മുംബൈ: ക്രിക്കറ്റ് പഴയ ക്രിക്കറ്റല്ല. യുവരാജും പഴയ യുവരാജല്ല. ക്രിക്കറ്റ് കളി ആരാധകരുടെ കാര്യത്തിലും പണക്കൊഴുപ്പിന്റെ കാര്യത്തിലും മുന്നോട്ടാണെങ്കില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ താഴോട്ടാണ് യുവരാജ്. ഐ പി എല്ലിന്റെ ഓരോ ലേലത്തിലും പണത്തിന്റെ അളവ് കൂടുന്നുണ്ടെങ്കിലും കളി കാണുന്ന ആരും പറയും, ഇത് പഴയ യുവരാജ് സിംഗ് അല്ല എന്ന്.
മുന്‍ ഇന്ത്യന്‍ താരവും ടി വി കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും പറയുന്നത് ഇത് തന്നെയാണ്. 2011 ന് ശേഷം യുവരാജ് ആകെ മാറി. 2011 ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ യുവരാജിന്റെ തകര്‍ച്ച തുടങ്ങിയത് എന്ന് മഞ്ജരേക്കര്‍ പറയുന്നു. അത് ശേഷം ഒരിക്കലും യുവരാജ് പഴയ യുവരാജ് ആയിട്ടേയില്ല. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ യുവിക്ക് പഴയ ആധികാരികത കിട്ടിയില്ലെന്നും മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

16 കോടിക്കാണ് ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിനെ ലേലത്തില്‍ വാങ്ങിയത്. എന്നാല്‍ ആദ്യകളിയില്‍ ചെന്നൈ കിംഗ്‌സിനെതിരെ യുവി ദയനീയമായി പരാജയപ്പെട്ടു. 151 റണ്‍സ് മാത്രം മതിയായിരുന്ന ഡല്‍ഹി തോല്‍ക്കുകയും ചെയ്തു. ആറാമനായി ക്രീസിലെത്തിയ യുവരാജ് വെറും 9 റണ്‍സിനാണ് പുറത്തായത്. ഡ്വെയ്ന്‍ ബ്രാവോയുടെ ബൗണ്‍സറാണ് യുവിയെ വീഴ്ത്തിയത്.
2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് ആയിരുന്നു യുവരാജ്. ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കേയാണ് യുവരാജ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ചികിത്സ കഴിഞ്ഞ് 1 വര്‍ഷം കൊണ്ട് യുവി കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലെത്താന്‍ പറ്റിയില്ല. 2014 ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലിലാണ് യുവി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് ഫൈനല്‍ തോറ്റതിന് മുഴുവന്‍ പഴിയും കേള്‍ക്കേണ്ടി വന്ന യുവിക്ക് ടീമിലെ സ്ഥാനവും നഷ്ടമായി.