എഫ് എ കപ്പ് ഫൈനലില്‍ ആഴ്‌സണല്‍-ചെല്‍സി ക്ലാസിക് പോരാട്ടം
ലണ്ടന്‍: എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സി-ആഴ്‌സണല്‍ പോരാട്ടത്തിന് കളമൊരുങ്ങി. മെയ് 27ന് വെംബ്ലിയിലാണ് ഫൈനല്‍.
ആവേശകരമായ സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ മുന്നേറിയത്. അധിക സമയത്ത് ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസായിരുന്നു വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്‌കോര്‍. ആദ്യ പകുതി ശൂന്യം. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജി അഗ്യുറോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഡെടുത്തത്. എഴുപത്തൊന്നാം മിനുട്ടില്‍ മോണ്‍റിയല്‍ നാചോയിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. നൂറ്റൊന്നാം മിനുട്ടില്‍ സാഞ്ചസിന്റെ വിജയ ഗോളും. നേരത്തെ ചെല്‍സി 4-2ന് ടോട്ടനം ഹോസ്പറിനെ കീഴടക്കി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

ആര്‍സെന്‍ വെംഗര്‍ക്ക് പിടി വള്ളി...
ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ പ്രീമിയര്‍ ലീഗിലും പിടി നഷ്ടമായ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ക്കെതിരെ ആരാധകര്‍ രോഷം കൊള്ളുകയാണ്. എന്നാല്‍, ആറ് തവണ എഫ് എ കപ്പ് നേടിയ വെംഗര്‍ ആഴ്‌സണലിനൊപ്പം ഏഴാം കിരീടം എന്ന റെക്കോര്‍ഡിനരികിലാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചെല്‍സിക്കൊപ്പം ഏഴാം എഫ് എ കപ്പ് ഫൈനല്‍ യോഗ്യത നേടി ആഴ്‌സണലും റെക്കോര്‍ഡിട്ടത് വെംഗര്‍ക്ക് പിടിവള്ളിയായി.

പെപ് ഗോര്‍ഡിയോള തല കുനിച്ചു...
ബാഴ്‌സലോണയില്‍ നാല് സീസണുകളിലായി പതിനാല് കിരീടങ്ങള്‍ നേടിയ ഇതിഹാസ മാനം കൈവരിച്ച കോച്ചാണ് പെപ് ഗോര്‍ഡിയോള. അതിന് ശേഷം ജര്‍മനിയില്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്ന് സീസണുകളില്‍ നിന്ന് ഏഴ് കിരീടങ്ങള്‍ വാരിക്കൂട്ടിയും തരംഗമായി. പക്ഷേ, പ്രീമിയര്‍ ലീഗ് ക്ലബ്ബിന്റെ ഭാഗമായതിന് ശേഷം ഗോര്‍ഡിയോളക്ക് ഒരു കിരീടവിജയം പോലും സാധ്യമായില്ല. എഫ് എ കപ്പ് ആയിരുന്നു അവശേഷിച്ച പ്രതീക്ഷ. അതും നഷ്ടമായതോടെ സീസണ്‍ കിരീടമില്ലാത്തതായി.

അലക്‌സ് ചാംബര്‍ലെയിന്‍ മാന്‍ ഓഫ് ദ മാച്ച്
ആഴ്‌സണലിന്റെ ഓക്‌സലാഡെ ചാംബര്‍ലെയ്‌നാണ് മാന്‍ ഓഫ് ദ മാച്ച്. വിംഗ് ബാക്കായ ചാംബര്‍ലെയിനാണ് മത്സരത്തില്‍ ഏറ്റവുമധികം ക്രോസുകള്‍ നല്‍കിയത്. നാചോ നേടിയ ഗോളിന് അസിസ്റ്റ് ചെയ്തും ചാംബര്‍ലെയിന്‍ മികവറിയിച്ചു. സീസണോടെ ആഴ്‌സണല്‍ വിടുമെന്ന് പ്രഖ്യാപിച്ച താരത്തെ കോച്ചും മാനേജ്‌മെന്റും അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്.

സിറ്റിയ വീഴ്ത്തിയത് സിറ്റി നോട്ടമിട്ട താരം...
അലക്‌സിസ് സാഞ്ചസ് അടുത്ത സീസണില്‍ പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയാകും കളിക്കുക. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഗോര്‍ഡിയോളയും സാഞ്ചസിന്റെ ഏജന്റും രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. അതേ സാഞ്ചസ് തന്നെയാണ് എഫ് എ കപ്പില്‍ സിറ്റിയെ വീഴ്ത്തിയ ഗോള്‍ നേടിയത്. ഇനി ഒട്ടും താമസിപ്പിക്കേണ്ടതില്ല, വേഗം സാഞ്ചസിനെ സ്വന്തം പാളയത്തിലെത്തിച്ചേക്കൂ മിസ്റ്റര്‍ പെപ് ഗോര്‍ഡിയോള !!
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications