ഇന്ത്യന്‍ ഫുട്‌ബോളിന്റെ 19 വര്‍ഷത്തെ ചരിത്രത്തിലേക്ക് പിന്നോട്ട് നടക്കുമ്പോള്‍ അവിടെ ഒരു ഇതിഹാസത്തിന്റെ കാലടയാളം കാണാനാവും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒറ്റയാള്‍ പട്ടാളമായി കുമ്മായ വരക്കുള്ളിലെ പോര്‍മുഖങ്ങളില്‍ ഇന്ത്യയുടെ സൈന്യാധിപനും പടത്തലവനും രാജാവും രക്ഷകനുമായിയെല്ലാം നിറഞ്ഞാടിയ ഒരു കുറിയ മനുഷ്യന്‍. പേര് സുനില്‍ ഛേത്രി.
ഇന്ന് അദ്ദേഹം ബൂട്ടഴിക്കുകയാണ്. പന്ത് തട്ടിയ വേദികളിലെല്ലാം ആരാധകരെ നെഞ്ചോട് ചേര്‍ത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സൂനില്‍ ഛേത്രി കളിയാരവങ്ങളോട് യാത്രാമൊഴി ചൊല്ലുമ്പോള്‍ ആരാധകര്‍ക്ക് പറയാന്‍ ഇനി ബാക്കി നന്ദി മാത്രം.
ഇന്ത്യന്‍ ഫുട്‌ബോളിന് ഛേത്രി നല്‍കിയ നേട്ടങ്ങളും സംഭാവനകളും വാക്കുകള്‍ക്കതീതമാണ്. ഇക്കാലയളവില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായി മാറാന്‍ ഛേത്രിക്ക് സാധിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനെ ആരാധകര്‍ കൈയൊഴിഞ്ഞ കാലത്തും ആ മനുഷ്യന്‍ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് സാധ്യമായത് എല്ലാം നേടിക്കൊടുത്ത് ഛേത്രി പടിയിറങ്ങുമ്പോള്‍ ആരാധക മനസുകളില്‍ മായാത്ത ചില സുന്ദര നിമിഷങ്ങള്‍ മാത്രം ബാക്കി.
2005ല്‍ പാകിസ്താനെതിരേ കളിച്ചാണ് സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് വരുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇന്ത്യക്കായി കൂടുതല്‍ മത്സരം കളിച്ച താരവും കൂടുതല്‍ കാലം ക്യാപ്റ്റനായ താരവുമെല്ലാം ഛേത്രിയാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും സഹതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഇന്ത്യന്‍ ഫുട്‌ബോളിന്റെ തമ്പുരാനായിത്തന്നെയാണ് ഛേത്രി പടിയിറങ്ങുന്നത്. ഫുട്‌ബോള്‍ താരമെന്ന നിലയില്‍ പല പരിമിതികളും ഛേത്രിക്കുണ്ടായിരുന്നു.

ഉയരക്കുറവുള്ള താരമായിരുന്നിട്ടും 150 മത്സരങ്ങളില്‍ നിന്നും 94 ഗോളുകളുമായി തന്റെ കുറവുകളെ മികവുകൊണ്ട് മറികടന്ന പ്രതിഭയാണ് ഛേത്രി. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ ലയണല്‍ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും പിന്നില്‍ മൂന്നാമനായി ഛേത്രി സ്ഥാനം നേടുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അത് അഭിമാന നിമിഷം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ വേരറ്റ് പോകാതെ ഈ നിമിഷം വരെ കാത്തുസൂക്ഷിക്കാന്‍ ഛേത്രിക്ക് സാധിച്ചിട്ടുണ്ട്.
