അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളുകളിലും സിക്‌സര്‍ പറത്തുകയെന്നത് ഏതൊരു ബാറ്ററെ സംബന്ധിച്ചും അതീവ ദുഷ്‌കരമായിട്ടുള്ള കാര്യമാണ്. അസാമാന്യ ധൈര്യവും ടൈമിങും കൈക്കരുത്തും എല്ലാം ഒത്തുചേര്‍ന്നാല്‍ മാത്രമേ ഇങ്ങനെയൊരു ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഒരു ബാറ്റര്‍ക്കു സാധിക്കുകയുള്ളൂ. ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ദേശീയ ടീമിനോടൊപ്പം വെറും മൂന്നു പേര്‍ക്കു മാത്രമേ ഇങ്ങനെയൊരു അപൂര്‍വ്വനേട്ടം കുറിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. രണ്ടു പേര്‍ക്കു ടി20യിലാണ് ഇതിനു സാധിച്ചതെങ്കില്‍ മറ്റൊരാള്‍ ഏകദിനത്തിലുമായിരുന്നു.
ടി20യില്‍ ഒരോവറിലെ മുഴുവന്‍ ബോളുകളും സിക്‌സറിലേക്കു പായിച്ചത് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡുമാണ്. ഏകദിനത്തിലാവട്ടെ സൗത്താഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സിനുമാണ് ഇതിനു കഴിഞ്ഞിട്ടുള്ളത്.

2007ലെ ഏകദിന ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേയായിരുന്നു ഗിബ്‌സിന്റെ ചരിത്ര നേട്ടം. ഇതിനു പിന്നാലെ ഇതേ വര്‍ഷം സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ യുവിയും ഈ മാജിക്ക് ആവര്‍ത്തിച്ചു. അതിനു ശേഷം വീണ്ടും ഇത്തമൊരു നേട്ടത്തിനായി 2021 വരെ കാത്തിരിക്കേണ്ടി വന്നു. ശ്രീലങ്കയുമായുള്ള ടി20 മല്‍സരത്തിലായിരുന്നു പൊള്ളാര്‍ഡിന്റെ ആറാട്ട്. യുവരാജ്, പൊള്ളാര്‍ഡ് എന്നിവരില്‍ ആരുടെ സിക്‌സര്‍ നേട്ടമാണ് കൂടുതല്‍ സ്‌പെഷ്യല്‍? നമുക്കു പരിശോധിക്കാം.
രണ്ടു വ്യത്യസ്ത വേദികളില്‍, തീര്‍ത്തും വ്യത്യസ്തമായ ശൈലിയുള്ള ബൗളര്‍മാര്‍ക്കെതിരേയാണ് യുവിയും പൊള്ളാര്‍ഡും സിക്‌സറുകള്‍ വാരിക്കൂട്ടിയത്. യുവിയുടെ നേട്ടം കന്നി ടി20 ലോകകപ്പിലായിരുന്നെങ്കില്‍ പൊള്ളാര്‍ഡിന്റേത് ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലായിരുന്നു. യുവരാജ് ആറു സിക്‌സറും പറത്തിയത് യുവ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ആയിരുന്നെങ്കില്‍ പൊള്ളാര്‍ഡിന്റെ ആക്രമണം സ്പിന്നര്‍ അഖില ധനഞ്ജയക്കെതിരേയാണ്.
ഈ രണ്ടു കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പൊള്ളാര്‍ഡിനേക്കാള്‍ ഒരുപടി മുകളിലാണ് യുവിയുടെ ആറു സിക്‌സറുകളെന്നു നമുക്കു ഉറപ്പിച്ചു പറയാന്‍ സാധിക്കും. നോക്കൗട്ട് റൗണ്ടിലെത്താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചേ തീരൂവെന്ന വെല്ലുവിളിയുമായിട്ടാണ് അന്നു ഇന്ത്യ ഡര്‍ബനില്‍ ഇറങ്ങിയത്. ഇതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും യുവിക്കും ടീമിനുമുണ്ടാവും. അത്തരമൊരു ഘട്ടത്തില്‍ ഒരു ഫാസ്റ്റ് ബൗളര്‍ക്കെതിരേ അതും 19ാം ഓവറിലെ എല്ലാ ബോളുകളും സിക്‌സറിലേക്കു പറത്തുകയെന്നത് എല്ലാവരെക്കൊണ്ടും സാധിക്കില്ല.
കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് അന്നു ബ്രോഡിനെതിരേ യുവി സംഹാരതാണ്ഡവമാടിയത്. പക്ഷെ അപ്രസക്തമായ ടി20 പരമ്പരയായതിനാല്‍ തന്നെ ശ്രീലങ്കയ്‌ക്കെതിരേ പൊള്ളാര്‍ഡിനു മേല്‍ അത്രയുമധികം സമ്മര്‍ദ്ദം കാണില്ല. ടീം തോറ്റാലും അതു അത്ര വലിയ വിഷയമാവാനും പോവുന്നില്ല. എന്നാല്‍ സിക്‌സറിനു മുതിര്‍ന്ന് യുവി പുറത്താവുകയും അതു ഇന്ത്യയുടെ തോല്‍വിക്കും വഴിയൊരുക്കുകയും ചെയ്തിരുന്നെങ്കില്‍ കരിയര്‍ കഴിഞ്ഞാലും ഇതിന്റെ പേരില്‍ അദ്ദേഹം ക്രൂശിക്കപ്പെടുമെന്ന കാര്യമുറപ്പാണ്.

ഇംഗ്ലണ്ടിനെതിരേ അന്നു വെറും 16 ബോളില്‍ ഏഴു സിക്‌സറുകളും മൂന്നു ഫോറുമടക്കം 58 റണ്‍സായിരുന്നു യുവി വാരിക്കൂട്ടിയത്. ഇന്ത്യ 18 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് യുവരാജായിരുന്നു. ഈ ജയം ഇന്ത്യയെ സെമി ഫൈനലിനു ഒരു പടി കൂടി അടുത്തെത്തിച്ചപ്പോള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയുമായിരുന്നു.
ഒരു സ്പിന്നര്‍ക്കെതിരേ ആറു ബോളിലും സിക്‌സറടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ് ഫാസ്റ്റ് ബൗളര്‍ക്കെതിരേ ഇതു നേടിയെടുക്കുകയെന്നത്. കാരണം ഫാസ്റ്റ് ബൗളര്‍ക്കെതിരേ ടൈമിങ് അല്‍പ്പമൊന്നു പാളിയാല്‍ ബോള്‍ ആകാശത്തേക്കുയര്‍ന്ന് ക്യാച്ചില്‍ കലാശിക്കാനോ, ബൗള്‍ഡാവാനോ, എഡ്ജായി സ്ലിപ്പില്‍ ക്യാച്ച് നല്‍കാനോയുള്ള സാധ്യത വളരെ കൂടുതലാണ്.
പക്ഷെ സ്പിന്നര്‍ക്കെതിരേ സിക്‌സറിക്കാന്‍ ഇത്രയും ബുദ്ധിമുട്ടില്ല. കൈക്കരുത്തുള്ള ഒരു ബാറ്റര്‍ മനസ്സുവച്ചാല്‍ അതു അത്ര വലിയ വെല്ലുവിളിയല്ല. ടൈമിങ് മാത്രമാണ് ഇവിടെ പ്രധാനം. ഈ കാരണത്താല്‍ തന്നെ യുവിയുടെ ആറു സിക്‌സറുകള്‍ എല്ലാ തരത്തില്‍ നോക്കിയാലും പൊള്ളാര്‍ഡിന്റെ നേട്ടത്തേക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണെന്നു നമുക്കു ഉറപ്പിച്ച് പറയുകയും ചെയ്യാം.