ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇനി ലോകത്തിന്റെ നെറുകയില്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിവസം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുന്നതിനു മുമ്പാണ് ടീമിനെ ആവേശം കൊള്ളിച്ച് ജഡ്ഡുവിന്റെ നേട്ടം. ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഒന്നാമതെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറിനെ പിന്തള്ളിയാണ് ജഡേജ പുതിയ നമ്പര്‍ വണ്ണായി മാറിയത്.

386 റേറ്റിങ് പോയിന്റോടെയാണ് ജഡേജ തലപ്പത്തു നില്‍ക്കുന്നത്. രണ്ടു റേറ്റിങ് പോയിന്റ് പിറകിലായാണ് ഹോള്‍ഡര്‍ രണ്ടാമതുള്ളത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് (377), ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ (353), ബംഗ്ലാദേശ് താരം ഷാക്വിബുല്‍ ഹസന്‍ (338) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
കരിയറില്‍ ഇതു രണ്ടാം തവണയാണ് ജഡേജ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായി മാറുന്നത്. നേരത്തേ 2017 ആഗസ്റ്റില്‍ അദ്ദേഹം ഈ സഥാനത്തിന്റെ അവകാശിയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടം ഹോള്‍ഡറിന് ഒന്നാംറാങ്ക് നഷ്ടപ്പെടുത്തുകയായിരുന്നു. 28 റേറ്റിങ് പോയിന്റുകളാണ് അദ്ദേഹത്തിന് ഒറ്റയടിക്കു കൈവിടേണ്ടി വന്നത്. ഇതു ജഡേജയെ മുന്നിലേക്കു കയറാന്‍ സഹായിക്കുകയും ചെയ്തു.
അതേസമയം, ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് ആദ്യ പത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്, വിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്ക 158 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഡികോക്ക് 96 റണ്‍സുമായി തിളങ്ങിയിരുന്നു. ഇതു പുതിയ റാങ്കിങില്‍ അദ്ദേഹത്തെ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും 10ാം സ്ഥാനത്തേക്കു കയറാനും സഹായിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരും റാങ്കിങില്‍ മുന്നേറ്റം നടത്തി. ഒരു സ്ഥാനം കയറി എല്‍ഗര്‍ 19ാം റാങ്കിലെത്തിയപ്പോള്‍ വാന്‍ഡര്‍ ഡ്യുസെന്‍ 31 റാങ്കുകള്‍ കയറി 43ാംസ്ഥാനത്തെത്തി. വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം 75 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.