ബുംറയ്ക്ക് എന്തു കൊണ്ട് വിക്കറ്റ് ലഭിച്ചില്ല? കിവീസ് പയറ്റിയത് ഈ തന്ത്രം... ചൂണ്ടിക്കാട്ടി സഹീര്‍

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമായിരുന്നു. പരമ്പരയില്‍ 30 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ബുംറയ്ക്കായിരുന്നില്ല. തൊട്ടുമുമ്പ് നടന്ന ടി20 പരമ്പരയില്‍ കിവീസിനെതിരേ ഉജ്ജ്വല പ്രകടനം നടത്തിയ ബുംറയ്ക്കു ഏകദിന പരമ്പരയില്‍ എന്തു സംഭവിച്ചുവെന്നത് ആരാധകരെ മാത്രമല്ല ടീം മാനേജ്‌മെന്റിനെയും ആശങ്കയിലാക്കിയിരുന്നു.
ഇനി വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ബുംറ ശക്തമായ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഏകദിന പരമ്പരയില്‍ എന്തുകൊണ്ടാണ് ബുംറയ്ക്കു വെറുംകൈയോടെ മടങ്ങേണ്ടി വന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്‍.

ന്യൂസിലാന്‍ഡ് പയറ്റിയ തന്ത്രം
ബുംറയ്ക്കതിരേ വളരെ തന്ത്രപൂര്‍വമാണ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചതെന്നു സഹീര്‍ ചൂണ്ടിക്കാട്ടി. ബുംറയ്‌ക്കെതിരേ 10 ഓവറില്‍ 35 റണ്‍സ് മാത്രം നേടാനായാലും കുഴപ്പമില്ല, വിക്കറ്റ് നല്‍കാതിരുന്നാല്‍ മതി. മാത്രമല്ല മറ്റു ബൗളര്‍മാര്‍ക്കെതിരേ പരമാവധി റണ്‍സ് നേടുകയും ചെയ്യുകയെന്ന തന്ത്രമായിരുന്നു കിവീസ് പരീക്ഷിച്ചത്. ഇത് വിജയമായതോടെ ബുംറയ്ക്കു വെറുംകൈയോടെ പരമ്പര അവസാനിപ്പിക്കേണ്ടിയും വന്നതായി സഹീര്‍ വിശദമാക്കി.

ബുംറ മാറേണ്ടിയിരിക്കുന്നു
ചുരുങ്ങിയ കാലം കൊണ്ട് പേസ് ബൗളറെന്ന നിലയില്‍ തന്റേതായ ഒരിടം സൃഷ്ടിച്ചെടുക്കാന്‍ ബുംറയ്ക്കു കഴിഞ്ഞു. ഇനി ഇത് കാത്തുസൂക്ഷിക്കുകയാണ് താരത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. എതിര്‍ ടീമുകള്‍ ഇപ്പോള്‍ ബുംറയെ മനസ്സിലാക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ തുടക്കമാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കണ്ടത്. കുറേക്കൂടി അഗ്രസീവായി പന്തെറിഞ്ഞാല്‍ മാത്രമേ ഇനി ബുംറയ്ക്കു തന്റെ പഴയ താളത്തിലേക്കു മടങ്ങിയെത്താനും എതിര്‍ ബാറ്റിങ് നിരയുടെ പേടിസ്വപ്‌നമായി മാറാനും സാധിക്കുകയുള്ളൂ.

പ്രതിരോധ ശൈലി
ബുംറ പന്തെറിയുമ്പോള്‍ പ്രതിരോധത്തിലൂന്നിയാണ് ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്നത്. റണ്‍സ് ലഭിച്ചില്ലെങ്കിലും ബുംറയ്ക്കു വിക്കറ്റ് നല്‍കില്ലെന്ന വാശിയിലാണ് അവര്‍ കാണിക്കുന്നത്.
അതകൊണ്ടു തന്നെ ബുംറയ്ക്കു ഇനി ശൈലി മാറ്റിയേ തീരൂ. ഇതിനായി അദ്ദേഹം കൂടുതല്‍ ആക്രമണോത്സുകത കാണിക്കേണ്ടതുണ്ട്. വിക്കറ്റിനായി ബാറ്റ്‌സ്മാന്റെ ഭാഗത്തു നിന്നു പിഴവിനു വേണ്ടി കാത്തിരിക്കുകയെന്ന പഴയ രീതി ഇനി ബുംറയ്ക്കു പ്രാവര്‍ത്തികമല്ലെന്നും സഹീര്‍ വിശദമാക്കി.

നല്ല സൂചന
ബുംറയ്ക്കു എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ ഇത്രയും ആദരവ് നല്‍കുന്നുവെന്നത് നല്ല സൂചനയാണെന്നു സഹീര്‍ പറഞ്ഞു. ഇനി ബുംറയുടെ കോര്‍ട്ടിലാണ് പന്ത്. അവരെ കൊണ്ട് ഷോട്ട് കളിപ്പിപ്പിച്ച് വിക്കറ്റ് നേടാനാണ് ബുംറ ശ്രമിക്കേണ്ടതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 21നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. രണ്ടു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications