മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യവുമായി ഗാരെത് ബെയിലും ടോണി ക്രൂസും ലൂക മോഡ്രിചും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് റയല്‍മാഡ്രിഡ് കോച്ച് സിനദിന്‍ സിദാനെ കണ്ടു ! റയലിനുള്ളില്‍ ആഭ്യന്തര കലാപമോ ? യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ റയല്‍ തയ്യാറെടുക്കുമ്പോഴാണ് ഇത്തരമൊരു പൊട്ടിത്തെറിക്കുന്ന വാര്‍ത്ത.
എന്നാല്‍, കോച്ച് സിനദിന്‍ സിദാനോ ക്ലബ്ബ് അധികൃതരോ താരങ്ങളോ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. മ്യൂണിക്കിലെ അലയന്‍സ് അരീനയിലേക്ക് പുറപ്പെട്ട റയല്‍ താരങ്ങളുടെ സെല്‍ഫികള്‍ സൂചിപ്പിക്കുന്നു ടീമിനുള്ളില്‍ ഒരു പ്രശ്‌നവുമില്ല. ചാമ്പ്യന്‍സ് ല്ീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ചരിത്രം സൃഷ്ടിക്കാന്‍ സിദാനുംസംഘവും മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് വ്യക്തം.

ക്രിസ്റ്റ്യനോയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ആത്മവിശ്വാസത്തോടെ ക്യാമറക്ക് നേരെ വിജയചിഹ്നം കാണിക്കുന്ന ക്രിസ്റ്റിയാനോയെ കാണാം. 2013 ന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയിട്ടില്ലാത്ത ബയേണ്‍ മ്യൂണിക് കഴിഞ്ഞ മൂന്ന് സീസണിലും സെമി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബുണ്ടസ് ലിഗയില്‍ കരുത്തരായ ബൊറുസിയ ഡോട്മുണ്ടിനെ 4-1ന് തകര്‍ത്തെറിഞ്ഞിട്ടാണ് ബയേണ്‍ ആത്മവിശ്വാസം സംഭരിച്ചിരിക്കുന്നത്.

അതേ സമയം, സ്‌പെയ്‌നിലെ മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ഹോം മാച്ചില്‍ 1-1ന്‌സമനില വഴങ്ങിയത് റയലിനെ നിരാശപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ക്രിസ്റ്റ്യാനോ മങ്ങിപ്പോയതും ചര്‍ച്ചയായി. കഴിഞ്ഞ ഒമ്പത് ലീഗ് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് ക്രിസ്റ്റിയാനോ നേടിയത്. ഇതാണത്രേ, സഹതാരങ്ങള്‍ ക്രിസ്റ്റിയാനോക്കെതരെതിരിയാന്‍ കാരണം. ഫോമില്ലാത്ത താരത്തെ പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന ചോദ്യവും സഹതാരങ്ങള്‍ ഉയര്‍ത്തിയത് ഈ സാഹചര്യത്തിലാണത്രേ. എന്നാല്‍, റയല്‍ മാഡ്രിഡ് കേന്ദ്രങ്ങള്‍ ഇതിനെ തള്ളിക്കളയുകയാണ്. കഴിഞ്ഞ വര്‍ഷം അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റപ്പോഴും സമാനമായ ഗോസിപ്പ് ഉണ്ടായിരുന്നു. അന്ന് ക്രിസ്റ്റ്യാനോ മത്സരശേഷം നിരാശയോടെ പറഞ്ഞു; എന്റെ നിലവാരത്തില്‍ കളിക്കുന്ന സഹതാരങ്ങള്‍ ഉണ്ടെങ്കിലേ റയല്‍ മത്സരം ജയിക്കൂ.

ഇത് പക്ഷേ വിവാദമായി. സഹതാരങ്ങളെ ക്രിസ്റ്റ്യാനോ അപമാനിച്ചെന്നായി റിപ്പോര്‍ട്ട്. സിദാന്‍ ഇടപെട്ടു. ക്രിസ്റ്റ്യാനോ കാര്യംവിശദീകരിച്ചു. തന്റെ സഹതാരങ്ങളില്‍ പലരും പരുക്കിനെ തുടര്‍ന്ന് ഫിറ്റ്‌നെസില്ലാതെ വിഷമിക്കുകയാണ്. അവരെല്ലാം പൂര്‍ണമായും ആരോഗ്യംവീണ്ടെടുത്താലേ റയലിന് മത്സരം ജയിക്കാന്‍ കഴിയൂ എന്നാണ് ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി.
അന്നുണ്ടായത് പോലെ ക്രിസ്റ്റിയാനോയെയും റയലിനെയും വേര്‍തിരിക്കാനുള്ള പാപ്പരാസികളുടെ ഗൂഢശ്രമമാണോ ഇതിന് പിറകിലെന്നും റയല്‍ ആരാധകര്‍ സംശയിക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ ക്രിസ്റ്റ്യാനോ ഫോമിലേക്കുയരുമെന്ന് സിദാന്‍ വിശ്വസിക്കുന്നു. കാത്തിരിക്കാം ക്രിസ്റ്റിയാനോയാണോ പാപ്പരാസകളാണോ വാഴാന്‍ പോകുന്നതെന്ന്.
മത്സരം ബുധന്‍ രാത്രി 12.00ന് ടെന്‍ 1 ചാനലില്‍ തത്സമയം