ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കിരീടമെന്ന കാത്തിരിപ്പിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്. 16 വര്‍ഷം കളിച്ചിട്ടും ആര്‍സിബി പുരുഷ ടീമിന് സാധിക്കാത്ത നേട്ടമാണ് ഇപ്പോള്‍ വനിതാ ടീം സ്വന്തമാക്കിയിരിക്കുന്നത്. വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍സിബിയുടെ വനിതാ ടീം കിരീടം നേടിയെടുത്തത്. ആര്‍സിബി വനിതാ ടീമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കിരീട നേട്ടമാണിത്.
16 വര്‍ഷം കളിച്ചിട്ടും ആര്‍സിബിയുടെ പുരുഷ ടീമിന് കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ വനിതാ ടീം കിരീടം സ്വന്തമാക്കി ടീമിന്റെ അഭിമാനം കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ അഭിനന്ദനം ആര്‍സിബിയുടെ വനിതാ ടീമിനെ തേടിയെത്തിയിരിക്കുകയാണ്. പ്രധാനപ്പെട്ട ഫ്രാഞ്ചൈസികളും താരങ്ങളുമെല്ലാം ആര്‍സിബിയുടെ കിരീട നേട്ടത്തെ അഭിനന്ദിച്ചാണ് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ ആര്‍സിബി വനിതാ ടീമിന്റെ കിരീട നേട്ടത്തിന് പിന്നാലെ പുരുഷ ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍സിബി ടീമിന്റെ ഉടമയായ വിജയ് മല്യ. 'വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ആര്‍സിബി വനിതാ ടീമിന് ഹൃദയത്തില്‍ നിന്ന് അഭിനന്ദനം. വളരെക്കാലമായി നേടാത്ത കിരീടം പുരുഷ ടീമിനും നേടാനായാല്‍ അത് ഇരട്ടി സന്തോഷം നല്‍കും. എല്ലാ വിധ ആശംസകളും' എന്നാണ് വിജയ് മല്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചത്.
ആര്‍സിബി പുരുഷ ടീമിനുള്ള കൃത്യമായ മുന്നറിയിപ്പാണിത്. ആര്‍സിബി വനിതാ ടീം കിരീടം നേടിയതോടെ പുരുഷ ടീമിനെ സംബന്ധിച്ച് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണെന്ന് പറയാം. ഇത്തവണ എല്ലാവരും ആര്‍സിബി പുരുഷ ടീമിന്റെ കിരീടത്തിനായി ഉറ്റുനോക്കുകയാണ്. എന്നാല്‍ കപ്പിലേക്കെത്തുക ആര്‍സിബിക്ക് എളുപ്പമായിരിക്കില്ലെന്ന് ഉറപ്പിച്ച് പറയാം. ഫഫ് ഡുപ്ലെസിസിന് കീഴില്‍ കളിക്കുന്ന ആര്‍സിബി പുരുഷ ടീമിനൊപ്പം ശക്തമായ താരനിരയുണ്ട്.

എന്നാല്‍ പതിവുപോലെ ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് നിര ദുര്‍ബലമാണെന്ന് പറയാം. എടുത്തു പറയാന്‍ സാധിക്കുന്ന വിശ്വസ്തരായ ബൗളര്‍മാര്‍ ആര്‍സിബിക്കൊപ്പമില്ല. ഇത് ടീമിനെ പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. വിരാട് കോലി ഏറെ നാള്‍ നയിച്ചിട്ടും ആര്‍സിബിക്ക് കിരീടത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞ് വഴിമാറിക്കൊടുത്തിരുന്നു. ഇത്തവണ ഡുപ്ലെസിസിന് അവസാന അവസരമാണ്.
കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ വലിയ ഉടച്ചുവാര്‍ക്കല്‍ ആര്‍സിബി ടീമിലുണ്ടാവും. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണില്‍ ആര്‍സിബി പുരുഷ ടീമിന് കപ്പിലേക്കെത്താന്‍ സാധിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലേക്കെത്തിയാല്‍ ആര്‍സിബി കിരീടം നേടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ നന്നായി കഷ്ടപ്പെടേണ്ടി വരും.
വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നന്നായി തുടങ്ങിയ ശേഷമാണ് കളി കൈവിട്ടത്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 113 റണ്‍സിനാണ് ഓള്‍ഔട്ടായത്. വിക്കറ്റ് പോവാതെ 64 റണ്‍സെന്ന നിലയില്‍ നിന്നാണ് ഡല്‍ഹി 113ലേക്ക് ഒതുങ്ങിയത്. മറുപടിക്കിറങ്ങിയ ആര്‍സിബി 3 പന്തുകളും 8 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ജയിച്ചത്. ഡല്‍ഹിക്കായി ഷഫാലി വര്‍മ 44 റണ്‍സാണ് നേടിയത്. 27 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പപെടെയാണ് ഷഫാലി 44 റണ്‍സ് നേടിയത്.
മെഗ് ലാനിങ് 23 റണ്‍സാണ് നേടിയത്. ജെമീമ റോഡ്രിഗസും, അലിസ കാപ്‌സിയും ഡെക്കിന് പുറത്തായത് ഡല്‍ഹിയെ പിന്നോട്ടടിച്ചു. മരിസെയ്ന്‍ കാപ്പ് 8 റണ്‍സാണ് അടിച്ചെടുത്തത്. ജെസ് ജൊനാസന്‍ 3 റണ്‍സും രാധാ യാദവ് 12 റണ്‍സുമെടുത്തു. മിന്നു മണി 5 റണ്‍സാണ് അടിച്ചെടുത്തത്. ആര്‍സിബിക്കായി എല്ലിസ പെറി (35), സ്മൃതി മന്ദാന (31), സോഫി ഡിവൈന്‍ (32) എന്നിവര്‍ തിളങ്ങി.