INDvENG: എത്രനാള്‍ യുവനിരയെ ആശ്രയിക്കും? കോലി, പുജാര, രഹാനെ എന്നിവരോട് ഇന്‍സി
ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ സീനിയര്‍ താരങ്ങളുടെ ഫോമിനെ ചോദ്യം ചെയ്ത് പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാമുള്‍ ഹഖ്. ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാത്തതിനെയാണ് ഇന്‍സി വിമര്‍ശിച്ചത്. യുവതാരങ്ങളെ ആശ്രയിച്ചു മാത്രം ഇന്ത്യക്കു സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയില്ലെന്നും സീനിയര്‍ താരങ്ങളും വിജയത്തിലേക്കു സംഭാവന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമീപകാലത്ത് പലപ്പോഴും യുവതാരങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളതെന്നും പക്ഷെ എല്ലായ്‌പ്പോഴും ഇത് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തിരുന്നു.

മൂന്നു പേരും നിരാശപ്പെടുത്തുന്നു
ഇന്ത്യന്‍ ടീമിലെ ബാറ്റിങ് നിരയുടെ കാര്യമെടുത്താല്‍ രണ്ടു വര്‍ഷത്തോളമായി വിരാട് കോലി സെഞ്ച്വറി നേടിയിട്ടില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരും വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. സമീപകാലത്തു പലപ്പോഴും യുവതാരങ്ങളാണ് ഇന്ത്യയെ പ്രതിസസന്ധി ഘട്ടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുള്ളത്. റിഷഭ് പന്ത് ഒരുപാട് റണ്‍സ് നേടിയിരുന്നു. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ബാറ്റിങില്‍ സംഭാവന ചെയ്തിട്ടുണ്ട്. പരിചയസമ്പത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ യുവതാരങ്ങളാണ് കൂടൂതല്‍ സംഭാവന ചെയ്തിട്ടുള്ളതെന്നും ഇന്‍സി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മുന്നില്‍ നിന്നു നയിക്കണം
വലിയ പരമ്പരകളില്‍ പരിചയസമ്പന്നരായ താരങ്ങള്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചില്ലെങ്കില്‍ അതു ഇന്ത്യയെ കുഴപ്പത്തിലാക്കും. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ഞാന്‍ ഇന്ത്യയുടെ പ്രകടനം നിരീക്ഷിക്കുകയാണ്. വളരെ മികച്ച ക്രിക്കറ്റായിരുന്നു അവര്‍ ടെസ്റ്റ് പരമ്പരയില്‍ കാഴ്ചവച്ചത്. കടുപ്പമേറിയ സാഹചര്യങ്ങളില്‍ വിേേദശത്ത് പരമ്പര നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. പക്ഷെ ഈ വിജയങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിച്ചത് യുവതാരങ്ങളായിരുന്നുവെന്നും ഇന്‍സി നിരീക്ഷിച്ചു.

മൂന്നു പേരും മികച്ചവര്‍
ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് വിരാട്. പുജാര, രഹാനെ എന്നിവരും മികച്ച ടെസ്റ്റ് താരങ്ങളാണ്. പക്ഷെ ഇവര്‍ വലിയ സ്‌കോറുകളോ സെഞ്ച്വറികളോ നേടുന്നതില്‍ ഒരുപാട് ഗ്യാപ്പ് വരുത്തിയാല്‍ അതു യുവതാരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കും. യുവതാരങ്ങള്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്, പക്ഷെ സീനിയര്‍ താരങ്ങള്‍ അവര്‍ക്കു വഴികാണിക്കണം. ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ സ്ഥിരമായി സമ്മര്‍ദ്ദത്തിലായാല്‍ അവരും റണ്‍സെടുക്കാന്‍ വിഷമിക്കും. ഇതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യക്കു സംഭവിക്കുന്നതെന്നും ഇന്‍സി വിശദകമാക്കി.

വലിയ കൂട്ടുകെട്ട്
വലിയ താരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ അതു കളിയുടെ ഗതി തന്നെ മാറ്റും. ലീഡ്‌സില്‍ നടന്ന മൂന്നാംടെസ്റ്റ് തന്നെ നോക്കൂ. 350ന് മുകളില്‍ ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും വിരാട് കോലി- ചേതേശ്വര്‍ പുജാര എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ വലിയ കൂട്ടുകെട്ട് ഇന്ത്യക്കു തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയിരുന്നു. ഈ കൂട്ടുകെട്ട് വലുതായിരുന്നെങ്കില്‍ തിരിച്ചുവരവ് ഇന്ത്യക്കു സാധ്യവുമായിരുന്നു. 200-250 റണ്‍സിന്റെയെങ്കിലും കൂട്ടുകെ
ട്ട് കോലി- പുജാര ജോടി പടുത്തുയര്‍ത്തേണ്ടിയിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവുമായിരുന്നെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.
354 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ നാലാംദിനം ആദ്യ സെഷനില്‍ തന്നെ 278 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 91 റണ്‍സെടുത്ത പുജാരയായിരുന്നു ടോസ്‌കോറര്‍. രോഹിത് ശര്‍മ 59ഉം കോലി 55ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications