
സാവോപോളോ: കോപ്പ അമേരിക്കയില്‍ കഴിഞ്ഞ രണ്ടു തവണത്തെയും ഫൈനലിന്റെ റീപ്ലേ കണ്ട പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു മധുരപ്രതികാരം. ലൂസേഴ്‌സ് ഫൈനലില്‍ കഴിഞ്ഞ രണ്ടു തവണയും ചാംപ്യന്‍മാരായ ചിലിയെ അര്‍ജന്റീന മറികടക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. സെര്‍ജിയോ അഗ്വേറോ (12ാം മിനിറ്റ്), പൗലോ ദിബാല (22) എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. 59ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാല്‍ പെനല്‍റ്റിയിലൂടെ ചിലിയുടെ ഗോള്‍ മടക്കുകയായിരുന്നു.
ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി ആദ്യ പകുതിയില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്റീനയുടെ ജയത്തിന്റെ നിറംകെടുത്തി. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തില്‍ കൊമ്പുകോര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഇത്. മെഡലിനെയും റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി.

കളിയുടെ ആദ്യ പകുതിയില്‍ ചിലി പന്തടക്കത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ഗോളവസരങ്ങള്‍ അര്‍ജന്റീന മുതലെടുക്കുകയായിരുന്നു. രണ്ടു ഗോളുകളും തമ്മില്‍ ചെറിയ സാമ്യതയുമുണ്ടായിരുന്നു. ചിലി പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു ഈ ഗോളുകള്‍. ചിലി പ്രതിരോധത്തെ കീറി മുറിച്ച് നല്‍കിയ രണ്ടു ത്രൂ ബോളുകളാണ് ഗോളുകള്‍ക്കു വഴിയൊരുക്കിയത്. മെസ്സി പെട്ടെന്നെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ആദ്യഗോള്‍. മെസ്സിയുടെ അതിവേഗ ഫ്രീകിക്കുമായി ഒറ്റയ്ക്ക് മുന്നേറിയ അഗ്വേറോ വലതു വിങില്‍ നിന്നും തന്നെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ച ഗോളിയെ നിസ്സഹായനാക്കി വല കുലുക്കുകയായിരുന്നു.
10 മിനിറ്റിനുള്ളില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. ഇത്തവണ ലോ കെല്‍സോയുടെ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് കുതിച്ച ദിബാല മുന്നോട്ട് കയറി വന്ന ഗോളിയെ വെട്ടിച്ച് ഷോട്ടുതിര്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ ലഭിച്ച രണ്ടു സുവര്‍ണാവസരങ്ങള്‍ അഗ്വേറോ മുതലാക്കിയിരുന്നെങ്കില്‍ അര്‍ജന്റീന ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ ജയിക്കുമായിരുന്നു.