ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ഒരു വമ്പന്‍ റെക്കോര്‍ഡ് ഒടുവില്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ടി20യില്‍ ഒരോവറില്‍ 36 റണ്‍സ് വാരിക്കൂട്ടിയായിരുന്നു യുവി നേരത്തേ ചരിത്രം കുറിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം ആ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ഒരോവറില്‍ 39 റണ്‍സ് നേടി സമോവയുടെ (samoa) ഡാരിയസ് വിസ്സെറെന്ന ബാറ്ററാണ് പുതു ചരിത്രം കുറിച്ചിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിലെ മല്‍സരത്തിലായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം.
ദ്വീപ് രാജ്യമായ സമോവയിലെ ആപ്പിയയില്‍ നടന്ന ടി20 ലോകകപ്പ് യോഗ്യതാ മല്‍സരത്തിലാണ് ഡാരിയസ് വിസ്സെറുടെ ബാറ്റിങ് വെടിക്കെട്ട്. ഈ മല്‍സരത്തില്‍ സമോവയുടെ എതിരാളികള്‍ വനൗത്തുവെന്ന രാജ്യമായിരുന്നു. അടുത്ത ടി20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യ-പസിഫിക് റീജ്യനിലെ യോഗ്യതാ മല്‍സരത്തിലാണ് സമോവയും വനൗത്തുവും ഏറ്റുമുട്ടിയത്.

ടി20യില്‍ നേരത്തേ ഒരോവറില്‍ 36 റണ്‍സെന്നത് അഞ്ചു തവണ സംഭവിച്ചിട്ടുണ്ട്. പക്ഷെ മല്‍സരത്തില്‍ മൂന്നു റണ്‍സ് കൂടി അധികം നേടി ഈ റെക്കോര്‍ഡ് സമോവ താരം വിസ്സെര്‍ പഴങ്കഥയാക്കുകയായിരുന്നു. നളില്‍ നിപിക്കോയെറിഞ്ഞ 15ാം ഓവറിലായിരുന്നു ചരിത്രം പിറന്നത്. മൂന്നു നോ ബോളുകളുള്‍പ്പെടെ ഒമ്പതു ബോളുകള്‍ ഈ ഓവറില്‍ താരമെറിഞ്ഞു. ആദ്യത്തെ മൂന്നു ബോളിലും സിക്‌സര്‍ പായിച്ചാണ് വിസ്സെര്‍ ഈ ഓവറിനു തുക്കമിട്ടത്. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു താരത്തിന്റെ ഷോട്ടുകള്‍.
ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ നിപ്പിക്കോ അടുത്തത് നോ ബോളാണ് എറിഞ്ഞത്. ഇതും വിസ്സെര്‍ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. പക്ഷെ അടുത്തത് ഡോട്ട് ബോളായിരുന്നു. അടുത്തത് വീണ്ടുമൊരു നോ ബോള്‍. അടുത്ത നോ ബോളില്‍ വിസ്സെര്‍ സിസ്സര്‍ പായിച്ചു. അവസാന ബോളിലും സിക്‌സറുമായി വിസ്സര്‍ 39 റണ്‍സോടെ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.
ടി20യുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അഞ്ചാമത്ത വ്യക്തിഗത സ്‌കോറും ഈ മല്‍സരത്തില്‍ വിസ്സെര്‍ കുറിച്ചിരുന്നു. ഈ മല്‍സരത്തില്‍ വെറും 62 ബോളില്‍ വിസ്സെര്‍ വാരിക്കൂട്ടിയത് 132 റണ്‍സാണ്. 14 സിക്‌സറുകളുള്‍പ്പെടെയാണിത്. ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ സമോവ താരം കൂടിയാണ് അദ്ദേഹം.
നിശ്ചിത 20 ഓവറില്‍ ടീം ആകെ നേടിയ 174 റണ്‍സില്‍ 132 റണ്‍സും വിസ്സെറുടെ വകയായിരുന്നു. ഇതും മറ്റൊരു റെക്കോര്‍ഡാണ്. ടീം ടോട്ടലിന്റെ 75.86 ശതമാനവും വിസ്സെറുടെ ബാറ്റില്‍ നിന്നാണ്. നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലായിരുന്നു (75.1 ശതമാനം) റെക്കോര്‍ഡ്.

യുവിയുടെ റെക്കോര്‍ഡ് പ്രകടനം
യുവരാജ് സിങിന്റെ റെക്കോര്‍ഡ് പ്രകടനത്തിലേക്കു വന്നാല്‍ അദ്ദേഹത്തിന്റെ ചരിത്രനേട്ടം 2007ല്‍ സൗത്താഫ്രിക്ക വേദിയായ പ്രഥമ ടി20 ലോകകപ്പിലായിരുന്നു. ടൂര്‍ണമെന്റില്‍ കരുത്തരായ ഇംഗ്ലണ്ടുമായുള്ള നിര്‍ണായക മല്‍സരത്തിലാണ് അദ്ദേഹം സംഹാര താണ്ഡവമാടിയത്. യുവ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി പഞ്ഞിക്കിടുകയായിരുന്നു.
ഓവറിലെ ആറു ബോളും ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലൂടെയാണ് അദ്ദേഹം സിക്‌സറിലേക്കു പറത്തിയത്. അന്താരാഷ്ട്ര ടി2യില്‍ പിന്നീട് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡും ഒരോവറില്‍ ആറു സിക്‌സറുകളുമായി ഈ നേട്ടത്തിനൊപ്പമെത്തിയിരുന്നു. പക്ഷെ ടി20 ലോകകപ്പില്‍ ഈ റെക്കോര്‍ഡുള്ള ഏക താരം ഇപ്പോഴും യുവി തന്നെയാണ്.