അങ്കം തുടങ്ങും മുമ്പ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി... കോട്ട കാക്കാന്‍ അനസില്ല!! അരങ്ങേറ്റം വൈകും
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ ഇറങ്ങുകയെന്ന മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുടെ മോഹം പൂവണിയാന്‍ കാത്തിരിക്കേണ്ടിവരും. ഈ മാസം അവസാനം ആരംഭിക്കുന്ന ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മൂന്നു കളികളിലും പ്രതിരോധക്കോട്ട കാക്കാന്‍ അനസ് ഉണ്ടാവില്ല.
കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ താരമായിരുന്ന അദ്ദേഹം സീസണിനു ശേഷമാണ് തന്റെ പ്രിയ ടീമായ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. എന്നാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഐഎസ്എല്ലില്‍ അരങ്ങേറുകയെന്ന അദ്ദേഹത്തിന്റെ കാത്തിരിപ്പ് നീളും.

മൂന്നു മല്‍സരങ്ങളില്‍ വിലക്ക്
മൂന്നു മല്‍സരങ്ങളില്‍ വിലക്കുള്ളതിനാലാണ് ഐഎസ്എല്ലിലെ ആദ്യത്തെ കളികള്‍ അനസിനു നഷ്ടമായത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു വിലക്ക് വന്നത്. ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ കളിയുടെ ഒന്നാം പകുതിക്കു ശേഷം ടണലില്‍ വച്ച് എതിര്‍ ടീമിലെ താരങ്ങളുമായി ഏറ്റുമുട്ടിയതാണ് അനസിനെ കുടുക്കിയത്. അനസുള്‍പ്പെടെ മൂന്നു കളിക്കാരെയാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ മൂന്നു കളികളില്‍ വിലക്കിയത്. കൂടാതെ മൂന്നു താരങ്ങളില്‍ നിന്നും പിഴയായി ഓരോ ലക്ഷം രൂപ വീതം ഈടാക്കുകയും ചെയ്തിരുന്നു.

ജംഷഡ്പൂരിന്റെ അവസാന മല്‍സരം
ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ 0-5ന്റെ കനത്ത തോല്‍വിയേറ്റു വാങ്ങി ജംഷഡ്പൂര്‍ എഫ്‌സി സൂപ്പര്‍ കപ്പില്‍ നിന്നും പുറത്തായിരുന്നു. കഴിഞ്ഞ സീസണില്‍ അവരുടെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്. ഇതോടെയാണ് അനസിന്റെ വിലക്ക് പുതിയ സീസണിലേക്കു നീണ്ടത്.
പുതിയ സീസണില്‍ എടിക്കെ, മുംബൈ സിറ്റി, തന്റെ മുന്‍ ടീമായ ഡല്‍ഹി ഡൈനാമോസ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലാണ് വിലക്ക് മൂലം താരത്തിന് പുറത്തിരിക്കേണ്ടിവരിക.

നിര്‍ണായക താരം
പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക താരമാണ് അനസ്. ദേശീയ ടീമില്‍ പ്രതിരോധത്തില്‍ അനസിന്റെ പങ്കാളിയായ സന്ദേഷ് ജിംഗനാണ് ബ്ലാസ്റ്റേഴ്‌സിലുമുള്ളത്. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ട് വന്‍ ഹിറ്റായി മാറുമെന്ന പ്രതീക്ഷയാണ് മഞ്ഞപ്പടയുടെ ആരാധകരും കോച്ച് ഡേവിഡ് ജെയിംസും.
അനസിനെ ആദ്യ മൂന്നു കളികളില്‍ നഷ്ടമായതോടെ പകരം ഒരു വിദേശ താരത്തെ ജെയിംസിന് പരീക്ഷിക്കേണ്ടിവരും.

പരിക്ക് അലട്ടി
മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ചായ സ്റ്റീവ് കോപ്പലിനു കീഴില്‍ കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ജംഷഡ്പൂരിനായി എട്ടു മല്‍സരങ്ങളില്‍ മാത്രമാണ് അനസ് കളിച്ചത്. തുടര്‍ച്ചയായ പരിക്കുകള്‍ താരത്തെ വേട്ടയാടിയതിനെ തുടര്‍ന്നാണിത്. ഇതോടെ അദ്ദേഹത്തിന് മിക്ക മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നു.
സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ഓഫറുമായി രംഗത്തുവന്നപ്പോള്‍ അനസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കാരണം മഞ്ഞപ്പടയ്ക്കു വേണ്ടി കളിക്കുകയെന്നത് താരത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: അനസ് എടത്തൊടിക ഫാന്‍സ് പേജ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications