അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നിര്‍ണായക ബ്രേക്ക്ത്രൂ നേടാനിരുന്ന അവസരം തേര്‍ഡ് അംപയറുടെ തീരുമാനം കാരണം ഇന്ത്യക്കു നഷ്ടമായതില്‍ ആരാധകരോഷം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് നിര്‍ഭാഗ്യം കാരണം വിക്കറ്റ് ലഭിക്കാതെ പോയത്. 28ാം ഓവറിലായിരുന്നു ബുംറയെയും ഇന്ത്യന്‍ ആരാധകരെയും ഒരുപോലെ നിരാശരാക്കിയ സംഭവം. മാര്‍നസ് ലബ്യുഷെയ്‌നാണ് പുറത്താവലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടത്.
241 റണ്‍സ് ചേസ് ചെയ്യവെ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റിനു 148 റണ്‍സില്‍ നില്‍ക്കവെയാണ് ബുംറ തന്റെ ആറാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ട്രാവിസ് ഹെഡ് 71 റണ്‍സുമായും ലബ്യുഷെയ്ന്‍ 34 റണ്‍സുമായും ക്രീസിലുണ്ടായിരുന്നു. ബൗണ്ടറിയടിച്ചാണ് ബുംറയെ ഹെഡ് വരവേറ്റത്. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ ഹെഡ് വീണ്ടും ഫോര്‍ കണ്ടെത്തി. നാലാമത്തെ ബോളില്‍ ഹെഡ് സിംഗിളെടുത്തു. അഞ്ചാത്തെ ബോള്‍ നേരിട്ടത് ലബ്യുഷെയ്‌നായിരുന്നു.

കിടിലനൊരു യോര്‍ക്കര്‍ ബോളായിരുന്നു അത്. ലെഗ് സ്റ്റംപ് ഏരിയയിലായിരുന്നു ബോള്‍ പിച്ച് ചെയ്തത്. ബോള്‍ കണക്ട് ചെയ്യാന്‍ ലബ്യുഷെയ്‌നു സാധിക്കാതെ പോയതോടെ നേരെ പാഡുകളിലും പതിച്ചു. പിന്നാലെ ബുംറയുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. അതു ഔട്ട് തന്നെയാണെന്നു അദ്ദേഹത്തിനു ഉറപ്പായിരുന്നു.
പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പേടിസ്വപ്‌നമായിട്ടുള്ള ഇംഗ്ലണ്ടുകാരനായ അംപയര്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ അതു നോട്ടൗട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ ബുംറയുടെ അഭിപ്രായം പരിഗണിച്ച രോഹിത് റിവ്യു എടുക്കുകയായിരുന്നു.
ബോള്‍ ലൈനില്‍ തന്നെയാണ് പിച്ച് ചെയ്യുകയെന്നും ഇംപാക്ടും ലൈനില്‍ തന്നെയാണെന്നും റീപ്ലേയില്‍ വ്യക്തമായിരുന്നു. ബോള്‍ ലെഗ് സ്റ്റംപില്‍ പതിച്ചേക്കാമെന്നും കാണാമായിരുന്നിട്ടും തേര്‍ഡ് അംപയര്‍ ജോയല്‍ വില്‍സണ്‍ ഇന്ത്യയോടു ദയ കാണിച്ചില്ല.

ഫീല്‍ഡ് അംപയറായ കെറ്റ്ല്‍ബൊറോയുടെ കോള്‍ ശരിവയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതു കണ്ട ബുംറ ഞെട്ടലോടെ മുഖത്ത് കൈവച്ച് നിരാശ പ്രകടിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ടീമും തങ്ങളുടെ അവസാന പ്രതീക്ഷ അസ്തമിച്ചതിന്റെ ദുഖത്തിലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ ഈ തീരുമാനത്തിനെതിരേ വലിയ രോഷവും നിരാശയുമാണ് പ്രകടിപ്പിച്ചത്. കെറ്റ്ല്‍ബൊറോ വീണ്ടും ഇന്ത്യയെ പരാജയപ്പെടുത്തിയിരിക്കുകയാണ്. അതു വളരെ ക്ലോസായിരുന്നു. ഇന്ത്യക്കു അര്‍ഹിച്ച വിക്കറ്റാണ് നഷ്ടമായതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
അംപയറുടെ കോളെന്നത് ക്രിക്കറ്റിലെ ഏറ്റവും മോശം നിയമങ്ങളിലൊന്നാണ്. ഈ നിയമം ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല. നിയമം എടുത്തു കളയണമെന്നു ഐസിസിയോടു ആവശ്യപ്പെടണമെന്നും ആരാധകര്‍ പറയുന്നു.