ബാഴ്‌സലോണ: ലോകകപ്പിന് മുന്നോടിയായി ഇസ്രായേലുമായി നടക്കാനിരുന്ന സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. ഗാസയില്‍ അശാന്തി പടരുമ്പോള്‍ ഇസ്രായേലുമായി സൗഹൃദ മത്സരം കളിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ അര്‍ജന്റീന തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 9ന് ജറുസലേമില്‍ വെച്ചാണ് കളി നടക്കേണ്ടിയിരുന്നത്. എന്നാല്‍, മത്സരം ഉപേക്ഷിക്കാന്‍ അന്തിമ തീരുമാനം എടുത്തതായി അര്‍ജന്റീനന്‍ താരം ഹിഗ്വയിന്‍ വ്യക്തമാക്കി. അതേസമയം, മത്സരം റദ്ദാക്കിയതായി ഇസ്രായേലി ഫുട്‌ബോള്‍ അസോസിയേഷന്‍ ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രായേലിനെതിരെ പ്രതിഷേധിച്ച 120ഓളം പാലസ്തീനികളെ അടുത്തിടെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇത്തരമൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായ പ്രതിഷേധം കൂടിയാണ് അര്‍ജന്റീനയുടെ പിന്‍വാങ്ങലെന്നാണ് സൂചന. അര്‍ജന്റീന മത്സരം ഉപേക്ഷിച്ചതില്‍ പാലസ്തീന്‍ നന്ദി അറിയിച്ചു. ധാര്‍മിതകയുടെയും സ്‌പോര്‍ട്‌സിന്റെയും വിജയമാണിത്. ഇസ്രായേലിന് ചുവപ്പു കാര്‍ഡ് കിട്ടിയിരിക്കുകയാണെന്നും പാലസ്തീന്‍ പ്രതിനിധി വ്യക്തമാക്കി.
ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്നതിനെതിരെ പാലസ്തീന്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതേ സ്ഥലത്തുവെച്ച് അര്‍ജന്റീനയുമായി സൗഹൃദ മത്സരം നടത്താനുള്ള ഇസ്രായേല്‍ തീരുമാനവും രാഷ്ട്രീയപരമായ പിന്തുണ നേടുന്നതിനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അര്‍ജന്റീന മത്സരത്തില്‍നിന്നും പിന്മാറിയതോടെ ഇസ്രായേല്‍ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.