മുംബൈ: ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിച്ചതോടെ പല കളി ഭ്രാന്തന്‍മാരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. റഷ്യയിലാണ് പന്ത് ഉരുളുന്നതെങ്കിലും ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ അവിടെ നടക്കുന്ന മത്സരങ്ങള്‍ കണ്ട് ആവേശവും, നിരാശയും കൊള്ളും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംഗും ഫുട്‌ബോളിന്റെ കടുത്ത ആരാധകനാണ്. തന്റെ പ്രിയപ്പെട്ട ടീമും താരവും വെളിപ്പെടുത്തി ഭാജി ഒരു ട്വീറ്റും പങ്കുവെച്ചു.

അടുത്ത ഒരു മാസക്കാലത്തേക്ക് തന്റെ ഉറക്കം നഷ്ടമാകുമെന്നാണ് ഭാജി വ്യക്തമാക്കിയിരിക്കുന്നത്. കാരണം അര്‍ജന്റീനയും, സൂപ്പര്‍താരം ലയണല്‍ മെസ്സിയും തന്നെ. 'അടുത്ത ഒരു മാസക്കാലം ഈ മനുഷ്യന് വേണ്ടി എന്റെ രാത്രികള്‍ ഉറക്കമില്ലാത്തതാകും.. ഗോ മെസ്സി ഗോ', ഇതായിരുന്നു തന്റെ ആരാധന വ്യക്തമാക്കിക്കൊണ്ട് ഹര്‍ഭജന്റെ ട്വീറ്റ്.
ജൂണ്‍ 24-ന് 31 വയസ്സ് തികയുന്ന മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു. അഞ്ച് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. ബാഴ്‌സലോണ ക്ലബിന് വേണ്ടി മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കുമ്പോഴും അന്താരാഷ്ട്ര തലത്തില്‍ അര്‍ജന്റീനയ്ക്കായി കിരീട നേട്ടങ്ങളില്ലെന്നതാണ് മെസ്സിക്കെതിരെയുള്ള വിമര്‍ശനം.
2014 ബ്രസീല്‍ ലോകകപ്പില്‍ നാല് ഗോളുകളുമായി ടൂര്‍ണമെന്റിലെ താരമായെങ്കിലും ഫൈനലില്‍ ജര്‍മ്മനിയുടെ മാരിയോ ഗോഡ്‌സെ അന്തിമനിമിഷത്തില്‍ തൊടുത്ത ഗോളിന് മുന്നില്‍ അര്‍ജന്റീനയ്ക്ക് കീഴടങ്ങേണ്ടി വന്നു. ഇത്തവണ ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ഐസ്‌ലാന്‍ഡ്, നൈജീരിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. ഒരു പക്ഷെ അര്‍ജന്റീനിയന്‍ ഇതിഹാസത്തിന്റെ അവസാന ലോകകപ്പും ഇതാകും, അതുകൊണ്ട് കപ്പുയര്‍ത്താനുള്ള അവസാന അവസരവും.