മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വനിതാ പ്രീമിയര്‍ ലീഗിന്റെ മിനി താരലേലം നടക്കാന്‍ പോവുകയാണ്. അഞ്ച് ടീമുകള്‍ ഇത്തവണയും അരയും തലയും മുറുക്കി പോരിനിറങ്ങാനൊരുങ്ങുകയാണ്. അവസാന സീസണില്‍ കപ്പടിച്ച ആര്‍സിബിയില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 15നാവും വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലം നടക്കുക.
ബംഗളൂരുവിലാവും താരലേലം നടക്കുകയെന്നാണ് വിവരം. ഇതിനോടകം ടീമുകളുടെ നിലനിര്‍ത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് ടീമുകള്‍ ചേര്‍ന്ന് 71 താരങ്ങളെയാണ് നിലനിര്‍ത്തിയത്. ഇതില്‍ 25 വിദേശ താരങ്ങളുമുണ്ട്. ഇത്തവണ ഓരോ ടീമിനും 15 കോടിയാണ് അനുവദിച്ച് ലഭിച്ചിരിക്കുന്ന തുക. കഴിഞ്ഞ തവണത്തേക്കാള്‍ 1.5 കോടി അധികമാണ് ഇത്തവണ ടീമുകള്‍ക്ക് ലഭിച്ചിരിക്കുന്ന തുക. 19 താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമിനെയാണ് അഞ്ച് ടീമുകള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്നത്. ഇതില്‍ അഞ്ച് വിദേശ താരങ്ങളും ഉള്‍പ്പെടുന്നു.
മിന്നുമണിയും സജനയും നിലനിര്‍ത്തപ്പെട്ടു
കേരളത്തിന്റെ അഭിമാന താരങ്ങളായ മിന്നുമണിയും സജന സജീവനും ആശ ശോഭനയും ഇത്തവണ നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ലേലത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതായില്ല. മിന്നു മണി ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണുള്ളത്. ഓള്‍റൗണ്ട് മികവ് കാട്ടി കൈയടി നേടാന്‍ മിന്നുമണിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സജന മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. മാച്ച് വിന്നറായ സജന വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും മികച്ച ഫീല്‍ഡിങ്ങുകൊണ്ടുമെല്ലാം ഇതിനോടകം എല്ലാവരുടേയും കൈയടി നേടിയിട്ടുണ്ട്. ആശ ആര്‍സിബിയില്‍ തുടരും.
മൂന്ന് പേരേയും ഇത്തവണ നിലനിര്‍ത്തിയതിനാല്‍ ഇത്തവണ മറ്റ് ചില കേരള താരങ്ങള്‍ പ്രതീക്ഷയോടെ ലേലത്തെ നോക്കിക്കാണുന്നുണ്ടെങ്കിലും ചുരുങ്ങിയ സീറ്റുകള്‍ മാത്രം ശേഷിക്കെ ഇവര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. കേരളത്തിന്റെ അഭിമാനമായി സജനയും മിന്നുമണിയും മിന്നിച്ച് മുന്നേറുമെന്ന് തന്നെ കരുതാം.

ടീമുകളുടെ പേഴ്‌സില്‍ എത്ര ബാക്കി?
ഡല്‍ഹി ക്യാപിറ്റല്‍സ് 14 താരങ്ങളെ ഇതിനോടകം നിലനിര്‍ത്തിയിട്ടുണ്ട്. 12.5 കോടി മുടക്കിയ ടീമിന് ഇനി പരമാവധി നാല് ഇന്ത്യന്‍ താരങ്ങളേയും ഒരു വിദേശ താരത്തേയും ടീമിലേക്ക് കൊണ്ടുവരാം. 2.5 കോടിയാണ് ഡല്‍ഹിയുടെ പേഴ്‌സില്‍ ബാക്കി. ഗുജറാത്ത് ജൈന്റ്‌സ് 14 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 10.6 കോടിയാണ് അവര്‍ ആകെ നിലനിര്‍ത്തിയത്. 4.4 കോടി പേഴ്‌സില്‍ ബാക്കിയുള്ള ഗുജറാത്തിന് രണ്ട് വിദേശ താരങ്ങളെയാണ് ഇനി പരമാവധി ടീമിലെത്തിക്കാനാവുക. മുംബൈ അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടെ 14 താരങ്ങളെയാണ് നിലനിര്‍ത്തിയത്.
2.65 കോടി പേഴ്‌സിലുള്ള മുംബൈക്ക് ഒരു വിദേശ താരത്തെയാണ് കൊണ്ടുവരാന്‍ സാധിക്കുക. നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി ആറ് വിദേശ താരങ്ങളെ ഉള്‍പ്പെടെ 14 താരങ്ങളെ നിലനിര്‍ത്തി. പേഴ്‌സില്‍ 3.25 കോടിയാണ് ആര്‍സിബിക്ക് ബാക്കിയുള്ളത്. യുപി വാരിയേഴ്‌സ് ടീം അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടെ 15 പേരെ നിലനിര്‍ത്തിയിട്ടുണ്ട്. 3.9 കോടി രൂപയാണ് യുപി ടീമിന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്. ഈ പണം ഉപയോഗിച്ച് ആരൊക്കെ ടീമിലേക്കെത്തുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ആര്‍സിബി കപ്പ് നിലനിര്‍ത്തുമോ?
ആര്‍സിബിക്ക് ഇത്തവണ കിരീടം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണയും സ്മൃതി മന്ദാനയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ആര്‍സിബി ഇറങ്ങുക. ആശ ശോഭന ആര്‍സിബിയുടെ പ്രധാന താരമായിത്തന്നെ ഇത്തവണയുമുണ്ടാവും. ഡാനി വ്യാട്ട്, എല്ലിസി പെറി, സോഫിയ ഡിവൈന്‍ എന്നീ വിദേശ താരങ്ങള്‍ ആര്‍സിബിക്ക് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്. പ്രധാന താരങ്ങളെയെല്ലാം ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില യുവതാരങ്ങളെയാവും എല്ലാ ടീമുകളും നോട്ടമിടുക.