
സിറാജ്, ഠാക്കൂര്‍ ഇവരിലൊരാള്‍ കളിച്ചേക്കും
ടെസ്റ്റിലെ സ്ഥിരം പേസ് ബൗളിങ് നിരയായ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ തന്നെയായിരിക്കും ഇന്ത്യ ഫൈനലിലും ഇറക്കുക. എന്നാല്‍ മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഇവരിലൊരാളെക്കൂടി കളിപ്പിച്ച് ഇന്ത്യ കിവികള്‍ക്കു സര്‍പ്രൈസ് നല്‍കിയേക്കും.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ബൗളറെന്ന നിലയില്‍ അദ്ഭുതകരമായ മുന്നേറ്റമാണ് സിറാജ് നടത്തിയത്. ബോള്‍ നന്നായി സ്വിങ് ചെയ്യിക്കുന്നതിനൊപ്പം യോര്‍ക്കറുകളും ഫലപ്രദമായി എറിയാന്‍ സാധിക്കുന്നുണ്ട്. നായകന്‍ കോലിയുടെ അകമഴിഞ്ഞ പിന്തുണയാണ് സിറാജിന്റെ വളര്‍ച്ചയ്ക്കു മുഖ്യകാരണം.
ഠാക്കൂറിന്റെ കാര്യമെടുത്താല്‍ കളിയുടെ ഏതു ഘട്ടത്തിലും ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ സാധിക്കുന്നുണ്ട്. ബാറ്റിങില്‍ കൂടി നിര്‍ണായക ഇന്നിങ്‌സുകള്‍ കളിക്കാനാവുമെന്നത് താരത്തിന്റെ ഒരു പ്ലസ് പോയിന്റാണ്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഠാക്കൂര്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു.

റിഷഭിന് പ്രൊമോഷന്‍?
ബാറ്റിങില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് അഞ്ചാം നമ്പറിലേക്കു ഇന്ത്യ പ്രൊമോഷന്‍ നല്‍കിയേക്കും. നിലവില്‍ ആറാം നമ്പറിലാണ് ടെസ്റ്റില്‍ റിഷഭ് കളിച്ചുകൊണ്ടിരിക്കുന്നത്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച് ഏതു ബൗളിങ് നിരയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം.
സമീപകാലത്ത് പല തവണ പ്രതിസന്ധിഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ റിഷഭ് ഇന്ത്യയുടെ രക്ഷകനായിട്ടുണ്ട്. ഫൈനലില്‍ അദ്ദേഹം അഞ്ചാമനായി എത്തിയാല്‍ അജിങ്ക്യ രഹാനെയ്ക്കു മാറിക്കൊടുക്കേണ്ടിവരും.
ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡാണ് റിഷഭിന്റേത്. കഴിഞ്ഞ പര്യടനത്തില്‍ താരം ഇവിടെ സെഞ്ച്വറിയടിച്ചിരുന്നു. റിഷഭ് അഞ്ചാമനായി എത്തി അഗ്രസീവ് ഇന്നിങ്‌സ് കളിച്ചാല്‍ പിന്നീടെത്തുന്ന രഹാനെ, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഇതു മുതലെടുത്ത് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കാന്‍ സാധിക്കും.

അശ്വിന്‍ ന്യൂബോളറായേക്കും
പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു ന്യൂബോള്‍ നല്‍കിയും ന്യൂസിലാന്‍ഡിനെ ഫൈനലില്‍ ഇന്ത്യ ഞെട്ടിക്കാനിടയുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ന്യൂബോള്‍ എറിഞ്ഞിരുന്നു. അന്നു രണ്ടിന്നിങ്‌സുകളിലും മുന്‍ ഓപ്പണര്‍ അലെസ്റ്റര്‍ കുക്കിനെ ബൗള്‍ഡാക്കുകയും ചെയ്തിരുന്നു.
ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ ഇടംകൈയന്‍ ടോം ലാതമാവും. അശ്വിനെതിരേ ന്യൂബോള്‍ നേരിടുകയെന്നത് താരത്തിനു കനത്ത വെല്ലുവിളിയാവും. അതുകൊണ്ടു തന്നെ കോലി ഇത്തരമൊരു പരീക്ഷണത്തിനു മുതിരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


Click it and Unblock the Notifications