Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL: 8ാം ഓവറില്‍ കളി മാറി, ഡല്‍ഹി മുട്ടുകുത്തി; ആര്‍സിബി പെണ്‍പടക്ക് കിരീടം

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അഭിമാന കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി കിരീടം നേടിയത്. 16 വര്‍ഷം കളിച്ചിട്ടും പുരുഷ ടീമിന് നേടിയെടുക്കാനാവാത്ത കിരീടം ഐപിഎല്ലില്‍ ആര്‍സിബിയുടെ വനിതാ ടീം സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 113 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 19.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിരീടം നേടുകയായിരുന്നു. തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്യാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ഗംഭീരമായാണ് ഡല്‍ഹി തുടങ്ങിയത്.

ഒരു വശത്ത് മെഗ് ലാനിങ് നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഷഫാലി വര്‍മ കടന്നാക്രമിച്ച് കളിച്ചു. ഒന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഡല്‍ഹിക്കായി. 27 പന്ത് നേരിട്ട് 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് നേടിയ ഷഫാലിയാണ് ആദ്യം മടങ്ങിയത്. സോഫി മോലിനക്‌സിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ചാണ് ഷഫാലി പുറത്തായത്.

വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ച ഡല്‍ഹിയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഇത്. എട്ടാം ഓവറില്‍ ഷഫാലി ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് സോഫി മോലിനക്‌സ് വീഴ്ത്തിയത്. ഇതാണ് ഡല്‍ഹിയെ പൂട്ടിയത്. വമ്പനടിക്കാരിയായ ജെമീമ റോഡ്രിഗസ് രണ്ടാം പന്തില്‍ ഡെക്കിന് പുറത്തായി. മോലിനക്‌സിന്റെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ജെമീമ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. തൊട്ടടുത്ത പന്തില്‍ അലിസി കാപ്‌സിയെ മോലിനക്‌സ് ഗോള്‍ഡന്‍ ഡെക്കാക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച അലിസി ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

ഇതോടെ 64ന് 3 എന്ന നിലയിലേക്ക് ഡല്‍ഹി പതറി. പിന്നീട് ആര്‍സിബി സ്പിന്നര്‍മാര്‍ ഗംഭീര ബൗളിങ്ങിലൂടെ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ (23 പന്തില്‍ 23) ശ്രീയങ്ക പാട്ടില്‍ പുറത്താക്കി. ഇതോടെ ഡല്‍ഹിയുടെ സമ്മര്‍ദ്ദം ഇരട്ടിയായി.

മരിസാനി കാപ്പിനെയും (16 പന്തില്‍ 8) ജെസ് ജൊനാസനേയും (11 പന്തില്‍ 3) ആശ ശോഭന പുറത്താക്കിയപ്പോള്‍ മലയാളി താരം മിന്നു മണിയെ (3 പന്തില്‍ 5) ശ്രീയങ്ക പാട്ടില്‍ മടക്കി.

9 പന്തില്‍ 12 റണ്‍സുമായി ചെറിയ പോരാട്ടം കാഴ്ചവെച്ച രാധാ യാദവ് റണ്ണൗട്ടായതും ഡല്‍ഹിക്ക് തിരിച്ചടിയായി. തനിയ ബാട്ടിയയേയും (0) ശ്രീയങ്ക പുറത്താക്കിയതോടെ 18.3 ഓവറില്‍ 113ലേക്ക് ഡല്‍ഹി ഒതുങ്ങി.

ശ്രീയങ്ക പാട്ടില്‍ നാല് വിക്കറ്റും സോഫി മോലിനക്‌സ് മൂന്ന് വിക്കറ്റും മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റും വീഴ്ത്തി. സോഫി തുടക്കമിട്ട വിക്കറ്റ് വേട്ടയെ ശ്രീയങ്ക നന്നായി മുതലാക്കി. തീര്‍ത്തും അപ്രതീക്ഷിത തകര്‍ച്ചയാണ് ഡല്‍ഹി ടീം ബാറ്റിങ്ങില്‍ നേരിട്ടത്.

minnu mani

സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും ആര്‍സിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതില്‍ നിര്‍ണ്ണായകമായി. 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിയെ സ്പിന്‍ തന്ത്രത്തിലൂടെത്തന്നെയാണ് ഡല്‍ഹി പൂട്ടാന്‍ ശ്രമിച്ചത്.

പവര്‍പ്ലേയില്‍ അധികം കടന്നാക്രമിക്കാന്‍ ആര്‍സിബി തയ്യാറായില്ല. പവര്‍പ്ലേയില്‍ 25 റണ്‍സാണ് ആര്‍സിബി വനിതകള്‍ നേടിയത്. എന്നാല്‍ നിലയുറപ്പിച്ച ശേഷം സോഫി ഡിവൈന്‍ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി.

27 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയ സോഫിയെ പുറത്താക്കി ശിഖ പാണ്ഡെയാണ് ആര്‍സിബിക്ക് ആദ്യ ഷോക്ക് നല്‍കിയത്. എന്നാല്‍ സ്മൃതിയും എല്ലിസ പെറിയും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ക്ഷമയോടെയുള്ള ബാറ്റിങ് പ്രകടനമാണ് ആര്‍സിബി താരങ്ങള്‍ നടത്തിയത്.

എന്നാല്‍ 39 പന്തില്‍ 31 റണ്‍സ് നേടിയ സ്മൃതിയെ മിന്നു മണി പുറത്താക്കി. സിക്‌സറിന് ശ്രമിച്ച സ്മൃതിക്ക് ടൈമിങ് പിഴച്ചപ്പോള്‍ അരുദ്ധതി റെഡ്ഡിക്ക് അനായാസ ക്യാച്ചായി. എന്നാല്‍ റിച്ചാ ഘോഷ് (17*) എല്ലിസി പെറി (35*) കൂട്ടുകെട്ട് ആര്‍സിബിക്ക് അഭിമാന കിരീടം നേടിക്കൊടുക്കുകയായിരുന്നു. എല്ലിസ 4 ബൗണ്ടറിയും റിച്ച 2 ബൗണ്ടറിയും നേടി.

Story first published: Sunday, March 17, 2024, 22:23 [IST]
Other articles published on Mar 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+