സാവോപോളോ: ഹോളണ്ടിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ചെറുതായി മുട്ടിടിക്കുമോ. ലാറ്റിനമേരിക്കന്‍ ഫൈനല്‍ കാണാന്‍ കാത്തിരുന്നവര്‍ നിരാശരാകുമോ. ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ അര്‍ജന്റീന യൂറോപ്യന്‍ കരുത്തരായ ഹോളണ്ടിനെ നേരിടുമ്പോള്‍ ആരാധകര്‍ക്ക് ആശങ്കകള്‍ ഏറെയാണ്. ഡച്ച് സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍ സെമി ഫൈനലില്‍ കളിക്കില്ല എന്ന് അഭ്യൂഹങ്ങളുണ്ട്.
ആരാധകര്‍ക്ക് മാത്രമല്ല, ഇന്നലെ ജര്‍മനിയുടെ കളി കണ്ട ശേഷം അര്‍ജന്റീന ക്യാംപിലും ഈ ആശങ്കയുണ്ട്. മെസ്സിയെ പന്ത് തൊടീക്കാതിരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹോളണ്ട് ഡിഫന്‍ഡര്‍ ബ്രൂണോ ഇന്‍ഡി നയം വ്യക്തമാക്കിക്കഴിഞ്ഞു. ഗോളടിക്കാന്‍ അധികം ആളുകളില്ല എന്നതാണ് അര്‍ജന്റീനയെ പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യം. അതേസമയം ഓരോ കളിയും പിന്നിടുന്തോറും മെച്ചപ്പെടുന്ന പ്രതിരോധം ടീമിന് ആശ്വാസമാണ്.

മിഡ് ഫീല്‍ഡില്‍ ഏഞ്ചല്‍ മരിയ ഉണ്ടാകില്ല എന്നത് അര്‍ജന്റീനയ്ക്ക് ക്ഷീണമാകും. തൊണ്ണൂറുമിനുട്ടും വിയര്‍ത്ത് കളിക്കുന്ന മരിയയാണ് സ്വിസിനെതിരെ നിര്‍ണായക ഗോളിലൂടെ ടീമിനെ കരയ്ക്കടുപ്പിച്ചത്. റോഡ്രിഗസാകും മരിയയ്ക്ക് പകരക്കാരനാകുക. നാല് ഗോളുകളോടെ ക്യാപ്റ്റന്‍ മെസി തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മെസിയുടെ ഫോമിനൊപ്പം അഗ്യൂറോയുടെ തിരിച്ചുവരവും സാബെല്ലയുടെ പ്രതീക്ഷകളില്‍ പെടുന്നു.
തുടക്കം മുതല്‍ ഗോളടിക്കുന്ന കളി പുറത്തെടുത്ത ജര്‍മനി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബ്രസീലിനെ തരിപ്പണമാക്കിയത്. ഹോളണ്ടിന്റെ ശൈലിയും അധികം വ്യത്യസ്തമല്ല. ആര്യന്‍ റോബനും വാന്‍പേഴ്‌സിയും ലോകകപ്പില്‍ ഗോളടിച്ച് മുന്നേറുകയാണ്. മെക്‌സിക്കോയ്‌ക്കെതിരെ കളിച്ച ഒരു കളിയില്‍ മാത്രമാണ് ഹോളണ്ട് അല്‍പമൊന്ന് പരുങ്ങിയത്. വിവാദ പെനല്‍റ്റി ഗ്ലാമര്‍ ഇടിച്ചെങ്കിലും ഹോളണ്ടിനെ എഴുതിത്തള്ളാന്‍ അത് പോര