെ പരീക്ഷിച്ചത്.
പുതിയ റോളില്‍ താരം കോച്ചിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഐഎസ്എല്ലില്‍ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയാണ് ബ്രൗണ്‍ കളം വിട്ടത്.

പ്ലേമേക്കറുടെ അഭാവം നികത്തി
മികച്ചൊരു പ്ലേമേക്കറുടെ അഭാവമായിരുന്നു സീസണിലെ ആദ്യത്തെ മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനെ വലച്ചത്. ഇതേ തുടര്‍ന്നു സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനെ മുന്നേറ്റനിരയില്‍ നിന്നു പിന്‍വലിച്ച് ക്രിയേറ്റീവ് പ്ലേമേക്കറുടെ റോളിലേക്ക് കോച്ച് മാറ്റുകയും ചെയ്തിരുന്നു. തന്റെ പുതിയ റോളില്‍ ബെര്‍ബ മികച്ച ഫോമിലേക്ക് ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി പരിക്ക് വില്ലനായത്.
ഗോവയ്‌ക്കെതിരേ ഗോവയില്‍ നടന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാമത്തെ കളിയിലാണ് ബെര്‍ബ പരിക്കേറ്റു പിന്‍മാറിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ പ്രതിസന്ധിയിലായി. അനുഭവസമ്പത്തുള്ള മികച്ച പ്ലേമേക്കറുടെ അസാന്നിധ്യം തന്നെയായിരുന്നു കാരണം.
അപ്പോഴാണ് മുന്‍ വിഖ്യാത കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റായിരുന്ന മ്യുളെന്‍സ്റ്റീന്‍ ബ്രൗണിനു പുതിയ പൊസിഷനില്‍ പുതിയ ദൗത്യമേല്‍പ്പിച്ചത്. ബെര്‍ബയുടെ അഭാവം നികത്തുന്ന പ്രകടനം താരം നടത്തുകയും ചെയ്തു. ബെര്‍ബ കൂടി തിരിച്ചെത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയ്ക്ക് കൂടുതല്‍ ജീവന്‍ വയ്ക്കും.

കോച്ച് പോലും ഞെട്ടിപ്പോയി
ബ്രൗണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമ്പോഴും കോച്ച് മ്യുളെന്‍സ്റ്റീന് ആശങ്കയുണ്ടായിരുന്നു. പരിക്കു മൂലം വിശ്രമത്തിലായിരുന്ന താരത്തിന് പൂര്‍ണ ഫിറ്റ്‌നസ് ഉണ്ടോയെന്നതായിരുന്നു കാരണം. ബ്രൗണിന് 90 മിനിറ്റും കളിക്കളത്തില്‍ തുടരാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്നു മല്‍സരശേഷം മ്യുളെന്‍സ്റ്റീന്‍ വ്യക്തമാക്കുകയും ചെയ്തു.
ഒരേസമയം, പ്രതിരോധിച്ചും മുന്നോട് കയറിയും കളിച്ച ബ്രൗണ്‍ തന്റെ റോളില്‍ ശരിക്കും കസറി. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒരു ചരടില്‍ കെട്ടിയപോലെ ബ്രൗണ്‍ പന്ത് പാസ് ചെയ്യുന്നത് മനോഹരമായ കാഴ്ചയായിരുന്നു.
വിനീത്, ജാക്കിച്ചാന്ദ് എന്നിവര്‍ മുന്നോട്ട് കയറിക്കളിച്ചപ്പോഴെല്ലാം ബ്രൗണ്‍ നിഴലുപോലെ ഒപ്പമുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍ട്ടിന്‍ ഡയസ്, റൗളിന്‍ ബോര്‍ഗസ് എന്നിവരുടെ നീക്കങ്ങളുടെ മുനയൊടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രണ്ടാംപകുതിയില്‍ ഒരിക്കല്‍ മാത്രമാണ് ബ്രൗണിനെ കബളിപ്പിക്കാന്‍ ബോര്‍ഗസിനായത്.

ഹൃദയാഘാതം വരുമായിരുന്നുവെന്ന് മ്യുളെന്‍സ്റ്റീന്‍
നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയുടെ
അവസാന 10 മിനിറ്റിനിടെ തനിക്കു മൂന്നു തവണയെങ്കിലും ഹൃദയാഘാതം വരുമായിരുന്നുവെന്നാണ് കോച്ച് മ്യുളെന്‍സ്റ്റീന്‍ മല്‍സരശേഷം വെളിപ്പെടുത്തിയത്. കളി കണ്ട ആരാധകരുടെയും സ്ഥിതി വ്യത്യസ്തമല്ല. 11 പേരുമായി കളിച്ച മഞ്ഞപ്പടയ്‌ക്കെതിരേ 10 പേരുമായി പൊരുതിയ നോര്‍ത്ത് ഈസ്റ്റ് അവസാന മിനിറ്റുകളില്‍ സമനില ഗോളിന് തൊട്ടരികിലെത്തിയിരുന്നു.
രണ്ടാം ഗോള്‍ നേടി വിജയം വരുതിയിലാക്കാന്‍ ലഭിച്ച അവസരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് കളഞ്ഞുകുളിച്ചതോടെയാണ് അവസാന മിനിറ്റുകള്‍ സമ്മര്‍ദ്ദനിമിഷങ്ങള്‍ സമ്മാനിച്ചത്.

പോരായ്മകള്‍ ഇനിയുമുണ്ട്
ബ്ലാസ്റ്റേഴ്‌സ് ടീമിന് ഇനിയും പരിഹരിക്കപ്പെടാനുള്ള പോരായ്മകളുണ്ടെന്നാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരം തെളിയിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ പ്രതിരോധ നിരകളിലൊന്നെന്ന് വിലയിരുത്തപ്പെട്ട ബ്ലാസ്റ്റേഴ്‌സ് അവസാന രണ്ടു കളികളിലും ഇതിനു ചീത്തപ്പേരുണ്ടാക്കുന്ന പ്രകടനമാണ് നടത്തിയത്. ക്യാപറ്റന്‍ സന്ദേഷ് ജിങ്കനടക്കമുള്ള മികച്ച ഡിഫന്‍ഡര്‍മാര്‍ ടീമിലുണ്ടായിട്ടും പല കുറി നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പിളര്‍ത്തി.
പലപ്പോഴും ജിങ്കന്റെ അവസാന നിമിഷ ടാക്ലിങാണ് ബ്ലാസ്‌റ്റേഴ്‌സിനെ മറ്റൊരു സമനിലയില്‍ നിന്നും രക്ഷിച്ചത്. ആദ്യത്തെ മല്‍സരങ്ങളില്‍ പാറപോലെ ഉറച്ചുനിന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇപ്പോള്‍ ആടിയുലയുകയാണ്. ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ കുറവ് തുറന്നുകാണിച്ചത്.
തീര്‍ച്ചയായും ഇതു ബ്ലാസ്‌റ്റേഴ്‌സിനു മുന്നറിയിപ്പാണ്. കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സി, ബംഗളൂരു എഫ്‌സി എന്നിവര്‍ക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയുള്ള കളികള്‍. പ്രതിരോധത്തിലെ പിഴവുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഗോവയില്‍ സംഭവിച്ചതിനേക്കാള്‍ വലിയ ദുരന്തം മഞ്ഞപ്പടയ്ക്ക് ഏറ്റുവാങ്ങേണ്ടിവരുമെന്നുറപ്പ്.


Click it and Unblock the Notifications














