സാവോ പോളോ: പരിക്കേറ്റ് നെയ്മര്‍ പുറത്തായത് ബ്രസീലിന് തിരിച്ചടിയായെങ്കില്‍ അര്‍ജന്റീനക്കും ഇതാ ഒരു പ്രതിസന്ധി. മുന്നേറ്റ നിരയില്‍ മെസ്സിക്ക് തുണയാകേണ്ട എയ്ഞ്ചല്‍ ഡി മരിയ സെമി ഫൈനലില്‍ കളിക്കാനുണ്ടാകില്ല.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരെ കളിക്കുമ്പോഴാണ് ഡി മരിയക്ക് പരിക്കേറ്റത്. ഇതോടെ കോച്ച് മരിയയെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് ഇത്രയും ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ല.

ബെല്‍ജിയത്തിനെതിരെയുള്ള മത്സരത്തിന്റെ 35-ാം മിനിട്ടിലായിരുന്നു ഡി മരിയയുടെ തുടക്ക് പരിക്കേറ്റത്. ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഡി മരിയ ഉണ്ടാകില്ല. ഒരു മാസം നീണ്ടു നില്‍ക്കുന്ന വിശ്രമമാണത്രെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
താരത്തിന്റെ എജന്റ് ആണ് ഇക്കാര്യം പുറത്തറിയിച്ചത്. എന്നാല്‍ ടീം അധികൃതര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഡി മരിയക്ക് സെമിയില്‍ കളിക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നാണ് ടീം അധികൃതര്‍ പറയുന്നത്.
ക്വാര്‍ട്ടര്‍ മത്സരതത്തില്‍ തന്നെയായിരുന്നു ബ്രസീലിന്റെ പ്രതീക്ഷയായിരുന്ന നെയ്മറിനും പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ നെയ്മറിനും ഇനി അടുത്ത കാലത്ത് കളത്തിലിറങ്ങാനാവില്ല.
സെമി ഫൈനലില്‍ കരുത്തരായ ഹോളണ്ടിനെയാണ് അര്‍ജന്റീനക്ക് നേരിടേണ്ടത്. ഡി മരിയയെ പോലെ അനുഭവ സമ്പത്തും കളിപരിചയവും ഉള്ള ഒരാളുടെ അഭാവം അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളി തന്നെയാകും.