മോസ്‌കോ: ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചത് ബെല്‍ജിയത്തിന് തിരിച്ചടിയായേക്കും. ജപ്പാനുമായുള്ളപ്രീക്വാര്‍ട്ടര്‍ ജയിച്ചാല്‍ ബെല്‍ജിയത്തിന് ബ്രസീല്‍ എതിരാളികളായി എത്താന്‍ സാധ്യത വര്‍ദ്ധിച്ചു. മെക്‌സിക്കോയുമായുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീലിനാണ് ജയ സാധ്യത.

ക്വാര്‍ട്ടറില്‍ ബ്രസീലുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി ഇംഗ്ലണ്ട് ബെല്‍ജിയം മത്സരത്തില്‍ ഇരു ടീമുകളും തോല്‍ക്കാന്‍ വേണ്ടി കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എല്ലാ മത്സരത്തിലും ജയിക്കണമെന്നും ലോകകപ്പില്‍ ഏതു ടീമിനെ നേരിടാനും ഒരുങ്ങണമെന്നുമായിരുന്നു കോച്ച് റോബര്‍ട്ട് മാര്‍ട്ടിനസ് തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് ബെല്‍ജിയം താരം ജനുസജ് പറഞ്ഞു.
ജനുസജിന്റെ ഒരു ഗോളിനാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇരു ടീമുകളും നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി. ഹാരി കെയിന്‍, റഹീം സ്റ്റര്‍ലിങ്, ദലെ അലി തുടങ്ങിയവരൊന്നും ഇംഗ്ലീഷ് നിരയിലുണ്ടായിരുന്നില്ല. ഹസാര്‍ഡ്, ലുക്കാക്കു, ഡി ബ്രുയിന്‍ തുടങ്ങിയ താരങ്ങളെ ബെല്‍ജിയവും കളിപ്പിച്ചില്ല. മത്സരത്തില്‍ ബെല്‍ജിയം ജയിച്ചതോടെ ക്വാര്‍ട്ടറില്‍ ബെല്‍ജിയം ബ്രസീല്‍ പോരാട്ടത്തിനായാണ് ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ്. അതേസമയം, ലോകകപ്പ് നേടുമെന്ന് പ്രവചിക്കപ്പെട്ട ടീമുകളിലൊന്ന് ക്വാര്‍ട്ടറില്‍ പുറത്താകുമെന്നും ഉറപ്പായി.