മോസ്‌കോ: ക്രൊയേഷ്യയ്‌ക്കെതിരെ 3-0ന് തോറ്റ അര്‍ജന്റീന ഇനി കൂടുതല്‍ പഴിയൊന്നും കേള്‍ക്കാനില്ല. മെസ്സിയെയും സംഘത്തെയും ആരാധകരും വിമര്‍ശകരും കണക്കിന് ശപിച്ചു കഴിഞ്ഞു. എന്നാല്‍ രണ്ടാം റൗണ്ടില്‍ കടക്കാനുള്ള സാധ്യത ഇപ്പോഴും മെസ്സിയുടെ ടീമിന് ബാക്കിയുണ്ട്. നൈജീരിയയെ തോല്‍പ്പിക്കുകയാണ് അര്‍ജന്റീനയ്ക്ക് മുന്നിലുള്ള കടമ്പ. എന്നാല്‍ നൈജീരിയ, ക്രൊയേഷ്യ എന്നിവരെ തോല്‍പ്പിച്ചാല്‍ ഐസ്‌ലാന്‍ഡിന് സാധ്യത നിലനില്‍ക്കുന്നുണ്ട്.
അര്‍ജന്റീന രണ്ടാം റൗണ്ടില്‍ കടക്കാതിരിക്കാനുള്ള ക്രൊയേഷ്യ കോച്ചിന്റെ തന്ത്രം കേട്ടാല്‍ ആരാധകര്‍ക്ക് വിറളി പിടിക്കും. തങ്ങളുടെ സുപ്രധാന താരങ്ങളെ ഐസ്‌ലാന്‍ഡിന് എതിരായ മത്സരത്തില്‍ ഇറക്കാതെ വിശ്രമം നല്‍കാനാണ് കോച്ച് സ്ലാട്‌കോ ഡാലികിന്റെ തീരുമാനം. അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെ ക്രൊയേഷ്യ രണ്ടാം റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്റാണ് അര്‍ജന്റീനയുടെ സമ്പാദ്യം.

ഐസ്‌ലാന്‍ഡിന് എതിരായ മത്സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് ഡാലിക് വ്യക്തമാക്കി. ഇതിലൂടെ ഐസ്‌ലാന്‍ഡി മത്സരത്തില്‍ ജയിക്കാനുള്ള അവസരമാകും തുറന്നു നല്‍കുക. രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റും, അഞ്ച് ഗോളും നേടിയ ടീം ഒരു ഗോള്‍ പോലും വാങ്ങിയിട്ടില്ല. ലോകകപ്പ് വേദിയില്‍ ആരാധകരെ സൃഷ്ടിക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചെമെന്ന് കോച്ച് പറയുന്നുണ്ട്. ടീമിന്റെ കളി കണ്ടവരെല്ലാം തങ്ങളുടെ ആരാധകരാകുമെന്ന് ഡാലികിന് ഉറപ്പാണ്.

ക്രൊയേഷ്യ മത്സരം നടന്ന നോവ്‌ഗൊറോഡ് സ്‌റ്റേഡിയത്തില്‍ പരിശീലിച്ചപ്പോള്‍ മോസ്‌കോയിലായിരുന്നു അര്‍ജന്റീനയുടെ പരിശീലനം. ഗ്രൗണ്ടില്‍ നടത്തിയ ഒരുക്കങ്ങള്‍ ഗുണം ചെയ്‌തെന്നാണ് മത്സരഫലം തെളിയിച്ചത്. അര്‍ജന്റീനയെ നേരിടാന്‍ താരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസമാണ് വഴിത്തിരിവായതെന്നും കോച്ച് ഡാലിക് വിശ്വസിക്കുന്നു.