ഏകദിന ലോകകപ്പിനു കൊടിയിറങ്ങിയതോടെ ഇനിയുള്ള നാലു വര്‍ഷങ്ങള്‍ അടുത്ത എഡിഷനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ സമയമാണ്. 2027ലെ ലോകകപ്പിനു മൂന്നു രാജ്യങ്ങളാണ് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. സൗത്താഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നീവിടങ്ങളിലായിട്ടാണ് 2027ലെ ലോകകപ്പ് നടക്കാനിരിക്കുന്നത്. ആഫ്രിക്കന്‍ കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ ടൂര്‍ണമെന്റുകളിലൊന്നായിരിക്കും ഇത്.
അടുത്ത ടൂര്‍ണമെന്റിനു ഇനി നാലു വര്‍ഷങ്ങളുണ്ടെങ്കിലും ഇന്ത്യ ഇപ്പോള്‍ തന്നെ അതിനായി തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അടുത്ത തവണയെങ്കിലും അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. സമാപിച്ച ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന പലരെയും 2027ലെ എഡിഷനില്‍ ഇന്ത്യക്കൊപ്പം കാണില്ല.

ഇപ്പോഴത്തെ ടീമിലെ വെറും നാലു പേര്‍ മാത്രമേ അടുത്ത തവണയും കളിക്കാനിടയുള്ളൂ. 2027ലെ ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ഇലവനില്‍ ആരൊക്കെയാവും ഉണ്ടാവുകയെന്നു നമുക്കു പരിശോധിക്കാം. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും 41 വയസ്സാവും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കാണാന്‍ സാധ്യത തീരെ കുറവാണ്.
രോഹിത്തിനു പകരം ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളായിരിക്കും ഓപ്പണിങിലേക്കു വരിക. നിലവിലെ ലോക ഒന്നാം നമ്പര്‍ കൂടിയായ ശുഭ്മന്‍ ഗില്ലായിരിക്കും ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളി. മൂന്നാം നമ്പറില്‍ അടുത്ത ലോകകപ്പില്‍ കൂടി ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ കാണാനായേക്കും.
നിലവില്‍ 36 വയസ്സായെങ്കിലും ഫിറ്റ്‌നസ് നിലവാരം പരിഗണിക്കുമ്പോള്‍ 2027ലെ ലോകകപ്പ് കൂടി കളിക്കാനുള്ള ബാല്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ആ ടൂര്‍ണമെന്റിനു ശേഷം കോലി ക്രിക്കറ്റിനോടു വിട പറയാനാണ് സാധ്യത. കോലിക്കു ശേഷം നാലാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും.
രോഹിത്തിന്റെ അഭാവത്തില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നതും ഹാര്‍ദിക്കാവും. സമാപിച്ച ലോകകപ്പില്‍ പരിക്കു കാരണം നാലു മല്‍സങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പരിക്കുകള്‍ നിരന്തരം വലയ്ക്കുന്ന ഹാര്‍ദിക് തന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തിയെങ്കില്‍ മാത്രമേ അടുത്ത ലോകകപ്പില്‍ കളിക്കാനാവൂ.
അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ തിലക് വര്‍മ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവരായിരിക്കും. ഇടംകൈന്‍ ബാറ്ററായ തിലക് ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള കളിക്കാരനാണ്. ബാറ്റിങിനൊപ്പം പാര്‍ട്ട്‌ടൈം ബൗളറായും അദ്ദേഹത്തെ ടീമിനു ഉപയോഗിക്കാം.

പരിക്കേറ്റ് വിശ്രമത്തിലായതു കാരണം ഇത്തവണത്തെ ലോകകപ്പ് നഷ്ടമായെങ്കിലും 2027ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭായിരിക്കും. ഇന്ത്യയുടെ മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല.
ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക അക്ഷറും യുവതാരം ഹംഗര്‍ഗേക്കറുമായിരിക്കും. പരിക്കു കാരണം സമാപിച്ച ലോകകപ്പ് അക്ഷറിനു നഷ്ടമായിരുന്നു. മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറായി ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന താരമാണ് ഹംഗര്‍ഗേക്കര്‍.
2027ലെ ലോകകപ്പിലെ സ്‌പെഷ്യലിസ്റ്റ് ബളര്‍മാര്‍ ജസ്പ്രീത് ബുംറ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും. ഇത്തവണത്തേതു പോലെ അടുത്ത എഡിഷനിലും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ബുംറയായിരിക്കും. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളായിരിക്കും ബിഷോനോയ്ക്കു ലഭിക്കുക. ബുംറയ്‌ക്കൊപ്പം പേസ് ബൗളിങിനു നേതൃത്വം നല്‍കുക ഇടംകൈയന്‍ കൂടിയായ അര്‍ഷ്ദീപായിരിക്കും.
2027ലെ ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.