ഫുട്‌ബോളിനെ നെഞ്ചേറ്റിയ കുടുംബത്തില്‍ നിന്നെത്തിയ ഛേത്രിക്ക് ഫുട്‌ബോള്‍ കേവലം കളി മാത്രമല്ല. അതിനപ്പുറം അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനാവാത്ത വികാരം കൂടിയാണ്. ഫുട്‌ബോള്‍ താരമായിരുന്ന അച്ഛന്‍ കെ ബി ഛേത്രിയില്‍ നിന്ന് ബാലപാഠം ഉള്‍ക്കൊണ്ട് സുനില്‍ ഛേത്രി നടത്തിയ കുതിപ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഏടാണ്. 39ാം വയസിലും യുവതാരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് നിലവാരം കാത്ത് സൂക്ഷിക്കാന്‍ ഛേത്രിക്ക് സാധിക്കുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിനായി ജീവിതം ഒഴിഞ്ഞുവെച്ച പ്രതിഭയാണ് ഛേത്രി. എന്നാല്‍ വിടപറയല്‍ കാലത്തിന്റെ അനിവാര്യതയാണ്. നിരാശയോടെയും ദുഖത്തോടെയുമാണെങ്കിലും ഈ വിടപറയല്‍ അനിവാര്യതയാണെന്ന് ഛേത്രി പറയുമ്പോള്‍ ആ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ അദ്ദേഹത്തിന് ഫുട്‌ബോള്‍ എന്തായിരുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പവും ക്ലബ്ബ് ടീമുകള്‍ക്കൊപ്പവും നിരവധി കിരീടം വാരിക്കൂട്ടാനുമുള്ള ഭാഗ്യം ഛേത്രിക്ക് ലഭിച്ചു.
ഇന്ത്യക്കൊപ്പം 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പില്‍ 2011, 2015, 2021, 2023 വര്‍ഷങ്ങളില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ നെടുന്തൂണായി ഛേത്രിയുണ്ടായിരുന്നു. 2007, 2009, 2012 വര്‍ഷങ്ങളില്‍ നെഹ്‌റു കപ്പില്‍ മുത്തമിടാനും ഛേത്രിക്ക് ഭാഗ്യമുണ്ടായി. 2023ലെ ട്രൈ നാഷണല്‍ ചാമ്പ്യന്‍ഷിപ്പും 2018, 2023 വര്‍ഷങ്ങളില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ഛേത്രിക്കായി. ഒരു തവണ ഐഎസ്എല്‍ കിരീടവും രണ്ട് തവണ ഐ ലീഗ് കിരീടവും ഛേത്രി നേടി.
സൂപ്പര്‍ കപ്പ്, ഡുറാണ്ട് കപ്പ് കിരീടത്തിലും മുത്തമിട്ടു. സുനില്‍ ഛേത്രിയുടെ ഇന്ത്യന്‍ ഫുട്‌ബോളിനായുള്ള സംഭാവനകള്‍ പരിഗണിച്ച് രാജ്യം അര്‍ജുന, പത്മശ്രീ, ഖേല്‍ രത്‌ന അവാര്‍ഡുകളെല്ലാം നല്‍കി സുനില്‍ ഛേത്രിയെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് ഛേത്രിയുടെ പടിയിറക്കം.
ഇന്ത്യന്‍ ജേഴ്‌സിയില്‍ കൈയടി നേടാന്‍ ഇനിയും പല താരങ്ങള്‍ക്കും സാധിച്ചേക്കും. എന്നാല്‍ സുനില്‍ ഛേത്രിക്ക് ആരാധക ഹൃദയങ്ങളിലുള്ള സ്ഥാനം എത്തിപ്പിടിക്കുക മറ്റാര്‍ക്കും സാധിക്കാത്ത കാര്യമാണെന്ന് നിസംശയം പറയാം.
അവസാന മത്സരത്തില്‍ സുനില്‍ ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഒട്ടിമിക്ക ഇതിഹാസങ്ങളും ഗ്യാലറയിലുണ്ടായിരുന്നു. ജയത്തോടെ ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും കുവൈറ്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ഛേത്രി വിടപറയുന്നത്.