ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് വളരെയധികം ആവേശകരമായ വര്‍ഷം തന്നെയായിരുന്നുവെന്നു നിസംശയം പറയാം. കാരണം അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തിനായി ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് കണ്ടത്. എന്നാല്‍ ഇപ്പോഴും ഫൈനലിലെ ടീമുകളുടെ കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.
സൗത്താഫ്രിക്ക, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇന്ത്യ നാലു ടീമുകളാണ് ഫൈനലിനായി പ്രധാനമായും പോരടിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ വിവിധ ടീമുകള്‍ക്കായി ബാറ്റിങിലും ബൗളിങിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ഈ തരത്തില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ടെസ്റ്റ് പ്ലെയിങ് ഇലവനെ തിരഞ്ഞടുത്താല്‍ എങ്ങനെയിരിക്കും. ഇന്ത്യയുടെ അഞ്ചു പേരാണ് ഈ കിടിലന്‍ 11ല്‍ ഇടം പിടിക്കുക. ടെസ്റ്റിലെ മികച്ച ഇലവനില്‍ ഉള്‍പ്പെട്ടിട്ടുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണര്‍മാര്‍
ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും യുവതാരുമായ യശസ്വി ജയ്‌സ്വാളും ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കെറ്റും ചേര്‍ന്നായിരിക്കും. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഈ വര്‍ഷം വലിയ റണ്‍വേട്ട നടത്തിയവരാണ് ഇരുവരും.
മൂന്നു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കം 1312 റണ്‍സാണ് ഈ വര്‍ഷം ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്. രണ്ടു ഡബിള്‍ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. 2024ല്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെയാളും ജയ്‌സ്വാളാണ്. ഈ വര്‍ഷം കൂടുതല്‍ സിക്‌സറുകള്‍ നേടിയതും ജയ്‌സ്വാളാണ് (35). ഇംഗ്ലണ്ടിന്റെ ഡക്കെറ്റാവട്ടെ 1149 റണ്‍സും 2024ല്‍ അടിച്ചെടുത്തിട്ടുണ്ട്.
മധ്യനിര
ഇംഗ്ലണ്ടിന്റെ റണ്‍മെഷീന്‍ ജോ റൂട്ടാണ് മൂന്നാം നമ്പറിലുള്ളത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് നാലാമനായും ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ് അഞ്ചാമനായും ബാറ്റ് ചെയ്യും. ആറാമനായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ട്രാവിസ് ഹെഡിന്റെ ഊഴമാണ്.
2024ല്‍ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് റൂട്ട്. ആറു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 1556 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബ്രൂക്കാവട്ടെ 1107 റണ്‍സാണ് നേടിയത്. ഈ വര്‍ഷം ഏക ട്രിപ്പിളടിച്ച താരവും അദ്ദേഹമാണ്.
മെന്‍ഡിസിനും ഇതു നല്ല വര്‍ഷമാണ്. ഒമ്പതു കളിയില്‍ നിന്നും 74.92 ശരാശരിയില്‍ 1049 റണ്‍സ് താരം അടിച്ചെടുത്തു. ഹെഡ് 86നു മുകൡ സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 607 റണ്‍സാണ്. ലോവര്‍ ഓര്‍ഡറില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണെന്നു കാണാം.
ഓള്‍റൗണ്ടര്‍മാര്‍
ഓള്‍റൗണ്ടര്‍മാരായി ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് പ്ലെയിങ് ഇലവനിലുള്ളവര്‍ ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍മാരും സൂപ്പര്‍ താരങ്ങളുമായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത രണ്ടു മാച്ച് വിന്നര്‍മാരാണ് ഇരുവരും.
ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 508 റണ്‍സാണ് ജഡ്ഡു സ്‌കോര്‍ ചെയ്തത്. ബളിങിലാവട്ടെ 44 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അശ്വിന്‍ 310 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനൊപ്പം 47 വിക്കറ്റുകളും പോക്കറ്റിലാക്കി.

ബൗളിങ് നിര
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ ടെസ്റ്റ് ഇലവന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെയാണ്. 62 വിക്കറ്റുകളുമായി ഈ വര്‍ഷം കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും കൂടിയാണ് ബുംറ.
ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍ലണ്‍, ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‍ട്രി എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. അറ്റ്കിന്‍സണ്‍ 52ഉം ഹെന്‍ട്രി 42ഉം വിക്കറ്റുകളാണ് ഈ വര്‍ഷം വീഴ്ത്തിയത്.
ഈ വര്‍ഷത്തെ ബെസ്റ്റ് ടെസ്റ്റ് 11
യശസ്വി ജയ്‌സ്വാള്‍, ബെന്‍ ഡക്കെറ്റ് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, കമിന്ദു മെന്‍ഡിസ്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഗസ് അറ്റ്കിന്‍സണ്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‍ട്രി.