നെയ്മറെ കൈവിട്ട ബാഴ്‌സയ്ക്ക് കുട്ടീഞ്ഞോ... വാരിയെറിഞ്ഞത് 1219 കോടി!! കോളടിച്ച് ലിവര്‍പൂള്‍
മാഡ്രിഡ്: ലോക ഫുട്‌ബോളില്‍ കോടികള്‍ക്കൊന്നും ഒരു വിലയുമില്ലെന്ന് തെളിയിച്ച് വീണ്ടുമൊരു റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍. ആയിരത്തില്‍ അധികം കോടി വാരിയെറിഞ്ഞ് ബ്രസീലിയന്‍ സെന്‍സേഷന്‍ ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കി ബാഴ്‌സലോണയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്. ഇംഗ്ലീഷ് ടീം ലിവര്‍പൂളില്‍ നിന്നും 145 മില്ല്യണ്‍ യൂറോ (1219 കോടി) വാരിയെറിഞ്ഞാണ് കുട്ടീഞ്ഞോയെ ബാഴ്‌സ സ്വന്തമാക്കിയത്.
ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ കൂടിയാണിത്. നേരത്തേ ബാഴ്‌സയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കു വേണ്ടി പിഎസ്ജി ചെലവിട്ട 1700 കോടിയാണ് നിലവിലെ ലോക റെക്കോര്‍ഡ്. ഇതിന് തൊട്ടരികിലാണ് കുട്ടീഞ്ഞോയെത്തിയത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ നിന്നും സ്‌പെയിനിലേക്കു പറന്ന കുട്ടീഞ്ഞോ ബാഴ്‌സയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനായ ശേഷം കരാര്‍ ഒപ്പുവച്ചു.

സ്വപ്‌നം യാഥാര്‍ഥ്യമായി
ബാഴ്‌സയിലേക്കുള്ള കൂടുമാറ്റത്തോടെ തന്റെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്നു കുട്ടീഞ്ഞോ പ്രതികരിച്ചു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും ലെവന്റെയും തമ്മിലുള്ള മല്‍സരത്തിനു ശേഷമാണ് നൂകാംപില്‍ കുട്ടീഞ്ഞോയെ ബാഴ്‌സ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ബാഴ്‌സയുമായി അഞ്ചര വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്.
കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ തന്നെ കുട്ടീഞ്ഞോയെ ടീമിലെത്തിക്കാന്‍ ബാഴ്‌സ നീക്കം നടത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. തന്നെ ബാഴ്‌സയിലേക്ക് മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു താരം ലിവര്‍പൂളിനു അപേക്ഷയും നല്‍കിയിരുന്നു.
ഇത്തവണ ജനുവരിയില്‍ വീണ്ടും ട്രാന്‍സ്ഫര്‍ വിപണി തുറന്നപ്പോള്‍ ബാഴ്‌സ വീണ്ടും രംഗത്തു വരികയായിരുന്നു.

റെക്കോര്‍ഡ് ബുക്കില്‍ ബാഴ്‌സ
ലോക ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡില്‍ രണ്ടും മൂന്നും സ്ഥാനങ്ങളാണ് കുട്ടീഞ്ഞോയെ സ്വന്തമാക്കിയതോടെ ബാഴ്‌സ തങ്ങളുടെ പേരിലാക്കിയത്. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് യുവ സെന്‍സേഷന്‍ ഉസ്മാന്‍ ഡെംബെയെ 134 മില്ല്യണ്‍ യൂറോയ്ക്ക് (832 കോടി) ബാഴ്‌സ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരുന്നു. ഇതാണ് നിലവില്‍ ഏറ്റവും വലിയ മൂന്നാമത്തെ ട്രാന്‍സ്ഫര്‍.
കുട്ടീഞ്ഞോയുടെ ട്രാന്‍സ്ഫറിനു മുമ്പ് ഡെംബെലെയായിരുന്നു വിലപിടിപ്പുള്ള ലോകത്തെ രണ്ടാമത്തെ താരം. ഈ റെക്കോര്‍ഡാണ് പുതിയ ട്രാന്‍സ്ഫറിലൂടെ കുട്ടീഞ്ഞോ പഴങ്കഥയാക്കിയത്.

ലിവര്‍പൂളിന് ലോട്ടറി
ലിവര്‍പൂളിനാണ് കുട്ടീഞ്ഞോയുടെ കൈമാറ്റത്തിലൂടെ അപ്രതീക്ഷിത ലോട്ടറിയടിച്ചത്. ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനില്‍ നിന്നും കേവലം 8.5 മില്യണ്‍ യൂറോയ്ക്കായിരുന്നു 2013ല്‍ ലിവര്‍പൂള്‍ കുട്ടീഞ്ഞോയെ വാങ്ങിയത്. എന്നാല്‍ ലിവര്‍പൂളില്‍ താരം കത്തിക്കയറുകയായിരുന്നു. റെഡ്‌സിനു വേണ്ടി 153 മല്‍സരങ്ങളില്‍ നിന്നും 41 ഗോളുകള്‍ 25കാരന്‍ നേടിയിട്ടുണ്ട്.
ഇന്റര്‍മിലാനെ കൂടാതെ വാസ്‌കോ ഡെ ഗാമ, എസ്പാന്യോള്‍ എന്നീ ക്ലബ്ബുകള്‍ക്കായും കുട്ടീഞ്ഞോ കളിച്ചിരുന്നു. പക്ഷെ ലിവര്‍പൂളിലേക്കുള്ള വരവാണ് താരത്തിന്റെ തലവര മാറ്റിയത്.

ടോപ്പ് ഫൈവ്
ലോക ഫുട്‌ബോളിലെ ആദ്യത്തെ അഞ്ചു വലിയ ട്രാന്‍സ്ഫറുകളില്‍ നാലും ബ്രസീലും ഫ്രാന്‍സും പങ്കിടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും രണ്ടു താരങ്ങള്‍ വീതം പട്ടികയിലുണ്ട്. 1700 കോടിയുമായി ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ 1219 കോടിയുമായി മറ്റൊരു ബ്രസീല്‍ താരം കുട്ടീഞ്ഞോയാണ് രണ്ടാമത്.
ഫ്രാന്‍സിന്റെ ഉസ്മാന്‍ ഡെംബെലെ (832 കോടി), പോള്‍ പോഗ്ബ (764 കോടി) എന്നിവരാണ് മൂന്നും നാലു സ്ഥാനങ്ങളില്‍. വെയ്ല്‍സ് സ്റ്റാര്‍ ഗരേത് ബേലാണ് പട്ടികയില്‍ അഞ്ചാമത്. 738 കോടിക്ക് ടോട്ടനം ഹോട്‌സ്പറില്‍ നിന്നാണ് റയല്‍ മാഡ്രിഡ് ബേലിനെ റാഞ്ചിയത്. നിലവിലെ ലോക ഫുട്‌ബോളറായ റയല്‍ സൂപ്പര്‍ താരം ക്രിസറ്റിയാനോ റൊണാള്‍ഡോ ആറാമതാണ് (686 കോടി രൂപ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications