For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WPL 2023: കപ്പുയര്‍ത്തി മുംബൈ പെണ്‍പട! ഡല്‍ഹി പടിക്കല്‍ കലമുടച്ചു

MUMBAI INDIANS WINNERS

മുംബൈ: പുരുഷന്‍മാരുടെ ഐപഎല്ലില്‍ മാത്രമല്ല വനിതകളിലും തങ്ങളെ വെല്ലാന്‍ ആരുമില്ലെന്നു തെളിയിച്ച് മുംബൈ ഇന്ത്യന്‍സ്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബൈയ്ക്കു കിരീടം. ബ്രാബണ്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രസിപ്പിക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തിയാണ് മുംബൈ ഒരിക്കല്‍ക്കൂടി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം തെളിയിച്ചത്. 132 റണ്‍സെന്ന അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല മുംബൈയ്ക്കു ഡിസി നല്‍കിയത്.

പക്ഷെ ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച മെഗ് ലാനിങിന്റെ ഡിസി എളുപ്പം കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. മുംബൈയെ അവസാനം വരെ പ്രതിരോധത്തിലാക്കിയാണ് ഡിസി കിരീടം അടിയറവച്ചത്. 19.3 ഓവറില്‍ മൂന്നു വിക്കറ്റിനു മുംബൈ വിജയറണ്‍സ് കുറിക്കുകയായിരുന്നു. പുറത്താവാതെ 60 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ നാറ്റ് സിവര്‍ ബ്രെന്റാണ മുംബൈയുടെ വിജയശില്‍പ്പി. 55 ബോളുകള്‍ നേരിട്ട താരം ഏഴു ബൗണ്ടറികളടിച്ചു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഹെയ്‌ലി മാത്യൂസ് (13), യാസ്തിക ഭാട്ടിയ (4) എന്നിവര്‍ തുടക്കത്തില്‍ തന്നെ മടങ്ങി.

മുംബൈ നാലാം ഓവറില്‍ രണ്ടിന് 23 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ ക്യാപ്റ്റര്‍ ഹര്‍മന്‍പ്രീതും നാറ്റ് സിവര്‍ ബ്രെന്റും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ടീം സ്‌കോര്‍ 95ല്‍ വച്ച് ഹര്‍മന്‍പ്രീത് മടങ്ങിയെങ്കിലും ബ്രെന്റും മേലി കേറും (14*) ചേര്‍ന്ന് മൂന്നു ബോളുകളും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ മുംബൈയെ കിരീടത്തിലെത്തിക്കുകയായിരുന്നു.

MI-DC FINAL

20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഡല്‍ഹിക്ക് തുടക്കത്തിലേ ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ നിര ഡല്‍ഹിയെ പൂട്ടിക്കെട്ടുകയായിരുന്നു. എന്നാല്‍ അവസാന വിക്കറ്റില്‍ ശിഖ പാണ്ഡെയും (27*) രാധാ യാദവും (27*) നടത്തിയ പ്രകടനമാണ് 131 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മയാണ് ആദ്യം മടങ്ങിയത്. 4 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 11 റണ്‍സെടുത്ത ഷഫാലി വര്‍മയെ ഇസി വോങ് അമീലിയ കെറിന്റെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് ഡല്‍ഹി കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. മൂന്നാമതായി ക്രീസിലെത്തിയ അലിസി കാപ്‌സിയെ (2 പന്തില്‍ 0) അക്കൗണ്ട് തുറക്കും മുന്നെ വോങ് കൂടാരം കയറ്റി. ഇന്ത്യയുടെ വമ്പനടിക്കാരിയായ ജെമീമ റോഡ്രിഗസിനെയും വോങ് പൂട്ടി. 8 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 9 റണ്‍സ് നേടിയ ജെമീമയെ വോങ് ഹെയ്‌ലി മാത്യൂസിന്റെ കൈയിലെത്തിക്കുകയായിരുന്നു. മരിസാനി കാപ്പ് ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനൊപ്പം അല്‍പ്പനേരം പിടിച്ചുനിന്നു. പതിയെ കളിച്ച കാപ്പ് 21 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 18 റണ്‍സ് നേടിയപ്പോള്‍ അമീലിയെ കെര്‍ മടക്കടിക്കറ്റ് നല്‍കി. കാപ്പ് പുറത്താവുമ്പോള്‍ 10.3 ഓവറില്‍ നാല് വിക്കറ്റിന് 73 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ഡല്‍ഹി.

MI--DC FINAL

ഒരുവശത്ത് പ്രതീക്ഷ നല്‍കി ക്യാപ്റ്റന്‍ മെഗ് ലാനിങ് റണ്ണൗട്ടായത് ഡല്‍ഹിക്ക് കടുത്ത തിരിച്ചടിയായി. 29 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 35 റണ്‍സാണ് ലാനിങ് നേടിയത്. അമന്‍ജോത് കൗറും വിക്കറ്റ് കീപ്പര്‍ യാസ്തിക ബാട്ടിയയും ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ടാണ് ലാനിങ്ങിന്റെ പോരാട്ടത്തിന് തടയിട്ടത്. ഇതോടെ ഡല്‍ഹി വലിയ പ്രതിസന്ധിയിലായി. അഞ്ച് പന്ത് നേരിട്ട അരുദ്ധതി റെഡ്ഡിയെ അക്കൗണ്ട് തുറക്കും മുന്നെ കെര്‍ പുറത്താക്കി. ജെസ് ജൊനാസെനെ (11 പന്തില്‍ 2) ഹെയ്‌ലി മാത്യൂസ് റിട്ടേണ്‍ ക്യാച്ചിലൂടെയും മടക്കി.

വാലറ്റവും ഡല്‍ഹിയെ തുണച്ചില്ല. മലയാളി താരം മിന്നു മണി രണ്ട് റണ്‍സെടുത്ത് പുറത്തായി. ഒമ്പത് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത മിന്നുവിനെ ഹെയ്‌ലി മാത്യൂസിന്റെ പന്തില്‍ യാസ്തിക ബാട്ടിയ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തനിയ ബാട്ടിയയെ (2 പന്തില്‍ 0) മാത്യൂസ് ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ അവസാന ഓവറുകളില്‍ ശിഖാ പാണ്ഡെയും രാധാ യാദവും ചേര്‍ന്ന് ഡല്‍ഹിക്ക് നിര്‍ണ്ണായക റണ്‍സ് നേടിക്കൊടുത്തു.

ഇസി വോങ് എറിഞ്ഞ 19ാം ഓവറില്‍ 20 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. നാറ്റ് സ്‌കിവര്‍ ബ്രൂട്ടെറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സും ഇവര്‍ അടിച്ചെടുത്തു. അവസാന വിക്കറ്റില്‍ 52 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ശിഖ 17 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ രാധ 12 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 27 റണ്‍സുമായി പുറത്താവാതെ നിന്നു.

Story first published: Sunday, March 26, 2023, 21:12 [IST]
Other articles published on Mar 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+