ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കവെ തന്റെ ഡ്രീം ഇലവനിലെ ആദ്യത്തെ അഞ്ചു പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അടുത്ത മാസം അഞ്ചിനാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ പൂരത്തിനു ഇന്ത്യയില്‍ കൊടിയേറുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്തേക്കു വിരുന്നെത്തുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.
2011ല്‍ അവസാനമായി സംയുക്ത ആതിഥേയരായപ്പോള്‍ കപ്പുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു അന്നു ഇന്ത്യ വിശ്വവിജയികളായത്. ഐസിസി ഷോയില്‍ വന്നപ്പോഴായിരുന്നു ഒരു ഡ്രീം ഏകദിന ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ അഞ്ചു പേര്‍ ആരാവുമെന്നു വീരു വെളിപ്പെടുത്തിയത്.

അദ്ദേഹം തിരഞ്ഞെടുത്ത അഞ്ചു പേരില്‍ മൂന്നും ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും ഓരോ താരങ്ങള്‍ വീതവും വീരുവിന്റെ ടോപ്പ് ഫൈവില്‍ ഇടംപിടിച്ചു. നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ, ഇതിഹാസ ബാറ്റര്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് സെവാഗിന്റെ ടോപ്പ് ഫൈവില്‍ ഇടംപിടിച്ച മൂന്ന് ഇന്ത്യക്കാര്‍.
ഓസ്‌ട്രേലിയയില്‍ നിന്നും വെടിക്കെട്ട് ഇടംകൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ ണറിനാണ് നറുക്കുവീണത്. പക്ഷെ അഞ്ചാമത്തെയാളാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ന്യൂസിലാന്‍ഡിന്റെ യുവ വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്‌സാണ് അപ്രതീക്ഷിതമായി ഈ ലിസ്റ്റിലെത്തിയ താരം.
2011ല്‍ ഇന്ത്യ അവസാനമായി ലോക കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു സെവാഗ്. 1983നു ശേഷം ആദ്യമായി ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 47.50 ശരാശരിയില്‍ 122.58 സ്‌ട്രൈക്ക് റേറ്റോടെ 380 റണ്‍സായിരുന്നു സെവാഗിന്റെ സമ്പാദ്യം. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ക്കു ശേഷം ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത താരവും അദ്ദേഹമായിരുന്നു.
ടീം ഇന്ത്യയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് രോഹിത്തും കോലിയും. അതിശയിപ്പിക്കുന്ന അന്താരാഷ്ട്ര കരിയറാണ് ഇരുവര്‍ക്കുമുള്ളത്. രോഹിത് ഇന്ത്യക്കു വേണ്ടി 246 മല്‍സരങ്ങളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 48.88 ശരാശരിയില്‍ 9922 റണ്‍സ് നേടുകയും ചെയ്തു.
മൂന്നു ഡബിള്‍ സെഞ്ച്വറികളും 30 സെഞ്ച്വറികളും 49 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ മൂന്നു ഡബിളുകളടിച്ച ലോകത്തിലെ ഏക താരമാണ് ഹിറ്റ്മാന്‍. കൂടൊത ഏറ്റവുമുയര്‍ന്ന വ്യക്തിത സ്‌കോറെന്ന (264) ലോക റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന കോലി 277 ഏകദിനങ്ങളില്‍ നിന്നായി 57.09 ശരാശരിയില്‍ വാരിക്കൂട്ടിയത് 12,902 റണ്‍സാണ്. 46 സെഞ്ച്വറികളും 65 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 183 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. രോഹിത്തും കോലിയും അവരുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയാണ് ഇത്തവണ കളിക്കാനൊരുങ്ങുന്നത്.
ജസ്പ്രീത് ബുംറയുടെ കരിയറെടുക്കുകയാണെങ്കില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി 73 ഏകദിന മല്‍സരങ്ങളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 4.64 ഇക്കോണമി റേറ്റില്‍ 121 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രണ്ടു ഫൈഫറുകള്‍ ഉള്‍പ്പെടെയാണിത്.
അതേസമയം, ഓസ്‌ട്രേലിയക്കായി 143 ഏകദിന മല്‍സങ്ങളാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 44.34 ശരാശരിയില്‍ 6030 റണ്‍സും സ്‌കോര്‍ ചെയ്തു. 19 സെഞ്ച്വറികളും 27 ഫിഫ്റ്റികളും വാര്‍ണര്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ 26 കാരനായ ഗ്ലെന്‍ ഫിലിപ്‌സ് ന്യൂസിലാന്‍ഡിനായി വെറും 16 ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും അദ്ദേഹത്തിനു 31.91 ശരാശരിയില്‍ നേടാനായത് 351 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഏകദിനത്തില്‍ ഫിലിപ്‌സ് നേടിയിട്ടുള്ളൂ.