ബ്യൂണസ് ഐറിസ്: 2018ലെ റഷ്യന്‍ അടുത്ത ലോകകപ്പ് ഫുട്ബോള്‍ യോഗ്യത തുലാസില്‍ നില്‍ക്കെ അര്‍ജന്റീനയുടെ പരിശീലകസ്ഥാനത്തു നിന്ന് എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കി. പരിശീലകസ്ഥാനമേറ്റെടുത്ത് എട്ടു മല്‍സരങ്ങള്‍ മാത്രം പിന്നിടവെയാണ് ബൗസയെ നീക്കിയത്.
ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. 10 ടീമുകള്‍ ഉള്‍പ്പെടുന്ന യോഗ്യതാറൗണ്ടില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കു മാത്രമേ നേരിട്ടു ലോകകപ്പിനു യോഗ്യത ലഭിക്കുകയുള്ളൂ. അഞ്ചാംസ്ഥാനത്തു തന്നെ യോഗ്യതാറൗണ്ട് പൂര്‍ത്തിയാക്കുകയാണെങ്കില്‍ അര്‍ജന്റീനയ്ക്ക് പ്ലേഓഫില്‍ ജയിക്കേണ്ടിവരും. ഓഷ്യാനിയ മേഖലയില്‍ നിന്നുള്ള ടീമായിരിക്കും പ്ലേഓഫില്‍ അര്‍ജന്റീനയുടെ എതിരാളി.
2016 ആഗസ്റ്റിലാണ് ബൗസ അര്‍ജന്റീന കോച്ചായി നിമയിക്കപ്പെട്ടത്. ഇതുവരെ എട്ടു മല്‍സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹത്തിന് മൂന്നെണ്ണത്തില്‍ മാത്രമേ ജയം നേടാനായിട്ടുള്ളൂ. മൂന്നെണ്ണത്തില്‍ പരാജയപ്പെട്ട അര്‍ജന്റീന രണ്ടു കളികളില്‍ സമനിലയുമേറ്റുവാങ്ങി. നിലവില്‍ സ്പാനിഷ് ലീഗിലെ പ്രമുഖ ക്ലബ്ബായ സെവിയ്യയെ പരിശീലിപ്പിക്കുന്ന ജോര്‍ജിയോ സാംപോളിയെയാണ് പുതിയ കോച്ചായി പരിഗണിക്കുന്നത്. നേരത്തേ ചിലി ടീമിനൊപ്പം മികച്ച നേട്ടങ്ങള്‍ കൊയ്ത കോച്ചാണ് സാംപോളി.