ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഒടുവില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ടീമിനെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ പുറത്തുവന്നിരുന്നു. അതേ സ്‌കാഡിനെ തന്നെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ടീമിലെ രണ്ടു സര്‍പ്രൈസ് താരങ്ങള്‍. ബാക്കിയുള്ള 13 പേരുടെയും സ്ഥാനം ഉറപ്പായിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ വിലയിരുത്തുകയാണെങ്കില്‍ വലിയൊരു അബദ്ധം ടീം സെലക്ഷനില്‍ വരുത്തിയതായി കാണാന്‍ സാധിക്കും. മല്‍സരങ്ങള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളിലായിരുന്നിട്ടും മികച്ചൊരു വലംകൈയന്‍ ഓഫ് സ്പിന്നര്‍ പോലും ടീമില്‍ ഇടം പിടിച്ചിട്ടില്ല. ഇടംകൈയന്‍ കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്ന മറ്റു രണ്ടു പേര്‍.

ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവരാണ് വലംകൈയന്‍ ഓഫ് സ്പിന്നര്‍മാര്‍. ഇന്ത്യന്‍ സ്‌ക്വാഡില്‍ കുറവാണെങ്കിലും ബാക്കിയുള്ള ടീമുകളിലെല്ലാം ഒരുപാട് ഇടംകൈയന്‍മാരെ നമുക്കു കാണാന്‍ സാധിക്കും. അവരെ തളയ്ക്കാന്‍ എന്തു ട്രിക്കാണ് ഇന്ത്യയുടെ പക്കലുള്ളതെന്നു കാത്തിരുന്നു തന്നെ കാണണം.
തീര്‍ച്ചയായും ഒരു ഓഫ് സ്പിന്നറെ ലോകകപ്പ് ടീമിലേക്കു കൊണ്ടുവരാന്‍ സെലക്ഷന്‍ കമ്മിറ്റി ശ്രദ്ധിക്കേണ്ടതായിരുന്നു. സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു ഈ റോളിലേക്കു ഇന്ത്യക്കു ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍. അനുഭവസമ്പത്തും ഇന്ത്യന്‍ പിച്ചുകളിലെ മികച്ച റെക്കോര്‍ഡുമെല്ലാം അദ്ദേഹത്തിനു പ്ലസ് പോയിന്റുകളായിരുന്നു. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കു അശ്വിന്‍ എല്ലായ്‌പ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതായി നമുക്കു കാണാന്‍ സാധിക്കും.
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം അശ്വിനായിരുന്നു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നത്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങില്‍ കൂടി സംഭാവന നല്‍കാന്‍ സാധിക്കുമെന്ന കാരണത്താലാണ് മോശം ഇക്കോണമി റേറ്റുണ്ടായിട്ടും ശര്‍ദ്ദുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നു വ്യക്തമാണ്.
പക്ഷെ ശര്‍ദ്ദുല്‍ ബാറ്റിങില്‍ അത്രത്തോളം ആശ്രയിക്കാവുന്ന താരമല്ല. ബാറ്റിങില്‍ കുറേക്കൂടി വിശ്വസ്തനായിരുന്നു അശ്വിന്‍. കൂടാതെ വളരെ മികച്ച മികച്ച ഇക്കോണമി റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ ഇതൊന്നും കണക്കിലെടുക്കാതെയാണ് സെലക്ഷന്‍ കമ്മിറ്റി ശര്‍ദ്ദുലിനു പ്രഥമ പരിഗണന നല്‍കിയത്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെങ്കിലും അശ്വിന്‍ ഏകദിനത്തില്‍ ഒരു വര്‍ഷത്തിലേറെയായി ടീമിനു പുറത്താണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തില്‍ കളിച്ച ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.
ഇന്ത്യക്കു വേണ്ടി 113 ഏകദിനങ്ങളിലാണ് അശ്വിന്‍ ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 4.94 ഇക്കോണമി റേറ്റില്‍ 151 വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 25 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.
ഏകദിനത്തിലെ ബാറ്റിങെടുക്കുകയാണെങ്കില്‍ അശ്വിന്‍ ഇതുവരെ 63 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 707 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഒരു ഫിഫ്റ്റി ഉള്‍പ്പെടെയാണിത്. ഏകദിനത്തില്‍ അശ്വിന്റെ ഉയര്‍ന്ന സ്‌കോര്‍ 61 റണ്‍സാണ്.
അതേസമയം, ശര്‍ദ്ദുലാവട്ടെ ഏകദിനത്തില്‍ 39 മല്‍സരങ്ങളില്‍ നിന്നും 6.17 എന്ന ദയനീയ ശരാശരിയില്‍ വീഴ്ത്തിയത് 59 വിക്കറ്റുകളാണ്. ബാറ്റിങില്‍ ശര്‍ദ്ദുലിന്റെ സമ്പാദ്യം 318 റണ്‍സുമാണ്.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ടാക്കൂര്‍.