Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Cup: കരുത്തുകാട്ടി കംഗാരുക്കള്‍, രണ്ട് അടിയില്‍ ഇന്ത്യ തകര്‍ന്നു- നാണംകെട്ട തോല്‍വി

ദോഹ: ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ നാണംകെട്ടത്. ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ ഇന്ത്യക്കായെങ്കിലും രണ്ടാം പകുതിയില്‍ കളി കൈവിട്ടു. 50ാം മിനുട്ടില്‍ ജാക്‌സന്‍ ഇര്‍വൈനും 73ാം മിനുട്ടില്‍ ജോര്‍ദാന്‍ ബോസുമാണ് ഓസ്‌ട്രേലിയക്കായി വലകുലുക്കിയത്.

ശക്തമായ താരനിരയോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഇന്ത്യയെ അതേ ഫോര്‍മേഷനിലാണ് ഓസ്‌ട്രേലിയ നേരിട്ടത്. ആദ്യ സമയത്ത് ഇന്ത്യയുടെ കുതിപ്പാണ് കാണാനായത്. മികച്ച മുന്നേറ്റങ്ങള്‍ ഇന്ത്യ കാഴ്ചവെച്ച് കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം മിനുട്ടില്‍ ഇന്ത്യക്ക് ഗോളവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് പന്തുമായി കുതിച്ച സുരേഷ് ഇടത് വശത്ത് നിന്ന് ചാങ്‌തേയ്ക്ക് പാസ് നല്‍കി.

സുനില്‍ ഛേത്രിയെ ലക്ഷ്യമാക്കി ചാങ്‌തെ ക്രോസ് ചെയ്‌തെങ്കിലും സുനില്‍ ഛേത്രിയുടേയും മന്‍വീറിന്റേയും മുകളിലൂടെ പന്ത് പോയി. 10ാം മിനുട്ടില്‍ ചാങ്‌തെയുടെ മുന്നേറ്റം കണ്ടു. മന്‍വീറിന് പന്ത് നല്‍കിയെങ്കിലും താരത്തിന് പന്ത് നിയന്ത്രിക്കാനാവാതെ പോയി. 14ാം മിനുട്ടില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ വിറപ്പിച്ചു. കീനു ബക്കൂസിന്റെ ക്രോസില്‍ മാര്‍ട്ടിന്‍ ബോയില്‍ ഇന്ത്യന്‍ പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും പ്രതീക്ഷിച്ച വേഗമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീസിങ് സന്ധുവിന് അനായാസം പന്ത് പിടിച്ചെടുക്കാനായി. അനുഭവസമ്പന്നരായ ഓസ്‌ട്രേലിയ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു. കൂടുതല്‍ സമയം പന്തടക്കിവെച്ച് കളിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. ഇന്ത്യന്‍ ഗോള്‍ വലക്ക് മുന്നില്‍ ഗുര്‍പ്രീത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കായി.

asian cup

37ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിനെ ഓസ്‌ട്രേലിയ ഗോളാക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ഫലപ്രദമായ ഇടപെടല്‍ ടീമിനെ രക്ഷിച്ചു. 38ാം മിനുട്ടില്‍ ബോയില്‍ ഇന്ത്യ പോസ്റ്റിലേക്ക് ബുള്ളറ്റ് ഷോട്ട് തൊടുത്തെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പോയി. 42ാം മിനുട്ടില്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ഇന്ത്യന്‍ പോസ്റ്റിന് മുന്നിലേക്കെത്തിയ പന്ത് സന്ദേശ് ജിങ്കന്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ തട്ടിയകറ്റി.

ഇന്ത്യയുടെ പ്രതിരോധ നിര കഠിനാധ്വാനം കാഴ്ചവെച്ചു. ആദ്യ പകുതിയില്‍ ഇരു ടീമും ഗോള്‍രഹിതമായാണ് പിരിഞ്ഞത്. 71 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഓസ്‌ട്രേലിയ 3നെതിരേ 14 ഗോള്‍ശ്രമം നടത്തിയും കരുത്തുകാട്ടി. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഓസ്‌ട്രേലിയ ലീഡെടുത്തു. 50ാം മിനുട്ടില്‍ ജാക്‌സന്‍ ഇര്‍വൈനാണ് ഓസ്‌ട്രേലിയക്കായി ലക്ഷ്യം കണ്ടത്. ഇടത് വശത്ത് നിന്ന് പോസ്റ്റിലേക്ക് ഉയര്‍ന്നെത്തിയ പന്തിനെ ഇന്ത്യന്‍ ഗോളില്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് നേരെ ഇര്‍വൈന്റെ കാലില്‍. ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന രണ്ട് പ്രതിരോധക്കാരെയും കാഴ്ചക്കാരാക്കി ഇര്‍വൈന്റെ ഷോട്ട് പോസ്റ്റിനുള്ളില്‍. ഇന്ത്യന്‍ പ്രതിരോധത്തിന്റെ പിഴവിലാണ് ഈ ഗോള്‍ പിറന്നത്. ലീഡെടുത്തതോടെ ഓസ്‌ട്രേലിയ ആക്രമണം കടുപ്പിച്ചു. രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയയുടെ സര്‍വാധിപത്യമാണ് കാണാനായത്.

73ാം മിനുട്ടില്‍ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. ജോര്‍ദാന്‍ ബോസാണ് ഓസ്‌ട്രേലിയക്കായി വല കുലുക്കിയത്. 80ാം മിനുട്ടില്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് കൃത്യമായി പോസ്റ്റിലേക്കെത്തിയെങ്കിലും ഗോള്‍ ഗുര്‍പ്രീത് തട്ടിയകറ്റി ഇന്ത്യയെ രക്ഷിച്ചു. അവസാന സമയത്ത് ഓസ്‌ട്രേലിയ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു.

Story first published: Saturday, January 13, 2024, 19:04 [IST]
Other articles published on Jan 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+