അര്‍ജന്റീന പഴയ അര്‍ജന്റീനയല്ല, വരുന്നു പുതുതലമുറ... ടീമിനെ അഴിച്ചുപണിയും!! മെസ്സിയെ കൈവിടില്ല
ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അടിമുടി മാറാനൊരുങ്ങുകയാണ് ലാറ്റിന്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ അര്‍ജന്റീന. ലോകകപ്പില്‍ കിരീട ഫേവറിറ്റുകളിലൊന്നായി റഷ്യയിലെത്തിയ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ തോറ്റു പുറത്തായിരുന്നു. ടൂര്‍ണമെന്റില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്കു ജയിക്കാനായത്.
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ക്രൂശിക്കപ്പെടുകയും ചെയ്തു. ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെസ്സി തന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തന്റെ ഭാവി തീരുമാനിക്കാന്‍ മെസ്സിക്ക് എത്ര വേണമെങ്കിലും സമയം നല്‍കുമെന്ന് ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കി.

മെസ്സി തന്നെ തീരുമാനിക്കട്ടെ
ഇനി അര്‍ജന്റീനയുടെ ജഴ്‌സി അണിയണമോയെന്നതിനെക്കുറിച്ച് മെസ്സി തന്നെ തീരുമാനിക്കട്ടെ. ഇപ്പോള്‍ അദ്ദേഹത്തെ വെറുതെ വിടുകയാണ് ചെയ്യേണ്ടത്. വീണ്ടും അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടാവുന്നതു വരെ അദ്ദേഹത്തിന് മാറി നില്‍ക്കാം. മെസ്സി തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നും ടാപ്പിയ വിശദമാക്കി.

മെസ്സി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് ലഭിക്കില്ല
മെസ്സിയെപ്പോലൊരു ഇതിഹാതാരത്തെ ലഭിച്ചതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. സമ്മര്‍ദ്ദങ്ങളില്ലാതെ അദ്ദേഹത്തെ ലോകകപ്പില്‍ കളിക്കാന്‍ അനുവദിക്കണമായിരുന്നു. അതിനു പകരം പ്രതീക്ഷയുടെ അമിതഭാരം വച്ചു പുലര്‍ത്തിയതു മൂലം അദ്ദേഹെ സമ്മര്‍ദ്ദത്തിലായി. ലോകകപ്പില്‍ മെസ്സിക്കു തിരിച്ചടി നേരിട്ടതിന് മറ്റുള്ളവരാണ് ഉത്തരവാദികള്‍. മെസ്സി മാത്രം വിചാരിച്ചതു കൊണ്ടു മാത്രം അര്‍ജന്റീനയ്ക്കു ലോകകപ്പ് നേടാന്‍ കഴിയില്ലെന്നു റഷ്യ തെളിയിച്ചതായും ടാപ്പിയ ചൂണ്ടിക്കാട്ടി.

വിമര്‍ശനങ്ങള്‍ മെസ്സിയെ അലട്ടിയെന്ന് അമ്മ
തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ലോകകപ്പിനിട മെസ്സിയെ അലട്ടിയിരുന്നതായി താരത്തിന്റെ അമ്മ സെലിയ ക്യുട്ടിസിനി നേരത്തേ പറഞ്ഞിരുന്നു. ക്ലബ്ബിനായി കാഴ്ചവയ്ക്കുന്ന പ്രകടനം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ആരോപണം.
നേരത്തേ 2016ലെ കോപ്പ അമേരിക്കയുടെ ഫൈനലില്‍ പരാജയപ്പെട്ടതില്‍ മനം നൊന്ത് മെസ്സി വിരമിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം തന്റെ തീരുമാനം പിന്‍വലിച്ചു തിരിച്ചുവരികയായിരുന്നു.

ഏറെ പ്രതീക്ഷകളുണ്ടായിരുന്നതായി ടാപ്പിയ
കഴിഞ്ഞ ലോകകപ്പില്‍ ടീമിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. കാരണം ഈ തലമുറയിലെ പല താരങ്ങളുടെയും അവസാനത്തെ ലോകകപ്പായിരുന്നു ഇത്. മികച്ച തയ്യാറെടുപ്പോടെയല്ല ലോകകപ്പിനായി റഷ്യയിലെത്തിയത്. ഇതു ടീമിനു വലിയ തിരിച്ചടിയായി മാറിയെന്നും ടാപ്പിയ പറഞ്ഞു.

10 വര്‍ഷത്തെ പദ്ധതി
ഇപ്പോള്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകരായ ലയണല്‍ സ്‌കലോനിയും പാബ്ലോ അയ്മറും ഭാവിയില്‍ മികച്ച കോച്ചാവാന്‍ ശേഷിയുള്ളവരാണ്. പുതിയ പല മാറ്റങ്ങളും കൊണ്ടുവരാന്‍ അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്. ടീമിനെ ആകെ ഉടച്ചു വാര്‍ക്കും. അതുകൊണ്ടു തന്നെ ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കും.
ടീമിന്റെ സ്ഥിരം പരിശീലകനായി ആരെയും കണ്ടുവച്ചിട്ടില്ല. ആരുമായും ചര്‍ച്ചയും നടത്തിയിട്ടില്ല. 2019ല്‍ മാത്രമേ പുതിയ കോച്ചിനെ നിയമിക്കുകയുള്ളൂ. അതു വരെ സ്‌കലോനിയും അയ്‌റും തന്നെ പരിശീലസ്ഥാനത്തു തുടരുമെന്നും ടാപ്പിയ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications