ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. സൗദി ക്ലബ്ബായ അല്‍ ഹിലാലുമായുള്ള കരാര്‍ നെയ്മര്‍ റദ്ദാക്കിയിരിക്കുകയാണ്. ടീമും നെയ്മറും തമ്മില്‍ പരസ്പര ധാരണയോടെയാണ് കരാര്‍ അവസാനിപ്പിച്ചത്. നെയ്മര്‍ സമീപകാലത്തായി പരിക്കിന്റെ പിടിയിലാണ്. അല്‍ ഹിലാല്‍ ടീമിലേക്കെത്തിയ ശേഷം വെറും ഏഴ് മത്സരങ്ങളാണ് നെയ്മര്‍ കളിച്ചത്. അതുകൊണ്ടാണ് നെയ്മറുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കിയത്.
നെയ്മര്‍ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരികെ പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ബ്രസീല്‍ ക്ലബ്ബായ സാന്റോസിലൂടെ നെയ്മര്‍ തിരികെ ബ്രസീലിലേക്ക് എത്തുന്നുവെന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. 2026ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ നെയ്മര്‍ ബ്രസീലിനായി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്നില്‍ക്കണ്ടാണ് സാന്റോസിലേക്ക് കൂടുമാറുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇപ്പോഴിതാ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരികെ എത്തിയേക്കുമെന്ന സൂചനകളും പുറത്തുവരികയാണ്.
ബാഴ്‌സലോണ ടീം ഡയറക്ടര്‍ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. വിയ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സലോണ സ്‌പോര്‍ട്ടിങ് ഡയറക്ടറായ ഡീക്കോ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതകളെക്കുറിച്ച് സൂചനകള്‍ നല്‍കിയത്.

നേരത്തെ നെയ്മറും മെസിയും സുവാരസും ബാഴ്‌സലോണക്കായി ഒന്നിച്ച് കളിച്ചത് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. എന്നാല്‍ നെയ്മറിന് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരവ് എളുപ്പമാവില്ലെന്നുറപ്പാണ്.
'നെയ്മറിന് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ ഇപ്പോഴും ചെറിയ സാധ്യതകളുണ്ട്. സൗദി അറേബ്യയിലേക്ക് കൂടുമാറിയതോടെ നെയ്മറിന്റെ പ്രതിഫലം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. അവന്‍ വളരെ ചിലവേറിയ താരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അവന്റെ മികച്ച സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു നെയ്മര്‍. ഇപ്പോഴും അവന്‍ വലിയ പ്രതിഭയുള്ള താരമാണ്. ലോകത്തിലെ ഏത് ക്ലബ്ബും അവനെ ടീമിലെത്തിക്കാന്‍ ഇപ്പോഴും തയ്യാറാവും. എന്നാല്‍ ഏറ്റവും വലിയ പ്രശ്‌നം അവന് എത്രനാള്‍ തുടര്‍ച്ചയായി കളിക്കാന്‍ സാധിക്കുമെന്നതാണ്' ഡീക്കോ പറഞ്ഞു.
നെയ്മറിന്റെ സമീപകാലത്തെ വലിയ പ്രശ്‌നം പരിക്കാണ്. തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന താരമാണ് നെയ്മര്‍. കഴിഞ്ഞ കുറച്ച് വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ നെയ്മര്‍ കളിച്ചതിലും കൂടുതല്‍ സമയം വിശ്രമം എടുക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം പരിക്കിനെത്തുടര്‍ന്ന് നെയ്മറിന് പുറത്തിരിക്കേണ്ടി വന്നു. കാലിന് തുടര്‍ച്ചയായി താരത്തിന് പരിക്കേറ്റിരുന്നു. നെയ്മറിന്റെ തുടര്‍ പരിക്കുകളാണ് വലിയ ക്ലബ്ബുകള്‍ താരത്തെ വാങ്ങാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് പറയാം.