ഓര്‍മയില്ലേ ആ സെപ്തംബര്‍ 19, യുവരാജിന്റെ 6 സിക്‌സുകള്‍ക്ക് ഇന്ന് 9വയസ്സ്, കാണാം ആ ഷോട്ടുകള്‍!
അന്നൊരു ബുധനാഴ്ചയായിരുന്നു. 2007 സെപ്തംബര്‍ 19. ഒരോവറിലെ എല്ലാ പന്തും സിക്‌സ് എന്ന അത്ഭുതം ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി നടന്നത് അന്നാണ്. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നു. ജയിച്ചാല്‍ സെമിയിലേക്ക്. തോറ്റാല്‍ പുറത്ത്. സച്ചിനും ദ്രാവിഡും ഗാംഗുലിയും ഇല്ലാത്ത ഇന്ത്യയ്ക്ക് വേണ്ടി ധോണിയുടെ പുതുമുഖങ്ങളാണ് കളിക്കുന്നത്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. സേവാഗും (68) ഗംഭീറും (58) കൂടി തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് കൊടുത്തത്.
എന്നാല്‍ യുവരാജ് ക്രീസിലെത്തിയതോടെ കളി അവിടെ നിന്നും മാറി. ചില്ലറ ഓവറുകള്‍ മാത്രമേ യുവി എത്തുമ്പോള്‍ ബാക്കിയുള്ളൂ. വന്നതും ഫ്‌ളിന്‍ഫോമായി ഒരു കശപിശ. അടുത്ത ഓവര്‍ എറിയാനെത്തിയത് വലങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഒ പി ഒളശ്ശയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു സിക്‌സ് രണ്ട് സിക്‌സ് മൂന്ന് സിക്‌സ്.. ചറപറാ സിക്‌സുകള്‍.. ബ്രോഡ് വശംകെട്ടുപോയി. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവില്‍ നിന്നും യുവി മഹാരാജാവായി വളര്‍ന്ന കളി ഷോട്ടുകള്‍ ഒന്നുകൂടി കാണാം...

സിക്‌സ് നമ്പര്‍ വണ്‍
പത്തൊമ്പതാം ഓവറില്‍ ഒന്നാം പന്ത്. മിഡ് വിക്കറ്റിന് മുകളിലൂടെയായിരുന്നു സിക്‌സ്. സ്റ്റേഡിയത്തിന് പുറത്തേക്ക് പോയോ എന്ന് പോലും തോന്നിച്ചു. അത്രയ്ക്കും ഒരു കൂറ്റന്‍ സിക്‌സ്. ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 177.

രണ്ടാം സിക്‌സ്
യുവരാജ് ചെറുതായൊന്ന് ഫ്‌ളിക് ചെയ്തതേ ഉള്ളൂ. ലെഗ് സൈഡില്‍ പന്ത് പറന്നു. അന്നേരം സ്‌ക്രീനില്‍ കാണിച്ചത് വേണ്ടായിരുന്നു എന്ന ഭാവത്തില്‍ നില്‍ക്കുന്ന ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ മുഖം. ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 183.

മൂന്നാം പന്ത് ഓഫ് സൈഡില്‍
ഓഫ് സ്റ്റംബിന് പുറത്ത് ഓവര്‍പിച്ച്. യുവരാജ് അനായാസം ലോംഗ് ഓഫിന് മുകളിലൂടെ പറത്തി. ഹാട്രിക് സിക്‌സ്. സ്റ്റേഡിയം ആര്‍പ്പുവിളികള്‍ തുടങ്ങി.

നാലാം പന്ത് ഫുള്‍ടോസ്
എറൗണ്ട് ദ വിക്കറ്റ് പരീക്ഷിച്ച സ്റ്റുവര്‍ട്ട് ബ്രോഡിന് പക്ഷേ നിയന്ത്രണം തെറ്റി. പന്ത് ഫുള്‍ടോസ്. കവറില്‍ ഫീല്‍ഡ് ചെയ്ത ഫ്‌ളിന്റോഫിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു നാലാം സിക്‌സ്.

അഞ്ചാം പന്ത് ആകാശത്തേക്ക്
ശരിക്കും ഒരു ആകാശവാണി. ലെഗ് സൈഡില്‍ ഉയര്‍ത്തിയടിച്ച പന്ത് നിലം തൊടുന്നത് വരെ സ്‌റ്റേഡിയം ശരിക്കും അലറുകയായിരുന്നു. ഒരോവറില്‍ ആറ് സിക്‌സടിച്ചിട്ടുള്ള രവി ശാസ്ത്രിയായിരുന്നു കമന്ററി ബോക്‌സില്‍.

സിക്‌സ് നമ്പര്‍ സിക്‌സ്
ആറാം പന്തും ലെഗ് സൈഡില്‍. ക്യാപ്റ്റന്‍ എം എസ് ധോണി നോക്കി നില്‍ക്കേ യുവരാജിന് ഒരോവറില്‍ ആറ് സിക്‌സ്. 12 പന്തില്‍ അര്‍ധസെഞ്ചുറി. ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ്. ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 207
വീഡിയോ കാണാം
യുവരാജ് ഒരോവറില്‍ ആറ് സിക്‌സടിക്കുന്ന വീഡിയോ കാണൂ..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications