അര്‍ജന്റീനയുടെ പ്രതാപം അവസാനിക്കുകയാണോ?; പുതിയ പ്രതിഭകളില്ല, കളിക്കാരുമില്ല
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയയെ മാറ്റിനിര്‍ത്തി ലോക ഫുട്‌ബോളിന് ഒരു ചരിത്രമില്ല. അത്രത്തോളം ഫുട്‌ബോളുമായി അലിഞ്ഞു ചേര്‍ന്ന രാജ്യമാണ് അര്‍ജന്റീന. ലാറ്റിനമേരിക്കയിലും പുറത്തും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്ന് ഇപ്പോള്‍ പ്രതിഭാ ദാരിദ്രത്താല്‍ വലയുകയാണ്. ഇതിഹാസതാരം മറഡോണയും അതിനേക്കാള്‍ മുകളിലായി മെസ്സിയുമെല്ലാം ലോക ഫുട്‌ബോളിന് രാജ്യം നല്‍കിയ സംഭവനകളാണെങ്കിലും പുതിയ പ്രതിഭകളോ കളിക്കാരോ ഉയര്‍ന്നുവരുന്നില്ല.
1995 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചുതവണ അണ്ടര്‍ 20 ലോകകപ്പ് ചാമ്പ്യന്‍മാരായവരാണ് അര്‍ജന്റീന. കൗമാരകാലത്ത് തിളങ്ങിയവരില്‍ പലരും പിന്നീട് സീനിയര്‍ ടീമിലും ലോകോത്തര താരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. പിന്നീട്, അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്നും യുവനിരയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല.

ലയണല്‍ മെസ്സി
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം സമീപകാലത്ത് നടത്തിയ പ്രകടനങ്ങള്‍ ഇതിന്റെ പ്രതിഫലനം കൂടിയാണ്. മെസ്സി എന്ന അതിമാനുഷനായ കളിക്കാരന്റെ ചുമലിലേറിയാണ് ടീം റഷ്യയിലെത്തിയത്. ബ്രസീല്‍ ലോകകപ്പിലും മെസ്സിയുടെ സാന്നിധ്യം തന്നെയായിരുന്നു ടീമിനെ ഫൈനല്‍വരെ എത്തിച്ചതെന്നും വിലയിരുത്തുന്നുണ്ട്. തുടര്‍ച്ചയായി മൂന്നു ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തിയ ടീമിന് കിരീടം നേടാനാകാത്തത് മെസ്സിക്ക് നേരിടേണ്ടിവന്ന അതിസമ്മര്‍ദ്ദം മൂലമാണ്.

മധ്യനിരയും പ്രതിരോധവും
മെസ്സിക്ക് പിന്തുണ നല്‍കാന്‍ കാര്യമായ താരങ്ങള്‍ ഇന്ന് അര്‍ജന്റീന ടീമിലില്ല. പേരെടുത്ത സ്‌ട്രൈക്കര്‍മാര്‍ ഉണ്ടെങ്കിലും മധ്യനിരയും പ്രതിരോധവും അമ്പേ പരാജയമാണ്. മികച്ച ഗോള്‍കീപ്പര്‍മാരും അടുത്തകാലത്തൊന്നും ടീമിനുണ്ടായിട്ടില്ല. അടുത്തിടെ നൈജീരിയ, സ്‌പെയിന്‍, ക്രൊയേഷ്യ ടീമുകളോട് ഏറ്റ നാണംകെട്ട പരാജയങ്ങള്‍ ഇക്കാര്യം അടിവരയിടുന്നു.

യോര്‍ഗേ സാംപോളി
റഷ്യ ലോകകപ്പില്‍ അര്‍ജന്റീന നടത്തുന്ന മോശം പ്രകടനത്തിന് പിന്നില്‍ കളിക്കൊര്‍ക്കൊപ്പം പരിശീലകനും പ്രധാന പങ്കുണ്ട്. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ കോച്ചിന് മെസ്സിയെയോ ടീമിനേയോ ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍കീപ്പര്‍ മുതല്‍ മുന്നേറ്റം വരെ സാംപോളിയുടെ തന്ത്രങ്ങളെല്ലാം തുടര്‍ച്ചയായി പാളി. ഇപ്പോഴത്തെ ടീം പ്രീക്വാര്‍ട്ടറിലെത്തിയാലും കൂടുതല്‍ നാണംകെട്ട് പുറത്താകുമെന്നാണ് കളിവിദഗ്ധരുടെ പക്ഷം.

മെസ്സിയുടെ വിരമിക്കല്‍
ലോകകപ്പില്‍ പുറത്താകുന്നതോടെ മെസ്സി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ട്. അങ്ങനെവന്നാല്‍ ദേശീയ ടീം അനാഥമാകുമെന്നാണ് ആരാധകരുടെ ആശങ്ക. മെസ്സിക്കുശേഷം ടീമിന്റെ അതിജീവനം കണ്ടറിയേണ്ടതാണ്. മെസ്സിക്കൊപ്പം മഷുരാനോയും, അഗ്യൂറോയും പോലെയുള്ള സീനിയര്‍ താരങ്ങളും വിരമിക്കുന്നതോടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.

ഖത്തര്‍ ലോകകപ്പ്
ഇപ്പോഴത്തെ നിലയില്‍ ലാറ്റിനമേരിക്കയിലെ ശക്തര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ച് ഖത്തര്‍ ലോകകപ്പില്‍ എത്തുക അര്‍ജന്റീനയ്ക്ക് പ്രയാസകരമാകും. ടീമില്‍ അടിമുടി മാറ്റംവേണമെന്ന ആവശ്യം രാജ്യത്ത് ശക്തമായിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും യുവനിരയെ വാര്‍ത്തെടുക്കാനുള്ള പരിശീലന കേന്ദ്രങ്ങളും ഉയര്‍ന്നുവരണമെന്നാണ് ആരാധകരുടെയും മുന്‍ കളിക്കാരുടെയും ആവശ്യം. പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് അര്‍ജന്റീന ലോകഫുട്‌ബോളില്‍ ഉയര്‍ന്നുവരുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications