മോസ്‌കോ: ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ ജപ്പാന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ അകിര നിഷിനോ രാജി സന്നദ്ധത അറിയിച്ചു. പരിശീലക സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അകിര അറിയിച്ചതായി ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. രണ്ടുഗോളിന് മുന്നിട്ടുനിന്നശേഷം ബെല്‍ജിയത്തോട് 2-3 എന്ന സ്‌കോറിന് ജപ്പാന്‍ തോറ്റിരുന്നു.
നിഷിനോയോട് പരിശീലക സ്ഥാനത്ത് തുടരാന്‍ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്ന് ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചു. എന്നാല്‍, അദ്ദേഹം തുടരുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. ജപ്പാന്‍ ഫുട്‌ബോളിന് വേണ്ടി അദ്ദേഹത്തിന് പലതും ചെയ്യാനാകുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് കോസോ താഷിമ പറഞ്ഞു.

വാഹിദ് ഹലിഹോദ്‌സിക്കിന്റെ പുറത്താകലിനെ തുടര്‍ന്ന് ലോകകപ്പിന് രണ്ടുമാസം മുന്‍പ് മാത്രമാണ് നിഷിനോ സ്ഥാനമേറ്റത്. കുറഞ്ഞകാലയളവിനുള്ളില്‍തന്നെ അദ്ദേഹം ടീമിനെ മികച്ച സംഘമാക്കി മാറ്റിയെടുക്കുകയും ചെയ്തു. 2022ലെ ലോകകപ്പിലും ജപ്പാന് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് നിഷിനോ പത്രസമ്മേളനത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കളിക്കാരുമായുള്ള ഇടപെടല്‍ കുറഞ്ഞതോടെയാണ് മുന്‍ പരിശീലകനെ പുറത്താക്കിയത്. അന്ന്, ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന നിഷിനോയെ പരിശീലകനാക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ ജപ്പാന്‍ പുറത്താകുമെന്ന് കരുതപ്പെട്ടെങ്കിലും പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ വിറപ്പിച്ചശേഷമാണ് ടീം നാട്ടിലേക്ക് മടങ്ങിയത്.