ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീം സ്ഥിരം പരിശീലകനെ തേടുകയാണ്. സ്റ്റിംഗ് ഓപറേഷനില്‍ കുടുങ്ങി സാം അലര്‍ഡൈസ് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. പുതിയ പരിശീലകനായി പല പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇതില്‍ ശ്രദ്ധേയം ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറുടേതാണ്. ഇരുപത് വര്‍ഷമായി ആഴ്‌സണല്‍ ക്ലബ്ബിനെ പരിശീലിപ്പിക്കുന്ന വെംഗര്‍ തികഞ്ഞ മാന്യനും ഇംഗ്ലീഷ് സാഹചര്യങ്ങള്‍ ശരിക്കും അറിയുന്ന വ്യക്തിയുമാണ്.
അതുകൊണ്ടു തന്നെ എഫ് എ അധികൃതരുടെ മനസില്‍ വെംഗര്‍ക്ക് ഗണനീയ സ്ഥാനമുണ്ട്. ഗണ്ണേഴ്‌സിന്റെ ഫ്രഞ്ച് പരിശീലകന്‍ എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിന്റെ ചുമതല ഏറ്റെടുക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാനും തുടങ്ങി. ഇതോടെ, മാധ്യമങ്ങള്‍ വെംഗറെ വളഞ്ഞു. കേട്ടതെല്ലാം ശരിയാണോ ? താങ്കള്‍ ഇംഗ്ലണ്ടിന്റെ കോച്ചാകുവാന്‍ ഒരുങ്ങുകയാണോ? എന്നിങ്ങനെ ചോദ്യശരങ്ങള്‍ തന്നെയുണ്ടായി.

വെംഗര്‍ പതിവ് പോലെ മറുപടി നല്‍കി. ഒരു നാള്‍ ഞാന്‍ ഇംഗ്ലണ്ടിന്റെ കോച്ചാകും. ഞാനൊന്ന് ഫ്രീയാകുന്ന കാലത്ത്. ഇപ്പോള്‍ ഞാന്‍ തിരക്കിലാണ്. പ്രീമിയര്‍ ലീഗില്‍ ബണ്‍ലിയെ നേരിടാനൊരുങ്ങുകയാണ് ആഴ്‌സണല്‍. ആ തിരക്കിനിടയിലാണ് വെംഗര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കഴിഞ്ഞാഴ്ചയിലാണ് ആര്‍സെന്‍ വെംഗര്‍ ഇംഗ്ലണ്ടില്‍ ആഴ്‌സണലിന്റെ കോച്ചായതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചത്. ഇക്കാലയളവില്‍ പതിനഞ്ച് കിരീടങ്ങളാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ആറ് എഫ് എ കപ്പും ഇതിലുള്‍പ്പെടുന്നു. എല്ലാ സീസണിലും ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നു. ഒരു തവണ റണ്ണേഴ്‌സപ്പായി. ബ്രിട്ടന് പുറത്ത് നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ കാലം പരിശീലക സ്ഥാനം വഹിച്ചിട്ടുണ്ടെങ്കില്‍ അത് വെംഗറാണ്.