പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരക്രമമായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡിന് ഇറ്റാലിയന്‍ പോരാളികളായ നാപോളിയാണ് എതിരാളി. സീസണിലെ ആദ്യ നോക്കൗട്ട് ഘട്ടത്തിലെ ശ്രദ്ധേയ പോരാട്ടം ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും തമ്മിലുള്ളതാണ്. രണ്ടാമത്തെ സൂപ്പര്‍ പോരാട്ടം ബാഴ്‌സലോണയും പി എസ് ജിയും തമ്മിലുള്ളതാകും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ഫ്രാന്‍സ് ക്ലബ്ബ് മൊണാക്കോയാണ്. പോര്‍ട്ടോ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിനെയും ബയെര്‍ലെവര്‍കുസന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെയും സെവിയ്യ ലെസ്റ്റര്‍ സിറ്റിയെയും നേരിടും. ബെന്‍ഫിക്കക്ക് ബൊറുസിയ ഡോട്മുണ്ടാണ് എതിരാളി.
2005, 2013, 2014 സീസണുകളില്‍ നോക്കൗട്ട് ഘട്ടത്തില്‍ ബയേണും ആഴ്‌സണലും മുഖാമുഖം വന്നിരുന്നു. അപ്പോഴൊന്നും ആഴ്‌സണലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ ഇംഗ്ലണ്ടിന്റെ പീരങ്കിപ്പട തികഞ്ഞ ഫോമിലാണ്. ബയേണിന് മുന്നില്‍ കാലിടറുന്ന ശീലം മാറ്റിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ നാല് സീസണിനിടെ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ബാഴ്‌സലോണ പി എസ് ജിയെ കീഴടക്കിയിരുന്നു. ഇത്തവണയും മെസിക്കും സംഘത്തിനും മേല്‍ക്കോയ്മയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോളക്ക് മൊണാക്കോയെ പേടിയുണ്ട്. സീസണില്‍ 53 ഗോളുകള്‍ നേടിക്കഴിഞ്ഞു മൊണാക്കോ. റഡാമെല്‍ ഫാല്‍കോ എന്ന കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാട്രിക്ക് പ്രകടനങ്ങളുമായി ഫോം വീണ്ടെടുത്തിരിക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയാകട്ടെ പ്രതിരോധം ഇനിയും ശക്തിപ്പെടുത്തിയിട്ടില്ല.
ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫെബ്രുവരി 14, 15 തീയതികളിലും 21,22 തീയതികളിലും നടക്കും. രണ്ടാം പാദം മാര്‍ച്ച് ഏഴ്, എട്ട്, 14,15 തീയതികളില്‍.
ഫിക്‌സ്ചര്‍
മാഞ്ചസ്റ്റര്‍ സിറ്റി - മൊണാക്കോ
ബെന്‍ഫിക്ക - ബൊറൂസിയ
ബയേണ്‍ - ആഴ്‌സണല്‍
റയല്‍ മാഡ്രിഡ് - നാപോളി
എഫ് സി പോര്‍ട്ടോ- യുവെന്റസ്
ബയെര്‍ ലെവര്‍കുസന്‍- അത്‌ലറ്റിക്കോ
പിഎസ്ജി- ബാഴ്‌സലോണ
സെവിയ്യ- ലെസ്റ്റര്‍ സിറ്റി