മെസ്സിയുടെ മനസ്സിലെന്ത്? ഇനി കാണുമോ അര്‍ജന്റൈന്‍ ജഴ്‌സിയില്‍... കോച്ച് പറയുന്നത് ഇങ്ങനെ

ബ്യൂണസ് ഐറിസ്: ഇതിഹാസ ഫുട്‌ബോളറും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെ വീണ്ടുമൊരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ നീല ജഴ്‌സിയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം മെസ്സി തന്റെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്താവുകയായിരുന്നു.
ലോകകപ്പ് ദുരന്തത്തിനു ശേഷം ജോര്‍ജെ സാംപോളി അര്‍ജന്റീനയുടെ പരിശീലകസ്ഥാനം രാജിവച്ചിരുന്നു.
തുടര്‍ന്നു ടീമിന്റെ താല്‍ക്കാലിക കോച്ചുമാരായി അണ്ടര്‍ 20 ടീമിന്റെ പരിശീലകരായ ലയണല്‍ സ്‌കലോനിയെയും പാബ്ലോ അയ്മറിനെയും നിയമിക്കുകയും ചെയ്തിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ ഇരുവരും പ്രഖ്യാപിച്ചപ്പോള്‍ മെസ്സി ഉള്‍പ്പെട്ടിരുന്നില്ല.

മെസ്സി ഇനി കളിക്കില്ലേ?
കൊളംബിയ, ഗ്വാട്ടിമാല എന്നിവര്‍ക്കെതിരായ സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് സ്‌കലോനിയും അയ്മറും പ്രഖ്യാപിച്ചത്. മെസ്സി ടീമില്‍ ഉള്‍പ്പെടാതിരുന്നതോട ആരാധകരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇനിയൊരിക്കലും മെസ്സിയെ ദേശീയ ടീമിന്റെ ജഴ്‌സിയില്‍ കാണാനാവില്ലേയെന്നതാണ് അവരെ ഭയപ്പെടുത്തുന്നത്.
നേരത്തേ 2016ലെ കോപ്പ അമേരിക്കയുടെ ഫൈനലില്‍ പരാജയപ്പെട്ട ശേഷം ലോകത്തെ ഞെട്ടിച്ച് മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തീരുമാനം പിന്‍വലിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയായിരുന്നു.

മെസ്സിയുമായി സംസാരിച്ചു
സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും മെസ്സിയെ ഏകപക്ഷീയമായി ഒഴിവാക്കിയതല്ലെന്നു സ്‌കലോനി പറയുന്നു. ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് മെസ്സിയുമായി സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇനി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുമോയെന്നതിനെക്കുറിച്ച് മെസ്സി ഒന്നും പറഞ്ഞിട്ടില്ലെന്നും അതേക്കുറിച്ച് ആരാധകരുടേത് പോലെ തന്നെ തങ്ങള്‍ക്കും ആശങ്കയുണ്ടെന്നും സ്‌കലോനി കൂട്ടിച്ചേര്‍ത്തു.

മെസ്സിയുമായി അടുത്ത സൗഹൃദം
മെസ്സിയുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നു സ്‌കലോനി പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം ടീമില്‍ ഇല്ലെന്നത് സത്യമാണ്. എന്നാല്‍ ഭാവിയില്‍ അദ്ദേഹം തിരിച്ചുവരില്ലെന്നു പറയാനാവില്ല. ഇതേക്കുറിച്ച് വ്യക്തത വരാന്‍ കാത്തിരിക്കണമെന്നും കോച്ച് വിശദമാക്കി.
മെസ്സിയെപ്പോലൊരു താരം ടീമില്‍ ഇല്ലെങ്കില്‍ ലോകത്തിലെ ഒരു കോച്ചിനും സന്തോഷമുണ്ടാവില്ലെന്നും സ്‌കലോനി പറഞ്ഞു.

മെസ്സി മാത്രമല്ല, പല സീനിയര്‍ താരങ്ങളുമില്ല
മെസ്സിയെക്കൂടാതെ ലോകകപ്പില്‍ കളിച്ച പല സീനിയര്‍ താരങ്ങളുമില്ലാതെയാണ് പുതിയ അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ കോച്ച് സാംപോളി ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞ ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയെ പുതിയ പരിശീലകര്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
കൂടാതെ യുവ താരങ്ങളായ ലൊറ്റാറോ മാര്‍ട്ടിനസ്, ജിയോവാനി സിമിയോണി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് സ്‌കലോനിയും അയ്മറും ടീമിനെ തിരഞ്ഞെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications