ലോകകപ്പില്‍ ഹാട്രിക് വിജയത്തിനു കച്ചമുറുക്കി ടീം ഇന്ത്യ മൂന്നാംറൗണ്ട് പോരാട്ടത്തിന് തയ്യാറെടുക്കുന്നു. ശനിയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ പാകിസ്താനുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും കൊമ്പുകോര്‍ക്കുക. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ ത്രില്ലര്‍. ഇന്ത്യയെപ്പോലെ തന്നെ പാകിസ്താനും തുടര്‍ച്ചയായ മൂന്നാം ജയമാണ് ടൂര്‍ണമെന്റില്‍ ലക്ഷ്യമിടുന്നത്.
ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ കളിയില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തീര്‍ത്താണ് രോഹിത് ശര്‍മയും സംഘവും അക്കൗണ്ട് തുറന്നത്. ആറു വിക്കറ്റിന്റെ വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. രണ്ടാമത്തെ മല്‍രത്തില്‍ അഫ്ഗാനിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനെ എട്ടു വിക്കറ്റിനു ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു.

എന്നാല്‍ പാകിസ്താന്റെ ആദ്യ എതിരാളികള്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സായിരുന്നു. 81 റണ്‍സിനായിനായിരുന്നു ബാബര്‍ ആസവും സംഘവും ഡച്ചുകാരെ കെട്ടുകെട്ടിച്ചത്. രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയും പാക് പടയുടെ കരുത്തറിഞ്ഞു. 344 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ച പാകിസ്താന്‍ ലോകത്തെ ഞെട്ടിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്തമായ ടീം കോമ്പിനേഷനുകളായിരുന്നു പരീക്ഷിച്ചത്. ചെപ്പോക്കിലെ ആദ്യ കളില്‍ സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. എന്നാല്‍ അഫ്ഗാനെതിരേ പേസ് ബൗളിങിനു പ്രാധാന്യമുള്ളതായിരുന്നു ഇന്ത്യന്‍ ഇലവന്‍. പാകിസ്താനെതിരേ ഇന്ത്യ വീണ്ടും പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ്. യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവിനു വേണ്ടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.
ഡെങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്നു ആദ്യത്തെ രണ്ടു കളിയും ഗില്ലിനു നഷ്ടമായിരുന്നു. ചെന്നൈയില്‍ ചികില്‍സയില്‍ കഴിഞ്ഞ താരത്തെ പിന്നീട് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി ഏറെ മെപ്പപ്പെട്ട ഗില്‍ അഹമ്മബാദില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നു കഴിഞ്ഞു.
പക്ഷെ പാകിസ്താനുമായുള്ള മല്‍സരത്തില്‍ താരം കളിക്കുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തുകയുള്ളൂ. ഗില്‍ മടങ്ങിയെത്തിയാല്‍ ഇടംകൈയന്‍ യുവ താരം ഇഷാന്‍ കിഷനായിരിക്കും സ്ഥാനം നഷ്ടമാവുന്നത്. കന്നി ലോകകപ്പ് കളിക്കുന്ന ഇഷാന്‍ ഓസീസുമായുള്ള ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. എന്നാല്‍ അഫ്ഗാനെതിരേ 47 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

പക്ഷെ ഗില്‍ ഫിറ്റാണെങ്കില്‍ തീര്‍ച്ചയായും പ്രഥമ പരിണന അദ്ദേഹത്തിനായിരിക്കും. ഏകദിനത്തില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ താരം ഈ വര്‍ഷം ആയിരത്തിനു മുകളില്‍ റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ഇഷാനു പകരം ഗില്‍ (ഫിറ്റാണെങ്കില്‍ മാത്രം) വരുന്നതൊഴിച്ചാല്‍ ഇന്ത്യയുടെ ടോപ്പ് 7ല്‍ മറ്റു മാറ്റങ്ങളൊന്നുമുണ്ടാവില്ല.
എന്നാല്‍ ലോവര്‍ ഓര്‍ഡറില്‍ മാറ്റമുണ്ടാവും. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനാണ് സ്ഥാനം നഷ്ടമാവുക. പകരം ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ ഇലവനിലേക്കു വരും. ഓസീസുമായുള്ള ആദ്യ മല്‍സരത്തില്‍ അശ്വിന്‍ കളിച്ചിരുന്നു. രണ്ടാമത്തെ കളിയില്‍ അശ്വിനു പകരം ശര്‍ദ്ദുലിനെ ഇന്ത്യ ഇറക്കുകയായിരുന്നു. പക്ഷെ കാര്യമായ ഇംപാക്ടുണ്ടുക്കാനായില്ല. ഷമിക്കാവട്ടെ ഈ ലോകകപ്പില്‍ ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
അഹമ്മദാബാദിലെ പിച്ച് ബാറ്റിങിനും ബൗളിങിനും യോജിച്ചതാണ്. അതുകൊണ്ടു തന്നെ അശ്വിന്‍, ഷമി ഇവരില്‍ ആരെ കളിപ്പിക്കുമെന്നത് ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കും. ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അശ്വിനെ ഇന്ത്യ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.
സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ / ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍/ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.