കാല്‍പന്തുകളിയിലെ ഈറ്റില്ലങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന രാജ്യമാണ് ബ്രസീല്‍. ഫുട്‌ബോളിനു ഏറെ വളക്കൂറുള്ള ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിനു ഒരുകാലത്തും പ്രതിഭകളുടെ പഞ്ഞമുണ്ടായിട്ടില്ല. സംബ താളവും കാലില്‍ ആവാഹിച്ച് എത്രയെത്ര ഫുട്‌ബോളര്‍മാരാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയിട്ടുള്ളത്. ഫുട്‌ബോളെന്നത് ബ്രസീലിനു മതം പോലെ തന്നെയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ഈ ഗെയിമിനോടു അത്രയുമധികം പാഷനാണ് അവര്‍ പുലര്‍ത്താറുള്ളത്.
ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രമെടുത്താല്‍ പെലെ മുതല്‍ റൊണാള്‍ഡോ വരെ ലോകം കീഴടക്കിയവരെ മാത്രമല്ല, വാനോളം പ്രതീക്ഷകള്‍ നല്‍കിയ ശേഷം അപ്രത്യക്ഷരായിട്ടുള്ള നിരവധി താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പല കാരണങ്ങളുമാവാം ഇതിനു പിന്നില്‍. ലോക ഫുട്‌ബോളിലെ വമ്പന്‍ താരമായി മാറാനുള്ള പ്രതിഭയുണ്ടായിട്ടും അതിനോടു നീതി പുലര്‍ത്താന്‍ കഴിയാതെ അപ്രത്യക്ഷരായിട്ടുള്ള ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

റൊബീഞ്ഞോ
ബ്രസീലിന്റെ സൂപ്പര്‍ താര പദവിയിലേക്കു അതിവേഗം ഉയര്‍ന്നുവന്ന കളിക്കാരില്‍ ഒരാളാണ് റൊബീഞ്ഞോ. ദേശീയ ടീമിനായി 100 മല്‍സരങ്ങള്‍ കളിക്കുകയും 13 കിരീട വിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ഒരു താരമെന്ന നിലയില്‍ റൊബീഞ്ഞോ തന്റെ കഴിവിനോടു പൂര്‍ണമായി നീതി പുലര്‍ത്തിയില്ല. 1999ല്‍ മുന്‍ ഇതിഹാസം പെലെ തന്റെ പിന്‍ഗാമായി തിരഞ്ഞെടുത്ത താരമാണ് റൊബീഞ്ഞോ. അന്നു അദ്ദേഹത്തിനു വെറും 15 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.
പെലെയെപ്പോലെ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലൂടെയാണ് റൊബീഞ്ഞോയും ഉയര്‍ന്നു വന്നത്. പിന്നീട് സ്പാനിഷ് പവര്‍ഹൗസുകളായ റയല്‍ മാഡ്രിഡിനു വേണ്ടി വരെ പന്തു തട്ടാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. 2005 മുതല്‍ 08 വരെ റൊബീഞ്ഞോ റയലിലുണ്ടായിരുന്നു. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു വന്നെങ്കിലും അവിടെ അദ്ദേഹം ക്ലിക്കായില്ല.
തുടര്‍ന്നു മുന്‍ ക്ലബ്ബായ സാന്റോസിലേക്കു വായ്പയില്‍ റൊബീഞ്ഞോ മടങ്ങുകയും ചെയ്തു പക്ഷെ തന്റെ പഴയ മിടുക്ക് പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. എസി മിലാന്‍, ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെ, അത്‌ലറ്റികോ മിനെയ്‌റോ, സിവാസ്‌പോര്‍ തുടങ്ങിയ പല ക്ലബ്ബുകള്‍ക്കായും കളിച്ചെങ്കിലും എവിടെയും ക്ലച്ച് പിടിച്ചില്ല. ഇതിനിടെ ബലാല്‍സംഗക്കേസില്‍ താരം അകപ്പെടുകയും ചെയ്തു. നിലവില്‍ ഒമ്പതു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് റൊബീഞ്ഞോ.
അഡ്രിയാനോ
ബ്രസീല്‍ മുന്നേറ്റനിരയിലെ തീപ്പൊരിയായിരുന്ന താരമാണ് മുന്‍ സ്‌ട്രൈക്കര്‍ അഡ്രിയാനോ. തീയുണ്ട കണക്കെയുള്ള അദ്ദേഹത്തിന്റെ ഗോളുകള്‍ ഒരു കാലത്തു ഫുട്‌ബോള്‍ പ്രേമികളുടെ ഹരമായിരുന്നു. ഗോളടി മികവ് കൊണ്ടു തന്നെ മുന്‍ ഇതിഹാസം റൊണാള്‍ഡോയുടെ പിന്‍ഗാമിയായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തു. 16ാം വയസ്സില്‍ ബ്രസീല്‍ ക്ലബ്ബായ ഫ്‌ളമെംഗോയിലൂടെയാണ് അഡ്രിയാനോ വരവറിയിച്ചത്.

തുടര്‍ന്ന് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാനിലെത്തിയ അദ്ദേഹം അവിടെയും ഗോളടിമികവ് തുടര്‍ന്നു. 2004 മുതല്‍ 2005 വരെയുള്ള കാലയളവില്‍ അവര്‍ക്കായി അഡ്രിയാനോ അടിച്ചുകൂട്ടിയത് 42 ഗോളുകളാണ്. ഇന്ററിനായി കളിക്കവെയാണ് ബ്രസീലിലുള്ള തന്റെ അച്ഛന്‍ മരിച്ചുവെന്നു അദ്ദേഹത്തിനു ഫോണ്‍ കോള്‍ ലഭിക്കുന്നത്. ഇതു അഡ്രിയാനോയെ മാനസികമായി തകര്‍ക്കുകയും ചെയ്തു. കാരണം അത്രയും ഗാഢമായ ബന്ധമാണ് ഇവര്‍ക്കിടയിലുണ്ടായിരുന്നത്.
അച്ഛന്റെ വിയോഗം വൈകാതെ അഡ്രിയാനോയെ മദ്യത്തില്‍ അഭയം കണ്ടെത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതു അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെയും ഫോമിനെയുമെല്ലാം സാരമായി ബാധിച്ചു. പരിശീലനത്തിനു പോലും അഡ്രിയാനോ പലപ്പോഴും വരാതായതോടെ ഇന്റര്‍ അദ്ദേഹത്തെ കൈവിട്ടു.
പിന്നീട് ഫ്‌ളമെംഗോ, എഎസ് റോമ, കൊറിന്ത്യന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്കായി അഡ്രിയാനോ കളിച്ചെങ്കിലും കരിയര്‍ മെച്ചപ്പെട്ടില്ല. ബ്രസീലിനായി 48 മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 27 ഗോളുകളും സ്‌കോര്‍ ചെയ്തു. നിലവില്‍ കുടുംബത്തോടൊപ്പം സ്വസ്ഥ ജീവിതം നയിക്കുകയാണ് റൊണാള്‍ഡോ.
അലെക്‌സാണ്ട്രെ പാറ്റോ
ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട താരമാണ് അലെക്‌സാണ്ട്രെ പാറ്റോ. 2006ലെ ഫിഫ ക്ലബ്ബ് ലോകകപ്പില്‍ 17ാം വയസ്സില്‍ ബ്രസീല്‍ ക്ലബ്ബായ ഇന്‍റര്‍നാഷ്യനലിനായി ഗോള്‍ നേടിയതോടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം 2007 നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ ബ്രസീലിനായി മൂന്നു ഗോളുകള്‍ നേടുകയും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തതോടെ അദ്ദേഹം താരപദവിയിലേക്കും ഉയര്‍ന്നു.
ഇതോടെ 2007ല്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്‍ പാറ്റോയെ റാഞ്ചുകയും ചെയ്തു. സീസണില്‍ 20 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തത്. അധികം വൈകാതെ പരിക്കുകള്‍ പാറ്റോയുടെ കരിയറിലെ വില്ലനായി തുടങ്ങി. ഇതോടെ മിലാനില്‍ സ്ഥാനവും അദ്ദേഹത്തിനു നഷ്ടമായി.
കൊറിന്ത്യന്‍സ്, സാവോപോളോ, ചെല്‍സി, വിയ്യാറയല്‍, ടിയാന്‍ജിന്‍ ക്വാന്‍ഡിയന്‍, ഒര്‍ലാന്‍ഡോ സിറ്റി തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്കായി പാറ്റോ കളിച്ചെങ്കിലും കരിയര്‍ ഗ്രാഫ് താഴേക്കായിരുന്നു. 35 കാരനായ പാറ്റോ ബ്രസീലിനായി 27 മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. നേടിയത് 10 ഗോളുകള്‍ മാത്രം.